Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മിത്തിനെയും വാര്‍ണറെയും ‌ബാൻക്രോഫ്റ്റിനെയും നാട്ടിലേക്കു തിരിച്ചുവിളിച്ചു; ലീമാനെതിരെ നടപടിയില്ല

Darren Lehmann നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിനൊപ്പം സ്മിത്ത് ഇന്നലെ ജൊഹാനസ്ബർഗിലെത്തിയപ്പോൾ

സിഡ്നി ∙ പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിൽ വിവാദച്ചുഴലിയിൽപെട്ട മുൻ നായൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ നാട്ടിലേക്കു തിരിച്ചുവിളിച്ചു. ഇവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ: ജെയിംസ് സതർലൻഡ‍് ദക്ഷിണാഫ്രിക്കയിൽ അറിയിച്ചു. പരിശീലക സ്ഥാനത്ത് ഡാരെൻ ലീമാൻ തുടരും. വിക്കറ്റ് കീപ്പർ ടിം പെയ്നിനെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായും പ്രഖ്യാപിച്ചു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിൽ എത്തിയ ജെയിംസ് സതർലൻഡ് ടീം മാനേജ്മെന്റ്, എംസിസി അന്വേഷണ ഉദ്യോഗസ്ഥൻ ഇയാൻ‌ റോയി എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് ഇന്നലെ മാധ്യമങ്ങളെ കണ്ടത്. മികച്ചൊരു പരമ്പര ഓസ്ട്രേലിയൻ താരങ്ങൾ കളങ്കപ്പെടുത്തിയെന്നും അതിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ ആരാധകരോടു ക്ഷമ ചോദിക്കുന്നുവെന്നും സതർലൻഡ‍് പറഞ്ഞു.

ലീമാനെതിരെ നടപടിയില്ല

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും രാജിക്കു പിന്നാലെ പരിശീലകൻ ഡേവിഡ് ലീമാനെയും ഓസ്ട്രേലിയ പുറത്താക്കുമെന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ലീമാനെ നടപടിയിൽ നിന്നു ഒഴിവാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ കാലാവധി കഴിയുന്നതുവരെ ലീമാൻ തൽസ്ഥാനത്ത് തുടരുമെന്ന് വ്യക്തമാക്കി. 2013ൽ ഓസീസ് പരിശീലകനായി സ്ഥാനമേറ്റ ലീമാനു നിലവിൽ 2019 ആഷസ് പരമ്പര വരെ കാലാവധിയുണ്ട്. സംഭവത്തിൽ ലീമാനും കുറ്റക്കാരനെന്നാരോപിച്ച് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കടക്കം പ്രമുഖർ രംഗത്തെത്തിയിരുന്നു. താരങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഓസീസ് പ്രധാനമന്ത്രി വീണ്ടും ഉന്നയിച്ചു.

ലീമാൻ സംശയ നിഴലിൽ

പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ‌ ഓസീസ് ടീമിന്റെ പരിശീലക സംഘത്തിന് യാതൊരു പങ്കുമില്ലെന്നാണ് സ്റ്റീവ് സ്മിത്ത് മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്ന ടെലിവിഷൻ ദൃശ്യം കണ്ട് ലീമാൻ അസ്വസ്ഥനായതും പന്ത്രണ്ടാമനായ ഹാൻഡ്സ്കോംബിനെ വിവരമറിയിച്ചതും ‌ഇക്കാര്യത്തിൽ നേരത്തേ അറിവുള്ളതുകൊണ്ടാണെന്നാണ് റിപ്പോർട്ട്. സംഭവത്തിനുശേഷം ലീമാൻ ഇതുവരെ പ്രസ്താവനകളൊന്നും നടത്താത്തും അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു.

വിലക്ക് ഒരുവർഷത്തേക്ക്?

സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരുവർഷത്തെ വിലക്കേർപ്പെടുത്തുമെന്ന് സൂചന. നിലവിൽ ഇരുവർക്കും ഐസിസിയുടെ ഒരു മൽസരത്തിലെ വിലക്കാണുള്ളത്. ഒരുവർഷത്തെ വിലക്ക് വന്നാൽ അടുത്ത മാസം നടക്കുന്ന ഐപിഎൽ, ഈ വർഷം നടക്കുന്ന ഇന്ത്യൻ പരമ്പര എന്നിവയും ഇരുവർക്കും നഷ്ടമാകും.

ചീത്തവിളിക്കെതിരെ പ്രധാനമന്ത്രി

ക്രിക്കറ്റ് പിച്ചിൽ ഓസീസിന്റെ രഹസ്യായുധമായ ചീത്തവിളി ഇനി വേണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകോം ടേൺബുൾ. കളിയുടെയും രാജ്യത്തിന്റെയും അന്തസ്സിനു ചേർന്ന പ്രവൃത്തിയല്ലത്. മൽസരത്തിനിടെ ചീത്തവിളിക്കുന്ന ഓസീസ് താരങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പന്തിൽ കൃത്രിമം കാട്ടി രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു.

വാർണർ ഒറ്റപ്പെട്ടു

പന്തിൽ കൃത്രിമം കാട്ടൽ സംഭവത്തിനു പിന്നിലെ പ്രധാനിയെന്നാരോപിക്കപ്പെടുന്ന ഡേവിഡ് വാർണർക്കെതിരെ ഓസീസ് ടീം ക്യാപിലും പ്രതിഷേധം കനത്തിരുന്നു. കയ്യാങ്കളി ഒഴിവാക്കാൻ വാർണറെ ടീം ഹോട്ടലിൽ നിന്ന് പുറത്താക്കണമെന്ന് ഇന്നലെതന്നെ താരങ്ങളിൽ ചിലർ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. കൃത്രിമത്തെക്കുറിച്ച് അറിവില്ലാതിരുന്ന ജൂനിയർ താരങ്ങൾക്കാണ് വാര്‍ണറോട് അമർഷമുള്ളത്. ഓസീസ് ടീമംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് വാർണർ പുറത്താക്കിയെന്നും വാർത്തയുണ്ട്. ടീം ഹോട്ടലിൽ ഒറ്റയ്ക്കിരിക്കുന്ന വാർണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

കൃത്രിമം കണ്ടത് ഡിവില്ലിയേഴ്സ്

ക്രിക്കറ്റ് ലോകത്തെ നടുക്കിയ കൃത്രിമ വിവാദം ആദ്യം ശ്രദ്ധിച്ചതും ദൃശ്യം പകർത്താൻ ക്യാമറകൾക്ക് നിർദേശം നൽകിയും മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാനി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കൻ ടിവി ചാനലിന്റെ കമന്റേറ്ററായി സ്റ്റേഡിയത്തിലുണ്ടായിരുന്നു ഡിവില്ലിയേഴ്സ്. ‘വിക്കറ്റ് കീപ്പർ ടിം പെയ്ൻ ബാൻക്രോഫ്റ്റിനു പന്തു നൽകിയപ്പോൾ തന്നെ അസ്വാഭാവികത തോന്നി. കൈയ്ക്കുള്ളിൽ എന്തോ ഒളിപ്പിച്ച് പന്ത് തിരുമ്മുന്നതു ശ്രദ്ധയിൽ പെട്ടതോടെ ക്യാമറമാൻമാരോട് സംഭവം ഷൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. പന്തുമായി സഹതാരങ്ങളിൽ നിന്നും അകന്നു നടക്കുകയായിരുന്നു ബാൻക്രോഫ്റ്റ്. കൃത്രിമം കാട്ടുകയാണെന്നു മനസ്സിലായതോടെ ഒന്നിലധികം ക്യാമറകൾ ബാൻക്രോഫ്റ്റിനെ ലക്ഷ്യമാക്കി നിലയുറപ്പിച്ചു– ഡിവില്ലിയേഴ്സ് പറഞ്ഞു. 1994ൽ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗമായിരുന്നു ഇദ്ദേഹം.