Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിക്ഷ കുറയ്ക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ; ഇന്ത്യയ്ക്കെതിരെ സ്മിത്തും വാർണറുമില്ല

bancroft-warner-smith

സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ കാമറൺ ബാൻക്രോഫ്റ്റ് എന്നിവർക്കുമേൽ ചുമത്തിയ ശിക്ഷ ഇളവു ചെയ്യേണ്ടതില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. ഇവർക്കെതിരായ ശിക്ഷ കടുത്തുപോയതായി പൊതുവെ അഭിപ്രായമുയർന്ന സാഹചര്യത്തിൽ വിലക്കു വെട്ടിക്കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ശിക്ഷയിളവു ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയതോടെ സ്മിത്തിനും വാർണറിനും ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ കളിക്കാനാകില്ലെന്ന് ഉറപ്പായി.

പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്ക് ക്രിക്കറ്റിൽനിന്ന് 12 മാസത്തെ വിലക്കും കാമറൺ ബാൻക്രോഫ്റ്റിന് ഒൻപതു മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നത്. സ്മിത്തിന്റെയും വാർണറിന്റെയും ശിക്ഷാ കാലാവധി 2019 മാർച്ചിൽ മാത്രമേ അവസാനിക്കൂ. ബാൻക്രോഫ്റ്റിന്റെ വിലക്ക് അടുത്ത മാസം അവസാനിക്കും.

ഇവർക്കെതിരായ വിലക്കിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ പ്രകടനവും മോശമായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽ ഡാരൻ ലേമാൻ പരിശീലക സ്ഥാനമൊഴിഞ്ഞതോടെ പകരമെത്തിയ ജസ്റ്റിൻ ലാംഗറിനു കീഴിൽ 21 മൽസരങ്ങൾ കളിച്ചതിൽ അഞ്ചെണ്ണം മാത്രമേ ഓസീസ് ജയിച്ചിട്ടുള്ളൂ. ഇതിൽ മൂന്നെണ്ണം സിംബാബ്‍വെയ്ക്കും യുഎഇയ്ക്കുമെതിരെ ആയിരുന്നു. 

ടീമിന്റെ പ്രകടനം തീർത്തും ദയനീയമായി തുടരുകയും താരങ്ങളുടെ ശിക്ഷ ഇളവു ചെയ്യാൻ കളിക്കാരുടെ സംഘടന സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിലക്കു ലഘൂകരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയാറായേക്കുമെന്നായിരുന്നു അഭ്യൂഹം.

വിലക്കു കുറയ്ക്കുന്നതിനെക്കുറിച്ച് നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും ഇത് മൂന്നു താരങ്ങളിലും അനാവശ്യ സമ്മർദ്ദം നിറയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചൂണ്ടിക്കാട്ടി. ഏർപ്പെടുത്തിയ ശിക്ഷ മൂന്നു താരങ്ങളും സ്വീകരിച്ചിട്ടുള്ളതാണ്. അതിൽ എന്തെങ്കിലും ഇളവു ചെയ്യുന്ന കാര്യം പരിഗണനയില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. 

related stories