ബെംഗളൂരു∙ പ്രതീക്ഷകൾ തെറ്റി, നായകൻ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു വഴിയൊരുങ്ങിയത് കരുൺ നായർക്ക്. കേരളത്തിൽ വേരുകളുള്ള ശ്രേയസ് അയ്യർ ടീമിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു കർണാടകയിൽ നിന്നുള്ള മലയാളി താരം കരുൺ നായർ ടീമിൽ ഇടം പിടിച്ചത്. ബെംഗളൂരുവിൽ അഫ്ഗാനിസ്ഥാനെതിരെ ജൂൺ 14 മുതൽ 18 വരെയാണ് ടെസ്റ്റ്. അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. കോഹ്‌ലിയൊഴികെയുള്ള പ്രമുഖ ടെസ്റ്റ് സ്പെഷലിസ്റ്റുകളെല്ലാം ടീമിലുണ്ട്. വീരേന്ദർ സേവാഗിനു ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഇന്ത്യൻ താരമായ കരുൺ നായർ കഴിഞ്ഞ രഞ്ജി സീസണിൽ 612 റൺസ് നേടിയിരുന്നു.
ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി കോഹ്‌ലി സറേയ്ക്കു വേണ്ടി കൗണ്ടി കളിക്കുന്നതിനെത്തുടർന്നാണു ടീമിൽ നിന്നൊഴിവായത്. എന്നാൽ അയർലൻഡിനെതിരെ ഡബ്ലിനിൽ നടക്കുന്ന രണ്ടു ട്വന്റി20 മൽസരങ്ങളിൽ കോഹ്‌ലി ടീമിൽ തിരിച്ചെത്തും. ഇംഗ്ലണ്ടിനെതിരെ ട്വന്റി20, ഏകദിന പരമ്പരകളുമുണ്ട്. ഐപിഎല്ലിൽ തുടർച്ചയായി മികച്ച പ്രകടനം നടത്തുന്ന സിദ്ദാർഥ് കൗളും ട്വന്റി20 ടീമിൽ സ്ഥാനം പിടിച്ചു.
ടെസ്റ്റ് ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ശിഖർ ധവാൻ, മുരളി വിജയ്, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, കരുൺ നായർ, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ശാർദുൽ ഠാക്കൂർ.
അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, കെ.എൽ. രാഹുൽ, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സിദ്ദാർഥ് കൗൾ, ഉമേഷ് യാദവ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, അമ്പാട്ടി റായുഡു, എം.എസ്. ധോണി, ദിനേഷ് കാർത്തിക്, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സിദ്ദാർഥ് കൗൾ, ഉമേഷ് യാദവ്.