കൊച്ചി ∙ കേരള ക്രിക്കറ്റിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു ട്വന്റി 20 കിരീടം നേടിയ അണ്ടർ 23 കേരള വനിത ക്രിക്കറ്റ് ടീമിനു ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടീമിനു കെസിഎ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ പാരിതോഷികം കെസിഎ വൈസ് പ്രസിഡന്റ് നാസർ മച്ചാൻ സമ്മാനിച്ചു.
കെസിഎ സെക്രട്ടറി ജയേഷ് ജോർജ്, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പ്രഫ. എഡ്വിൻ ജോസഫ്, കേരള ക്രിക്കറ്റ് ടീം ബോളിങ് കോച്ച് ടിനു യോഹന്നാൻ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ടീമിനെ ഭാരവാഹികൾ പുഷ്പഹാരം നൽകി സ്വീകരിച്ചു.