Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലങ്കാദഹനം പൂർണം; സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനു പിന്നിൽ കോഹ്‍ലി

Virat Kohli 30–ാം ഏകദിന സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി.

കൊളംബോ ∙ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി മുന്നിൽനിന്നും പടനയിച്ച മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ശ്രീലങ്ക ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം 46.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ചാം ഏകദിനത്തിലും ആതിഥേയരെ തകർത്തെറിഞ്ഞ ഇന്ത്യ പരമ്പര തൂത്തുവാരി. 30–ാം ഏകദിന സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി (110) ബാറ്റിങ്ങിലും ശ്രീലങ്കയുടെ അഞ്ചു വിക്കറ്റുകൾ പിഴുത ഭുവനേശ്വർ കുമാർ ബോളിങ്ങിലും ഇന്ത്യയുടെ വിജയശിൽപികളായി.

ഭുവനേശ്വർ കുമാറാണ് കളിയിലെ കേമൻ. ജസ്പ്രീത് ബുംറ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്ക്കായി കേദാർ ജാദവും അർധസെഞ്ചുറി (73 പന്തിൽ 63) നേടി. നാലാം വിക്കറ്റിൽ കോഹ്‍ലി–ജാദവ് സഖ്യം 109 റൺസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മൽസരത്തിൽ പുറത്താകാതെ നിന്ന് റെക്കോർഡിട്ട ധോണി ഈ മൽസരത്തിലും ഒരു റണ്ണോടെ പുറത്താകാതെ നിന്നു.

ഏകദിന ക്രിക്കറ്റിൽ ആദ്യമായി 100 സ്റ്റംപിങ്ങുകൾ എന്ന നേട്ടം മഹേന്ദ്രസിങ് ധോണി കൈവരിക്കുന്നതിനും മൽസരം വേദിയായി. ശ്രീലങ്കയിൽ ചെന്ന് അവർക്കെതിരെ പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനു (49) തൊട്ടു പിന്നിലെത്താനും കോഹ്‍ലിക്കായി (30). ശ്രീലങ്ക ഉയർത്തിയ 239 റൺസിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പരമ്പരയിലാദ്യമായി അവസരം ലഭിച്ച അജിങ്ക്യ രഹാനെയാണ് ആദ്യം പുറത്തായത്. നിലയുറപ്പിക്കാൻ പാടുപെട്ട രഹാനെ, 17 പന്തിൽ അഞ്ചു റൺസുമായി പുറത്തായി.

സ്കോർ 29ൽ നിൽക്കെ രോഹിത് ശർമയും (20 പന്തിൽ 16) മടങ്ങിയെങ്കിലും മനീഷ് പാണ്ഡെ (53 പന്തിൽ 36), കേദാർ ജാദവ് (73 പന്തിൽ 63) എന്നിവരെ കൂട്ടുപിടിച്ച് വിരാട് കോഹ്‍ലി ടീമിനെ വിജയത്തിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ പാണ്ഡെയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും നാലാം വിക്കറ്റിൽ കേദാർ ജാദവിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ടു തീർക്കാനും കോഹ്‍ലിക്കായി. കൂട്ടുകെട്ടു സെഞ്ചുറിയിലെത്താൻ ഒരു റൺ മാത്രം വേണ്ടപ്പോഴാണ് പാണ്ഡെ പുറത്തായത്. 116 പന്തുകൾ നേരിട്ട കോഹ്‍ലി ഒൻപതു ബൗണ്ടറികൾ ഉൾപ്പെടെയാണ് 110 റൺെസടുത്തത്.

ബാറ്റിങ് തകർച്ച തുടർന്ന് ലങ്ക

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 238 റൺസിന് പുറത്തായി. 9.4 ഓവറിൽ 42 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ശ്രീലങ്കയെ തകർത്തത്. ലങ്കയ്ക്കായി തിരിമന്നെ (67), ഏഞ്ചലോ മാത്യൂസ് (55) എന്നിവർ അർധസെഞ്ചുറി േനടി. 100 സ്റ്റംപിങ്ങുകൾ തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ ധോണി മാറുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ ധനഞ്ജയയെ പുറത്താക്കിയാണ് ധോണി ഈ നേട്ടം കൈവരിച്ചത്.

പരമ്പരയിലെ ആദ്യ നാലു മൽസരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് ഈ മൽസരവും ജയിച്ചാൽ പരമ്പര തൂത്തുവാരാം. സ്വന്തം മണ്ണിൽ ശ്രീലങ്ക ഇതുവരെ ഏകദിന പരമ്പര സമ്പൂർണമായി അടിയറവു വച്ചിട്ടില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ വെറും 14 റൺസുള്ളപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ രണ്ടു റൺെസടുത്ത നിരോഷൻ ഡിക്ക‌വല്ലയെ ഭുവനേശ്വർ കുമാർ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി.

സ്കോർ ബോർഡിൽ 63 റൺസുള്ളപ്പോൾ മുനവീരയും (4) അതിവേഗം റൺസടിച്ചു കൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തിയ ഉപുൽ തരംഗയും (34 പന്തിൽ 48) പുറത്തായെങ്കിലു നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത തിരിമന്നെ–മാത്യൂസ് സഖ്യം ലങ്കയ്ക്കായി കോട്ട കെട്ടി. അർധസെഞ്ചുറി കണ്ടെത്തിയ ഇരുവരും ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. 102 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 67 റൺസെടുത്ത തിരിമാന്നെയാണ് ലങ്കയുടെ ടോപ് സ്കോറർ. 98 പന്തു നേരിട്ട മാത്യൂസ് നാലു ബൗണ്ടറിയുൾപ്പെടെ 55 റണ്‍സെടുത്തു. പരമ്പരയിൽ ശ്രീലങ്കൻ താരങ്ങളുടെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടു കൂടിയാണിത്. സിരിവർധനെ (18), ഹസരംഗ ഡിസിൽവ (9), ധനഞ്ജയ (4), പുഷ്പകുമാര (8), മലിംഗ (2) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങി. ഫെർണാണ്ടോ 11 പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ അഞ്ചും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റു വീഴ്ത്തി.

നാലു മാറ്റങ്ങളുമായി ഇന്ത്യ

നാലു മാറ്റങ്ങളുമായാണ് അ‍ഞ്ചാം ഏകദിനത്തിൽ ഇന്ത്യ ഇറങ്ങുന്നത്. അമ്മയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങിയ ഓപ്പണർ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ലോകേഷ് രാഹുൽ എന്നിവർക്കു പകരം അജിങ്ക്യ രഹാനെ, കേദാർ ജാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യൻ നിരയിൽ മടങ്ങിയെത്തി.