Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലോകകപ്പ് പരീക്ഷണങ്ങൾ’ പാളുമോയെന്ന ആശങ്കയിൽ ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ

dhoni-inspects-pitch മൽസരത്തിനു മുന്നോടിയായി പിച്ച് പരിശോധിക്കുന്ന മഹേന്ദ്രസിങ് ധോണി.

വിശാഖപട്ടണം∙ ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തിൽ വിൻഡീസ് ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം അസായാസം പിന്തുടർന്നതിന്റെ മധുര സ്മരണയിൽ ഇന്ത്യ ഇന്നു പരമ്പരയിലെ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നു. ശിഖർ ധവാനും രോഹിത് ശർമയും വിരാട് കോഹ്‌ലിയും അടങ്ങുന്ന ബാറ്റിങ് നിരയുടെ മാരക ഫോമിന്റെ കരുത്തിൽ ഇറങ്ങുന്ന ഇന്ത്യയ്ക്കെതിരെ എന്തു ടോട്ടൽ പടുത്തുയർത്തും എന്നതിന്റെ ആശയക്കുഴപ്പത്തിലാണു വിൻഡീസ്.

ഷിമ്രോൺ ഹെറ്റ്മിയറുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ വിൻഡീസ് ഉയർത്തിയ 322 റൺസ് 47 പന്ത് ബാക്കിനിൽക്കെയാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യ മറികടന്നക്. ഇന്ത്യൻ മുൻനിരയെ മേയാൻ വിട്ടാലുള്ള അപകടം മനസ്സിലാക്കിയ വിൻഡീസ് നായകൻ ജാസൻ ഹോൾഡർ ഇതിനോടകംതന്നെ മുൻകൂർ ജാമ്യം എടുത്തുകഴിഞ്ഞു. ബോളർമാരുടെ ഭാഗത്തുനിന്ന് പ്രതീക്ഷാവഹമായ പ്രകടനം ഉണ്ടായില്ലെങ്കിൽ പരമ്പരയിൽ വിൻഡീസിന്റെ സാധ്യതകൾ അസ്തമിക്കുമെന്നാണു ഹോൾഡറുടെ പ്രതികരണം.

പവർ‌പ്ലേ ഓവറുകളിൽത്തന്നെ വിക്കറ്റുകളെടുത്ത് ഇന്ത്യൻ ബാറ്റിങ് നിരയെ സമ്മർദത്തിലാക്കാനാണു വിൻഡീസ് നായകന്റെ ആഹ്വാനം. എന്നാൽ‌ താരതമ്യേന ദുർബലമായ വിൻഡീസ് ബോളിങ്നിര ഇന്ത്യൻ ബാറ്റ്സ്മാൻമാരെ സമ്മർ‌ദ്ദത്തിലാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. വിൻഡീസ് പേസർമാരെയും സ്പിന്നർ ദേവേന്ദ്ര ബിഷുവിനെയും രോഹിത്– കോഹ്‌ലി സഖ്യം അനായാസം നേരിടുന്ന കാഴ്ചയാണ് ആദ്യ ഏകദിനത്തിൽ കണ്ടത്. അതേസമയം, വിശാഖപട്ടണത്ത് ഇതുവരെ നടന്ന ഏഴ് ഏകദിനങ്ങളിലും ടോസ് നേടിയവരാണ് ജയിച്ചതെന്ന ചരിത്രവുമുണ്ട്.

∙ പാളുമോ പരീക്ഷണങ്ങൾ?‌

സ്വതേ ദുർബലെമെന്നു കരുത്തപ്പെടുന്ന മധ്യനിരയെ 2019 ലോകകപ്പിനു മുൻപു കരുത്തുറ്റതാക്കാമെന്നുള്ള ടീം മാനേജ്മെന്റിന്റെ പ്രതീക്ഷകൾ ഇനിയും യാഥാർഥ്യമായിട്ടില്ല. ഏഷ്യാ കപ്പിൽ ബംഗ്ലദേശിനെതിരെയുള്ള ഫൈനലിൽ മാത്രമാണ് ഇന്ത്യൻ മിഡിൽ ഓർഡർ അടുത്തകാലത്തു പരീക്ഷണം നേരിട്ടത്. വിൻഡീസ് പരമ്പരയിൽ ഇന്ത്യൻ മധ്യനിരയ്ക്കു കരുത്തുപകരാൻ ഋഷഭ് പന്തിനെ ടീമിൽ എത്തിച്ചെങ്ങിലും കോഹ്‌ലി– രോഹിത് സഖ്യം അരങ്ങുതകർത്ത ആദ്യ കളിയിൽ ഋഷഭ് പന്തിനു ബാറ്റിങ്ങിനിറങ്ങാൻ പോലുമായില്ല.

ആദ്യ ഏകദിനത്തിൽ ക്രമാതീതമായി റൺ വഴങ്ങിയ ഇന്ത്യൻ രണ്ടാം നിര ബോളർമാരും വിമർശനത്തിന്റെ നിഴലിലാണ്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ഏകദിന ടീമിലേക്കു മടങ്ങിയെത്തിയ പേസർ മുഹമ്മദ് ഷമി ആദ്യ ഏകദിനത്തിൽ 10 ഓവറിൽ വിട്ടുനൽകിയത് 81 റൺസാണ്. ഉമേഷ് യാദവും നിരാശപ്പെടുത്തി. രണ്ടാ ഏകദിനത്തിലും ബാറ്റിങ് മുൻനിര ഫോമിലായാൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാൻ‌ യാതൊന്നുമില്ല, എന്നാൽ ഇന്ത്യൻ മുൻനിരയെ വീഴ്ത്താനാൻ വിൻഡീസിനായാൽ പോരാട്ടം കടുക്കും എന്നും കരുതാം, പ്രത്യേകിച്ച് ഏകദിനത്തിലെ ഒന്നാം നമ്പർ ബോളർ ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ.

∙ റെക്കോർഡിൽ കണ്ണുവച്ച് കോഹ്‍ലി, രോഹിത്

വിൻഡീസിനെതിരെയുള്ള ഇന്നത്തെ മൽസരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയെ കാത്തിരിക്കുന്നതു റെക്കോർഡുകൾ. 81 റൺസ് കൂടി നേടിയാൽ ഏറ്റവും കുറവ് ഇന്നിങ്ങ്സുകളിൽനിന്നു 10,000 റൺസ് തികച്ച താരത്തിനുള്ള റെക്കോർഡ് കോഹ്‍ലി സ്വന്തമാക്കും. 259 ഏകദിനത്തിൽനിന്ന് 10,000 റൺസ് തികച്ച സച്ചിൻ തെൻഡുൽക്കറുടെ പേരിലാണു നിലവിലുള്ള റെക്കോർഡ്.

കോഹ്‍ലി ഇതുവരെ ഇന്ത്യക്കു വേണ്ടി 204 ഇന്നിങ്സുകളാണ് കളിച്ചിരിക്കുന്നത്. അതായത് സച്ചിനേക്കാൾ 55 ഇന്നിങ്സുകൾ കുറവ്. ഈ നേട്ടം സ്വന്തമാക്കിയാൽ ലോകത്ത് ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് പതിനായിരം റൺസ് സ്വന്തമാക്കിയ ആദ്യ ബാറ്റ്സ്മാൻ എന്ന ബഹുമതിയും കോഹ്‍ലി നേടും. ഇപ്പോൾ 212 ഏകദിനങ്ങളിൽ നിന്ന് 9919 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. ഇതിൽ 36 സെഞ്ചുറിയും 48 ഹാഫ് സെഞ്ചുറിയും. സൗരവ് ഗാംഗുലി 263 ഇന്നിങ്സിൽ നിന്നാണ് പതിനായിരം തികച്ചത്. ഓസ്ട്രേലിയയുടെ റിക്കിപോണ്ടിങ് 266 ഇന്നിങ്സിൽ നിന്നും.

രോഹിത് ശർമയ്ക്കും ഇന്ന് റെക്കോർഡ് ബുക്കിൽ ഇടം പിടിക്കാൻ അവസരമുണ്ട്. ഏകദിനത്തിൽ 200 സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാകാൻ രോഹിതിന് ആറു സിക്സ് കൂടി മതി. മാത്രമല്ല, ഒരു സിക്സ് കൂടി നേടിയാൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ 195 സിക്സ് നേട്ടത്തിനൊപ്പമെത്താം. രണ്ടു സിക്സ് നേടിയാൽ സച്ചിനെ മറികടന്ന് ഒറ്റയ്ക്ക് രണ്ടാമതെത്താം. 217 സിക്സുകൾ നേടിയ മഹേന്ദ്രസിങ് ധോണിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യക്കാരൻ. ഗുവാഹത്തിയിൽ ഒറ്റ ഇന്നിങ്സിൽ എട്ടു സിക്സ് നേടിയ ചരിത്രം വച്ചുനോക്കിയാൽ സച്ചിൻ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങാനാണ് സാധ്യത.

related stories