ബസറ്റെർ (സെന്റ്കിറ്റ്സ്) ∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡിനൊപ്പം സാക്ഷാൽ ക്രിസ് ഗെയ്‍ലും. ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ അഞ്ചു സിക്സുകൾ പറത്തിയാണ് ഗെയ്‍ൽ അഫ്രീദിയുടെ റെക്കോർഡിനൊപ്പം എത്തിയത്. ഇതോടെ ഇരുവർക്കും രാജ്യാന്തര ക്രിക്കറ്റിൽ 476 സിക്സുകൾ വീതമായി. ഒരു സിക്സ് കൂടി നേടിയാൽ ഗെയ്‍ലിന് ഈ റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാം. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽത്തന്നെ ഗെയ്‍ൽ റെക്കോർഡ് നേട്ടം കൈവരിക്കാനാണ് സാധ്യത.
അതേസമയം, അഫ്രീദിയേക്കാൾ ഒട്ടേറെ മൽസരം കുറച്ചുകളിച്ചാണ് ഗെയ്‌ൽ സിക്സുകളുടെ എണ്ണത്തിൽ റെക്കോർഡിന് ഒപ്പമെത്തിയതെന്നതും ശ്രദ്ധേയം. അഫ്രീദി 524 മൽസരങ്ങളിൽനിന്ന് 476 സിക്സ് കണ്ടെത്തിയപ്പോൾ ഗെയ്‍ലിന് അത്രയും സിക്സ് തികയ്ക്കാൻ വേണ്ടിവന്നത് 443 മൽസരങ്ങൾ മാത്രം! അഫ്രീദിയേക്കാൾ 81 മൽസരങ്ങൾ കുറവ്. അതേസമയം, അഫ്രീദിയേക്കാൾ അഞ്ച് ഇന്നിങ്സുകൾ കൂടുതൽ കളിച്ചെന്ന പ്രത്യേകതയുമുണ്ട്.
അഫ്രീദിയുടെ സിക്സുകളിൽ 351 എണ്ണം ഏകദിനത്തിലായിരുന്നു. ട്വന്റി20യിൽ 73, ടെസ്റ്റിൽ 52 എന്നിങ്ങനെയാണ് അഫ്രീദിയുടെ സിക്സ് നേട്ടം. അതേസമയം, ഗെയ്ൽ ഏകദിനത്തിൽ സിക്സ് നേടിയത് 275 തവണ. ട്വന്റി20യിൽ 103 തവണയും ടെസ്റ്റിൽ 98 തവണയും സിക്സ് കണ്ടെത്താനും ഗെയ്‍ലിനായി. ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ഇന്ത്യക്കാരൻ അഞ്ചാം സ്ഥാനത്തുള്ള സാക്ഷാൽ മഹേന്ദ്രസിങ് ധോണിയാണ്. 504 മൽസരങ്ങളിൽനിന്ന് 342 സിക്സ്!
വെസ്റ്റ് ഇൻഡീസ് തോറ്റെങ്കിലും ബംഗ്ലദേശിനെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ക്രിസ് ഗെയ്‍ൽ 66 പന്തിൽ 73 റൺസ് നേടിയിരുന്നു. ഗെയ്‍ൽ പുറത്താകുന്നതുവരെ വെസ്റ്റ് ഇൻഡീസ് വിജയപ്രതീക്ഷയിലുമായിരുന്നു. വാർണർ പാർക്കിൽ ഒടുവിൽ 18 റൺസിനാണു ബംഗ്ലദേശ് വിജയിച്ചത്. ഒൻപതു വർഷത്തിനുശേഷം ആദ്യമായാണു ബംഗ്ലദേശ് ഏഷ്യയ്ക്കു പുറത്ത് ഒരു പരമ്പര വിജയിക്കുന്നത്.
തമിം ഇക്ബാലിന്റെ പരമ്പരയിലെ രണ്ടാം സെഞ്ചുറിയും മഹ്മദുള്ളയുടെ വെടിക്കെട്ട് ബാറ്റിങ്ങും ചേർന്നപ്പോൾ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് ആറുവിക്കറ്റിനു 301 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 283 റൺസെടുക്കാനെ വിൻഡീസിനു കഴിഞ്ഞുള്ളൂ. റൊവമാൻ പവൽ 41 പന്തിൽനിന്ന് 74 റൺസുമായി ആളിക്കത്തിയെങ്കിലും കരീബിയൻ വിജയത്തിന് അതു പോരായിരുന്നു.