പന്തിൽ കൃത്രിമം കാട്ടിയെന്ന ഏറ്റുപറച്ചിലുമായി ഓട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ സ്റ്റീവ് സ്മിത്തും കാമറൺ ബാൻക്രോഫ്റ്റും ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഞെട്ടലിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. തിരിമറി നടത്തിയ യുവതാരം ബാൻക്രോഫ്റ്റിനും കൂട്ടുനിന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ തുടങ്ങിയവർക്കും ക്രിക്കറ്റിൽനിന്നും ആജീവാനന്ത വിലക്കിനു വരെ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനിടെയിതാ ഇനിയും ഏറ്റുപറഞ്ഞിട്ടില്ലാത്ത ഒരു കൊടും ചതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു.
ഓസ്ട്രേലിയൻ ടീമിന്റെ കുതന്ത്രങ്ങൾ കേപ്ടൗണിൽ മാത്രം ഒതുങ്ങില്ലെന്നു വ്യക്തമാക്കുന്ന ഈ വിഡിയോ ഒരു ഓസ്ട്രേലിയൻ ന്യൂസ് ചാനൽ തന്നെയാണ് പുറത്തുവിട്ടത്. 2016ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെയും ഓസീസ് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിനിടെയാണ് സംഭവം. ഇവിടെയും വില്ലനായത് കാമറൺ ബാൻക്രോഫ്റ്റ് തന്നെയാണെന്നതാണ് രസകരം. പക്ഷെ കൃത്രിമം നടത്തിയത് ഗ്രൗണ്ടിൽ അല്ലെന്നു മാത്രം. ഫീൽഡിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് താരം പഞ്ചസാര പോക്കറ്റിൽ നിക്ഷേപിക്കുന്നത് വ്യക്തമാക്കുന്ന വിഡിയോയാണ് പുറത്തായത്. കളിക്കിടെ കൂടുതൽ സ്വിങ് ലഭിക്കാനായി പന്തിൽ പഞ്ചസാര പുരട്ടുന്നതും കണ്ടുപിടിച്ചിരുന്നു. എന്തായാലും പരമ്പര 4-0 ന് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയതു വിവാദമായതോടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും സ്ഥാനം രാജിവച്ചിരുന്നു. ശനിയാഴ്ച ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റാണു പോക്കറ്റിൽ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളിൽ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഓസ്ട്രേലിയ സർക്കാർ രാജി ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടക്കുന്നത്.
മൽസരശേഷം ബാൻക്രോഫ്റ്റുമൊന്നിച്ച് പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മൽസരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിച്ചു. സീനിയർ താരങ്ങളുടെ അറിവോടെയാണ് ഇതു നടത്തിയതെന്നുകൂടി വെളിപ്പെടുത്തിയതോടെ ഓസ്ട്രേലിയൻ ടീമിനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതിനിടെയാണ് മുൻപു നടത്തിയ കള്ളത്തരങ്ങളും വെളിച്ചത്തേക്കു വരുന്നത്.