മുംബൈ∙ ത്രിരാഷ്ട്ര വനിത ട്വന്റി20യിൽ ഇന്ത്യയ്ക്ക് ആശ്വാസ വിജയം. ഫലം അപ്രസക്തമായ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയം നേടി. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾ നേരത്തെ തന്നെ ഫൈനൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 107 റൺസിലൊതുക്കിയ ഇന്ത്യ 4.2 ഓവർ ബാക്കി നിർത്തി വിജയത്തിലെത്തി. സൂപ്പർ ഫോമിൽ തുടരുന്ന ഓപ്പണർ സ്മൃതി മന്ഥന വെറും 41 പന്തുകളിൽ 62 റൺസുമായി ഒരിക്കൽക്കൂടി തിളങ്ങി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ വീഴ്ത്തിയത് ഇന്ത്യൻ സ്പിന്നർമാർ. ഓഫ് സ്പിന്നർ അനുജ പാട്ടിൽ മൂന്നു വിക്കറ്റെടുത്തപ്പോൾ രാധ യാദവ്, ദീപ്തി ശർമ, പൂനം യാദവ് എന്നിവർ രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി.