ഓർമയുണ്ടോ എന്നു ചോദിക്കുന്നില്ല. എങ്കിലും ഇന്നാണ് ആ മഹത്തായ ഇന്നിങ്സിന്റെ ഓർമ ദിനം എന്നു മാത്രം കുറിച്ചിടുന്നു. ഏകദിനത്തിൽ 250 കടക്കാൻ ടീമുകൾ പോലും ഇന്നും പെടാപ്പാടു പെടുമ്പോൾ, രോഹിത് ശർമയെന്ന ഒറ്റയാൾ പോരാളി 264 റൺസ് അടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. നാലു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ്, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആ മഹത്തായ ഇന്നിങ്സ് പിറവികൊണ്ടത്. 173 പന്തുകളിൽ ഒൻപതു സിക്‌സറും 33 ഫോറുകളുമായി 264 റൺസ്! രോഹിത് കത്തിക്കയറിയ മൽസരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത് 153 റൺസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 404 റൺസെടുത്തപ്പോൾ, ശ്രീലങ്ക 43.1 ഓവറിൽ 251നു പുറത്തായി.
ഈ ഇന്നിങ്സിനിടെ രോഹിത് മറികടന്ന നാഴികക്കല്ലുകളിൽ പലതും ഇന്നും തകർക്കാൻ ആർക്കുമായിട്ടില്ല. ഏകദിനത്തിലെ എറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോർ, 250 കടക്കുന്ന ആദ്യ ബാറ്റ്‌സ്‌മാൻ, രണ്ട് ഏകദിന ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്‌മാൻ (ഇതു പിന്നീട് രോഹിത് മൂന്നാക്കി ഉയർത്തി), ഒരിന്നിങ്‌സിൽ എറ്റവും കൂടുതൽ ബൗണ്ടറി 33... ഈ റെക്കോർഡുകളെല്ലാം ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു.
∙ എന്തൊരു വെടിക്കെട്ട്!
150–ാം വാർഷികം ആഘോഷിക്കുകയായിരുന്ന ഈഡൻ ഗാർഡൻസിൽ ബാറ്റുകൊണ്ടു വെടിക്കെട്ടു തീർത്ത രോഹിതിന്റെ മികവിൽ ഈഡനിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ ടീമിനു പൊരുതി നോക്കാവുന്ന റൺസ് രോഹിത് ഒറ്റയ്‌ക്കു കണ്ടെത്തിയ മൽസരത്തിൽ തുണയായതു ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി (66). സ്‌കോർ 59 റൺസെത്തുമ്പോഴേയ്‌ക്കു രണ്ടുപേരെ നഷ്‌ടമായ ഇന്ത്യയ്‌ക്കുവേണ്ടി രോഹിത് കോഹ്‌ലി സഖ്യം കൂട്ടിച്ചേർത്തത് 202 റൺസ്. ആദ്യ 100 റൺസ് പിന്നിടാൻ ഇന്ത്യയ്‌ക്കു 134 പന്തു വേണ്ടിവന്നപ്പോൾ രണ്ടാം നൂറ് കടന്നത് 65 പന്തിൽ. 200ൽനിന്നു 300ൽ എത്തിയത് 60 പന്തിൽ. അവസാന നൂറ് നേടിയതു 39 പന്തിൽ. നാലു റൺസെടുത്തു നിൽക്കെ ഒരു ക്യാച്ചിൽനിന്നു രക്ഷപ്പെട്ടതാണു രോഹിത്. ഇരട്ട സെഞ്ചുറിക്കുശേഷവും രണ്ടു തവണ രോഹിത് നൽകിയ അവസരം ഫീൽഡർമാർ കൈവിട്ടിരുന്നു. ആദ്യ രക്ഷപ്പെടലോടെ, ഓരോ റണ്ണിലും ആത്മവിശ്വാസത്തിന്റെ നേർരൂപമായി വളർന്ന ഈ മുംബൈ താരത്തിനു മുന്നിൽ ഐയ്‌ഞ്ചലോ മാത്യൂസും സംഘവും കാച്ചുകുട്ടികളെപ്പോലെ നിസ്സാരന്മാരായി.
വെടിക്കെട്ടു തുടക്കമായിരുന്നു ഇന്ത്യയുടേത്. രഹാനെയുടെ ബാറ്റിൽനിന്നു ബൗണ്ടറികൾ തുടരെ പാഞ്ഞു. ആറെണ്ണം നിറം ചാർത്തിയ പ്രകടനത്തോടെ 28 റൺസെടുത്തു രഹാനെ മടങ്ങി. പത്താഴ്‌ച പരുക്കിനെത്തുടർന്നു വിശ്രമത്തിലായിരുന്ന രോഹിത് ശ്രദ്ധയോടെയാണു തുടങ്ങിയത്. രോഹിതിനൊപ്പം കോഹ്‌ലി ചേർന്നതോടെ കളി മാറി. ലോകകപ്പിൽ ഇന്ത്യയുടെ എക്‌സ് ഫാക്‌ടർ എന്ന് കോഹ്‌ലി തലേന്നു രോഹിതിനെ വിശേഷിപ്പിച്ചിരുന്നു. രോഹിതിനു പരമാവധി ബാറ്റിങ് അവസരത്തിനായി സിംഗിളെടുത്തു കോഹ്‌ലി മാറിയതും വലിയ ഇന്നിങ്‌സിന് അടിത്തറയായി. മടിച്ചുമടിച്ചു തുടക്കമിട്ട രോഹിതിന്റെ ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്ക് കളിക്കാത്ത ഒരു ഷോട്ടും ബാക്കിയില്ലാത്ത സ്‌ഥിതിയായി. ആദ്യ ഓവറിൽത്തന്നെ വിക്കറ്റു നഷ്‌ടമായ ശ്രീലങ്കയ്‌ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഉമേഷ് യാദവിനായിരുന്നു ആദ്യ വിക്കറ്റ്. 68 പന്തുകളിൽ ഒൻപതു ബൗണ്ടറിയും ഒരു സിക്‌സറുമായി 75 റൺസെടുത്ത എയ്‌ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ്‌സ്‌കോറർ. ലഹിരി തിരുമന്നെയുമൊത്ത് (59) മാത്യൂസ് 118 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഒടുവിൽ തോൽവി 153 റൺസിന്.
∙ ഹിറ്റ്മാനായി വളർന്ന ‘പാവം രോഹിത്’
ഒരു ന്യൂജനറേഷൻ ക്രിക്കറ്റർക്കു ചേർന്നതല്ല രോഹിത് ശർമയുടെ ശരീരഭാഷ. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്നു കോഹ്‌ലിയും ധവാനും ജഡേജയും അടക്കമുള്ള സഹതാരങ്ങൾ തിരിച്ചു പറയുമ്പോൾ ഞാനാണേ എന്നായിരിക്കും ഈ മുംബൈ താരത്തിന്റെ മറുപടി. പക്ഷേ, ക്രിക്കറ്റ് ബാറ്റ് കയ്യിൽ കിട്ടിയാൽ രോഹിതിനു ധൈര്യമായി. പിന്നെ അൻപതും നൂറും ഇരുനൂറും കടന്നുള്ള കുതിപ്പാണ്. അതിനിടയിൽ മീശപിരിക്കലില്ല. ബാറ്റ് ചുഴറ്റിയുള്ള നൃത്തം വയ്‌ക്കലില്ല. കവറിലൂടെയും മിഡോഫിലൂടെയുമുള്ള മനോഹരമായ സ്‌ട്രോക്കുകൾ മാത്രം!
സ്‌ഥായീഭാവം സ്വാതികമായതിനാൽ ഇന്ത്യൻ ടീമിൽ തന്റെ തലമുറയിലുള്ള പലർക്കുമുള്ള ഒരു നേട്ടം രോഹിതിനു അന്യം നിന്നു. 2011 ലോകകപ്പ് കിരീടം നേടിയ ടീമിലൊരു സ്‌ഥാനം. ഇടിച്ചു നിൽക്കാൻ അറിയാത്തതിനാൽ പലപ്പോഴും രോഹിത് ടീമിനു പുറത്തായി. ഇടയ്‌ക്കെപ്പോഴെങ്കിലും ബാറ്റു കൊണ്ട് നൂഴ്‌ന്നു സ്‌ഥലമുണ്ടാക്കി കയറുന്ന പോലൊരു ഇടം പിടിക്കൽ. പക്ഷേ, അതു തന്നെ രോഹിതിനു ധാരാളമായിരുന്നു. ഇതിഹാസ താരങ്ങൾക്കു മാത്രം പ്രാപ്യമെന്നു കരുതിയിരുന്ന രണ്ട് ക്രിക്കറ്റ് റെക്കോർഡുകൾ രോഹിതിന്റെ പേരിലാണ്. ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികൾ. അതിലൊന്ന് ഈഡൻ ഗാർഡൻസിൽ നേടിയ ഒരു ടീം ടോട്ടലിനോളം മതിപ്പുള്ള 264! ഈ പ്രകടനത്തിനുശേഷം ഏറെ വളർന്നു രോഹിത്. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ചുറി, ഏഴു തവണ 150+ സ്കോർ, ട്വന്റി20യിൽ നാലു സെഞ്ചുറി തുടങ്ങി വലിയ ഇന്നിങ്സുകളുടെ ആശാനായി മാറി രോഹിത്.
പൊട്ടിത്തെറിച്ച് കത്തിച്ചാമ്പലാകുന്നതിനു പകരം നീറിപ്പടർന്ന് ജ്വലിക്കുന്നതാണ് രോഹിതിന്റെ സ്‌റ്റൈൽ. അന്ന് ഈഡനിൽ ചെയ്‌തതും അതു തന്നെ. നാട്ടിൻപുറത്തെ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചു പറയുന്ന പോലെ ഈ ശരീരത്തിൽ ഇത്ര കളിയുണ്ടോ എന്ന കാര്യം ഓരോ നിമിഷം കഴിയുന്തോറും തോന്നിപ്പോകും. പരുക്കു മൂലം രണ്ടര മാസത്തെ വനവാസം കഴിഞ്ഞ് തിരിച്ചെത്തിയാണ് രോഹിത് ആ അദ്ഭുതപ്രകടനം നടത്തിയത്. 173 പന്തിൽ ഒൻപതു സിക്‌സും 33 ഫോറും നിറം ചാർത്തിയ തിരിച്ചുവരവ്. രോഹിതിന്റെ സ്വന്തം ഇന്നിങ്‌സ് മാത്രം ചേസ് ചെയ്യാൻ ശ്രീലങ്കയ്‌ക്കു ജയിക്കാൻ കഴിയുമോ എന്നായിരുന്നു മൽസരശേഷം മുൻ ഇംഗ്ലണ്ട് ക്യാപ്‌റ്റൻ മൈക്കൽ വോണിന്റെ ട്വീറ്റ്.
രഞ്‌ജി ട്രോഫി ഫൈനലിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയടിക്കുന്ന അഞ്ചാമത്തെ താരം, അരങ്ങേറ്റത്തിലെ ആദ്യ രണ്ടു ടെസ്‌റ്റുകളിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം, ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാം താരം. റെക്കോർഡുകളുടെ പിൻബലമുണ്ടായിട്ടും രോഹിത് പലപ്പോഴും ഇന്ത്യൻ ടീമിൽ അതിഥി താരമായിരുന്നു. 2011 ലോകപ്പിനു ശേഷം ഉയർന്നുവന്ന ബാറ്റ്‌സ്‌മാർക്കിടയിൽ ഏറ്റവും കുറച്ച് ആഘോഷിക്കപ്പെട്ടതും രോഹിത് തന്നെ. എന്നാൽ, മറ്റൊരു ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കുമ്പോൾ ഇന്ത്യൻ ടീമിലെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ് രോഹിത്. കോഹ്‍ലിയോളം ടീമിന് അവിഭാജ്യമായ ഘടകം.
വിരോധാഭാസമെന്നു തോന്നിയേക്കാമെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറ്റവും സങ്കടപ്പെട്ട സമയമാണ് രോഹിതിന്റെ കരിയറിലെ നല്ല നേരം. ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്നുള്ള സച്ചിൻ തെൻഡുൽക്കറുടെ വിരമിക്കലായിരുന്നു അത്. സച്ചിന്റെ വിരമിക്കൽ പരമ്പരയിലാണ് രോഹിത് ടെസ്‌റ്റ് ടീമിലിടം പിടിക്കുന്നത്. ആക്രമണോൽസുകമായി മാത്രം കളിക്കുന്ന ബാറ്റ്‌സ്‌മാൻമാർക്കു പകരം ക്ലാസിക് ശൈലിയിൽ കളിക്കുന്ന ഒരു മധ്യനിര ബാറ്റ്‌സ്‌മാനെ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന സമയം. ഈഡൻ ഗാർഡൻസിലും വാങ്കഡെയിലുമായി നടന്ന ടെസ്‌റ്റുകളിൽ സെഞ്ചുറി നേടി രോഹിത് പ്രതീക്ഷ കാത്തു.
പരുക്കിനെ തുടർന്ന് വിട്ടുനിന്ന കാലത്ത് രോഹിത് പറഞ്ഞ ഒരു കാര്യമുണ്ട്: ഒരു ലോകകപ്പ് എനിക്കു നഷ്‌ടമായി. ഇനിയൊരെണ്ണം കൂടി നഷ്‌ടപ്പെടുത്താൻ വയ്യ. ബാറ്റ്‌സ്‌മാൻമാരുടെ ഘോഷയാത്രയുള്ള ഇന്ത്യൻ ടീമിലേക്ക് ലോകകപ്പിനു മുൻപ് കയറിക്കൂടാൻ രോഹിതിന് ഒരേയൊരു മാർഗമേയുണ്ടായിരുന്നുള്ളൂ. അവഗണിക്കാൻ പറ്റാത്ത വിധം ഒരു ഇന്നിങ്‌സ് കളിക്കുക. അതു സാധിച്ചു. ഇനി ലക്ഷ്യം ലോകകപ്പാണ്. തന്റെ തലമുറയിലെ ഭൂരിഭാഗം പേർക്കും അവകാശപ്പെടാവുന്ന ആ നേട്ടത്തിലേക്ക് രോഹിത് കാത്തുവച്ചിരിക്കുന്നത് എന്തായിരിക്കും?