Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിൻ സ്വാർഥനും അഹങ്കാരിയുമെന്ന് സഹതാരങ്ങൾ; കേരള ക്രിക്കറ്റിൽ പൊട്ടിത്തെറി

Kerala-Ranji-Team-With-Whatmore

കൊച്ചി∙ പുതിയ ക്രിക്കറ്റ് സീസണു തുടക്കം കുറിച്ചതിനു പിന്നാലെ കേരള സീനിയർ ക്രിക്കറ്റ് ടീമിൽ ആഭ്യന്തര കലഹം. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് 13 കളിക്കാർ കേരള ക്രിക്കറ്റ് അസോസിയേഷനു കത്തു നൽകി. സച്ചിൻ സ്വാർഥനും അഹങ്കാരിയുമാണെന്നും ടീം അംഗങ്ങളോട് അധികാര സ്വരത്തിൽ മോശമായി പെരുമാറുന്നുവെന്നുമാണു കളിക്കാരുടെ ആരോപണം.

കെസിഎ സെക്രട്ടറിക്കയച്ച കത്തിൽ മുൻ ക്യാപ്റ്റൻമാരായ സഞ്ജു സാംസൺ, രോഹൻ പ്രേം, റെയ്ഫി വിൻസന്റ് ഗോമസ്, മറ്റു കളിക്കാരായ വി.എ.ജഗദീഷ്, അഭിഷേക് മോഹൻ, കെ.സി.അക്ഷയ്, കെ.എം.ആസിഫ്, ഫാബിദ് ഫാറൂഖ്, മുഹമ്മദ് അസ്ഹറുദീൻ, സന്ദീപ് വാര്യർ, എം.ഡി.നിധീഷ്, സൽമാൻ നിസാർ, സിജോമോൻ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. പി. രാഹുൽ, വിഷ്ണു വിനോദ് എന്നിവരുടെ പേരും കത്തിലുണ്ടെങ്കിലും ഇവർ ഒപ്പിട്ടിട്ടില്ല. കേരള ടീം ഇപ്പോൾ സച്ചിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ കെഎസ്‌സിഎ കപ്പ് ടൂർണമെന്റ് കളിച്ചുകൊണ്ടിരിക്കുകയാണ്.

Kerala-Ranji-Team-With-Whatmore കേരളാ താരങ്ങൾ പരിശീലകൻ ഡേവ് വാട്മോറിനൊപ്പം പകർത്തിയ സെൽഫി. സഞ്ജു സാംസൺ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം.

'ടീം വിജയിക്കുമ്പോൾ അത് തന്റെ നേട്ടമായി മാറ്റുന്ന സച്ചിൻ പരാജയപ്പെടുമ്പോൾ കുറ്റമെല്ലാം സഹ കളിക്കാരുടെ മേൽ ചാരുന്നു. എല്ലാ കളിക്കാരോടും മോശമായാണു സംസാരിക്കുന്നത്. കളിക്കാരെല്ലാം അസ്വസ്ഥരും മുറിവേറ്റവരുമാണ്. ഇതുമൂലം കളിയിൽ ശ്രദ്ധിക്കാനും കഴിയുന്നില്ല. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനിൽ നിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റംകൊണ്ടു മാത്രമാണ് ടീമിലെ മികച്ച ചില കളിക്കാർ ഇത്തവണ മറ്റു സംസ്ഥാനങ്ങൾക്കായി കളിക്കാൻ കേരളം വിട്ടത്. ടീമിന്റെ ഉത്തമ താൽപര്യത്തിനായി ഈ സീസണിൽ പ്രഫഷണലായി നയിക്കാൻ കഴിയുന്ന പുതിയ ക്യാപ്റ്റൻ വരണമെന്നാണു ടീം അംഗങ്ങളുടെയെല്ലാം താൽപര്യം ' - കത്തിൽ പറയുന്നു.

സീസണു മുന്നോടിയായി കഴിഞ്ഞ മാസം ശ്രീലങ്കയിൽ ടീം പരിശീലന പര്യടനം നടത്തുന്നതിനിടെയാണ് ടീമിൽ ആഭ്യന്തര കലഹം മൂർഛിക്കുന്നത്. പര്യടനത്തിനിടെ രാവിലെ വൈകി പരിശീലനത്തിനെത്തിയ പേസ് ബോളറോട് സച്ചിൻ കയർത്തു സംസാരിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളോടെയാണു സച്ചിനെതിരെ കൂട്ടമായി നിലപാട് സ്വീകരിക്കാൻ കളിക്കാർ തീരുമാനിച്ചതെന്നാണു വിവരം. മുതിർന്ന താരങ്ങൾ തന്നെയാണ് ഈ നീക്കത്തിനു ചുക്കാൻ പിടിച്ചത്.

മുൻ പ്രസിഡന്റ് ടി.സി. മാത്യുവിനെ കെസിഎയിൽ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുമായും ടീമിലെ ആഭ്യന്തര കലഹത്തിനു ബന്ധമുണ്ട്. മാത്യു കെസിഎ തലപ്പത്തുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ നാടായ ഇടുക്കിയിൽ നിന്നുള്ള സച്ചിൻ കേരള ടീം ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. മാത്യു കെസിഎയിൽ നിന്ന് പുറത്തായതോടെ സച്ചിനെയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ ഒരു ജില്ലാ അസോസിയേഷന്റെ പിന്തുണയുമുണ്ടെന്നാണു സൂചന.

കളിക്കാർക്കായി കത്ത് തയാറാക്കിയതും ഈ ഘടകമാണത്രേ. ശ്രീലങ്കൻ പര്യടനം നടത്തിയ 16 അംഗ ടീമിലെ സച്ചിൻ ഒഴികെയുള്ള 15 പേരുടെ പേരുകളാണ് കത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ രണ്ടു പേർ ഒപ്പിടാത്തതെന്തെന്നതു വ്യക്തമല്ല.

തീരുമാനം വാട്മോർ എത്തിയ ശേഷം

കൊച്ചി ∙ സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള സഹ കളിക്കാരുടെ കത്തിൽ ടീം മുഖ്യ പരിശീലകനായ ഡേവ് വാട്മോർ ഓസ്ട്രേലിയയിൽ നിന്ന് എത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് കെസിഎ നേതൃത്വം.

'വളരെ ഗൗരവത്തോടെയാണ് പ്രശ്നം പരിഗണിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ നല്ല കീഴ്‌വഴക്കമല്ല സൃഷ്ടിക്കുന്നതെന്നതിനാൽ ആഭ്യന്തര കലഹങ്ങൾ പ്രോൽസാഹിപ്പിക്കാനാവില്ല. രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ക്വാർട്ടറിൽ എത്തിയപ്പോഴും ദേശീയ ട്വന്റി 20 ടൂർണമെന്റിൽ സെമിയിലെത്തിയപ്പോഴും ടീമിനെ നയിച്ചതു സച്ചിനാണ്. കളിക്കാരുടെ പരാതിയിൽ സച്ചിനു പറയാനുള്ളതും കേട്ടിട്ടാവും തീരുമാനം. ടീമിന്റെ മികവും ഒരുമയുമാണ് പ്രധാനം '- കെസിഎ ഭാരവാഹികൾ വ്യക്തമാക്കി.