പല്ലെകെലെ ∙ ആവേശം നിറഞ്ഞ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ മൂന്നു റൺസിനു തകർത്ത ശ്രീലങ്കയ്ക്ക് പരമ്പര വിജയം. മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ ദാസുൻ ഷനാക അതിവേഗം നേടിയ 65 റൺസിന്റെ കരുത്തിൽ ശ്രീലങ്ക 39 ഓവറിൽ ഏഴു വിക്കറ്റിനു 306 റൺസെടുത്തു. 34 പന്തുകളിൽ നാലു ബൗണ്ടറിയും അഞ്ചു സിക്സറുമടക്കമാണു ഷനാക റൺസ് വാരിക്കൂട്ടിയത്.
തിസാര പെരേര 45 പന്തുകളിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സറുമായി 51 റൺസെടുത്തു. കുശാൽ പെരേര 32 പന്തുകളിൽ ആറു ബൗണ്ടറിയും രണ്ടു സിക്സറുമായി 51 റൺസ് നേടി. മഴയെത്തുടർന്നു ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 21 ഓവറിൽ 191 റൺസായി പുനർനിർണയിച്ചു. ഹഷിം അംല(40), ജീൻ പോൾ ഡുമിനി(38) എന്നിവർ തിളങ്ങിയെങ്കിലും നിർണായക സമയങ്ങളിലെ വിക്കറ്റുനഷ്ടം ടീമിനു തിരിച്ചടിയായി.
അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയത്തിലേക്കു വേണ്ടിയിരുന്നത് എട്ടു റൺസ്. എന്നാൽ സുരംഗ ലക്മലിന്റെ ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലർ പുറത്തായി. വാലറ്റക്കാരായ ജൂനിയർ ഡാലയ്ക്കും ലുൻഗി എങ്കിഡിയ്ക്കും ടീമിനെ ജയത്തിലെത്തിക്കാനായില്ല. അവരുടെ ഇന്നിങ്സ് ഒൻപതു വിക്കറ്റിന് 187 റൺസിൽ അവസാനിച്ചു.