റിട്ടയേർഡ് ‘ഹർട്ട്’; കളിച്ചു മതിയാകാതെ പ്രവീൺ കുമാർ ഇതാ കളി മതിയാക്കുന്നു

രോഹിത് ശർമ പ്രവീൺ കുമാറിനൊപ്പം. രോഹിത് ട്വിറ്ററിൽ പങ്കുവച്ച ചിത്രം.

2011 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പകരക്കാരനായി എസ്. ശ്രീശാന്ത് ഇടം നേടുമ്പോൾ മലയാളികൾ ഹർഷാരവത്തിലായിരുന്നു. മലയാളി മറ്റൊരു ലോകകപ്പ് ഫൈനലിൽ... 2007 ലെ ട്വന്റി 20 ലോകകപ്പിനു പിന്നാലെ ശ്രീശാന്ത് ഉൾപ്പെട്ട ഇന്ത്യൻ ടീം വീണ്ടും ലോകകിരീടമുയർത്തിയപ്പോൾ ശ്രീയും ചരിത്രത്തിലേക്കു നടന്നു കയറി. സന്തോഷത്തിന്റെ ഈ കൊടുമുടിക്കൊരു മറുപുറം തേടിയാൽ നമ്മൾ പ്രവീൺ കുമാറിലെത്തും. പരുക്കേറ്റ് പുറത്തായ ആ നിർഭാഗ്യവാൻ. ചത്ത പിച്ചിലും പന്തിനെ ഇരുവശത്തേക്കും വിറപ്പിച്ചു വിട്ടിരുന്ന ആ മീഡിയം പേസർ 32 വയസ്സിൽ ഇതാ കളിനിർത്തി. 5 വർഷം നീണ്ട രാജ്യാന്തര കരിയറിൽ സ്വിങ് ബോളിങ്ങിന്റെ ഒത്തിരിവെട്ടം സമ്മാനിച്ച് ആ ബോളർ മിന്നിത്തീർന്നത് അത്രയധികം ശ്രദ്ധിക്കപ്പെട്ടുമില്ല.

അന്ന് ലോകകപ്പ് ടീമിൽനിന്നു പുറത്തു പോകേണ്ടി വന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നിരാശയെന്ന് പിന്നീട് പലവട്ടം പ്രവീൺ കുമാർ വിലപിച്ചിട്ടുണ്ട്. പരുക്കു മറച്ചുവച്ച് തനിക്ക് ടീമിനൊപ്പം തുടരാമായിരുന്നുവെന്ന കാര്യവും പ്രവീൺ മറക്കുന്നില്ല. ആറു ടെസ്റ്റിലും 68 ഏകദിനങ്ങളിലും 10 ട്വന്റി 20 മൽസരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച പ്രവീണിന് ടെസ്റ്റിൽ 27 വിക്കറ്റും ഏകദിനത്തിൽ 77 വിക്കറ്റുകളുണ്ട്. അസാധ്യമായ കോണുകളിൽ സ്പിന്നർ ടേൺ ചെയ്യിക്കുന്നതുപോലെ കൈക്കുഴയിൽ സ്വിങ് ഒളിപ്പിക്കുന്ന പ്രവീണിന് ഒരൽപംകൂടി വേഗമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നവർ ഏറെയാണ്.

നൂറ്റി ഇരുപതുകളിൽ എറിഞ്ഞാണ് താരം ബാറ്റ്സ്മാൻമാരെ വട്ടം കറക്കിയത്. 135– 140 കിലോമീറ്റർ വേഗം ഉണ്ടായിരുന്നെങ്കിൽ ലോകക്രിക്കറ്റിൽ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. ഇടയ്ക്കിടെ വന്ന പരുക്കുകളും പിന്നീട് ഫോം നഷ്ടപ്പെട്ടതും വന്നു പോകുന്ന ഇന്ത്യൻ പേസർമാരുടെ നിരയിലേക്ക് പ്രവീണിനെയും മാറ്റി നിർത്തി. തന്റേതായ കുറച്ച് മനോഹര നിമിഷങ്ങളെങ്കിലും ക്രിക്കറ്റിനു സമ്മാനിച്ചാണ് യുവ തലമുറയ്ക്കായി പ്രവീൺ കളി നിർത്തുന്നത്. ബോളിങ് കോച്ച് എന്ന സ്വപ്നത്തിലേക്കാണ് ഇനിയുള്ള പരിശ്രമം.

ഗുസ്തി കുടുംബത്തിൽ നിന്ന് വരവ്

മീററ്റിലെ ഗുസ്തിക്കാരുടെ കുടുംബത്തിൽനിന്നാണ് പന്തിനോടു ഗുസ്തി കാണിക്കുന്ന പ്രവീണിന്റെ വരവ്. വീട്ടുകാർക്ക് ഗുസ്തി പിടിപ്പിക്കാനായിരുന്നു ആശയെങ്കിലും പ്രവീൺ സ്വന്തം വഴി തിരഞ്ഞെടുത്തു. പാക്കിസ്ഥാനെതിരായ ഏകദിനത്തിലാണ് പ്രവീൺ ആദ്യമായി ഇന്ത്യൻ ജഴ്സിയണിയുന്നത്. ആദ്യ മൽസരങ്ങളിൽ വിജയമായില്ലെങ്കിലും ക്യാപ്റ്റൻ ധോണി പ്രവീണിനെ കൂടെ നിർത്തി.

ഓസ്ട്രേലിയയിൽ നടന്ന വിബി സീരീസാണ് കരിയറിലെ ഏറ്റവും തിളക്കമാർന്ന നേട്ടം. ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും ആവേശകരമായ വിജയങ്ങളിലൊന്നായിരുന്നു ആ കിരീടം. ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ രണ്ടു ഫൈനലിലും ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കിയാണ് ഇന്ത്യ ജയം പിടിച്ചത്. രണ്ടാം ഫൈനലിൽ പോണ്ടിങ്ങിനെയും ഗിൽക്രിസ്റ്റിനെയും ക്ലാർക്കിനെയുമെല്ലാം പറ‍ഞ്ഞയച്ച് പ്രവീൺ കുമാർ കപ്പ് ഇന്ത്യയുടെ കയ്യിലെത്തിച്ചു. ഇന്ത്യ 4–0ന് തോറ്റമ്പിയ ഇംഗ്ലിഷ് പര്യടനത്തിലും പ്രവീൺ കുമാറിന്റെ പ്രകടനം മെച്ചമായിരുന്നു.

സ്വഭാവവും തിരിഞ്ഞു കൊത്തി

പെട്ടന്നു വികാരം കൊണ്ട് വേഗത്തിൽ തന്നെ ആറിത്തണുക്കുന്ന പ്രകൃതക്കാരനായിരുന്നു പ്രവീൺ കുമാർ. വിദേശ പര്യടനങ്ങളിലൊന്നിൽ രോഹിത് ശർമയെ ശല്യം ചെയ്യാനെത്തിയ ആളെ സ്റ്റംപ് ഊരി നേരിട്ട ചരിത്രമുണ്ട് പ്രവീണിന്. പിന്നീട് നാട്ടിൽ വച്ച് ഒരു ഡോക്ടറുമായി കൊമ്പുകോർത്തതും പ്രവീണിനെ നോട്ടപ്പുള്ളിയാക്കി.  2013ൽ ബിസിസിഐ കോർപറേറ്റ് ട്രോഫി മൽസരത്തിൽ ബാറ്റ്സ്മാനുമായി അടിയുണ്ടാക്കിയതിനെത്തുടർന്ന് അംപയർ ഇയാൾ കളിക്കാൻ മെന്റലി അൺഫിറ്റാണ് എന്നു റിപ്പോർട്ട് നൽകിയത് കരിയറിൽ തിരിച്ചുവരവ് പ്രതിസന്ധിയിലാക്കി.

ഐപിഎല്ലിൽ ആദ്യം ആർസിബിക്കായും പിന്നീട് രോഹിത് ശർമയുടെ താൽപര്യത്തിൽ മുംബൈയ്ക്കായും പ്രവീൺ പന്തെറിഞ്ഞു. ഒരു ഹാട്രിക്കും സ്വന്തം പേരിലുണ്ട്.  യുപിക്കായി തുടർന്നും ആഭ്യന്തര മൽസരങ്ങൾ കളിച്ചിരുന്ന പ്രവീൺ, ഇനി യുവാക്കൾക്കു വഴി മുടക്കേണ്ടെന്നുറപ്പിച്ചാണ് കളമൊഴിയുന്നത്.