അഡ്‌ലെയ്ഡിൽ സെഞ്ചുറിയും ടെസ്റ്റിൽ 5000 റൺസും പിന്നിട്ട് പൂജാര; ഇന്ത്യ ആദ്യദിനം 250/9

ചേതേശ്വർ പൂജാര സെഞ്ചുറിയിലേക്ക്.

അഡ്‌ലെയ്ഡ്∙ ബാറ്റിങ് കരുത്തിൽ പരമ്പര നേട്ടം കിനാവുകണ്ടെത്തിയ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റിൽ ഓസീസ് ബോളർമാരുടെ ചൂടൻ വരവേൽപ്. ജോഷ് ഹെയ്സൽവുഡിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും ഉജ്വല ബോളിങിനു മുന്നിൽ മുൻനിര തവിടുപൊടിയായപ്പോൾ പൊരുതി നേടിയ സെഞ്ചുറിയോടെ ചേതേശ്വർ പൂജാര (123) ഇന്ത്യയുടെ മാനം കാത്തു. ഇന്ത്യയ്ക്കു വേണ്ടി രാഹുൽ ദ്രാവിഡ് നടത്തി ഒട്ടേറെ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്നിങ്സ്. മധ്യനിരയെയും വാലറ്റത്തെയും കൂട്ടുപിടിച്ചു പൂജാര ഒറ്റയ്ക്കു നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആദ്യ ദിനം 9 വിക്കറ്റിന് 250 എന്ന സ്കോറിൽ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു. രോഹിത് ശർമ 37 റൺസ് നേടി. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 3 റൺസെടുത്തു പുറത്തായി.

ദാ വന്നു, ദേ പോയി

വിദേശ പിച്ചുകളിൽ വിക്കറ്റു വലിച്ചെറിയുന്ന പതിവു ശൈലി ഇന്ത്യ അഡ്‌ലെയ്ഡിലും ഉപേക്ഷിച്ചില്ല. രണ്ടാം ഓവറിൽത്തന്നെ ഹെയ്സൽഡവുഡിന്റെ ഔട്ട് സ്വിങ്ങറിൽ ബാറ്റു വച്ച രാഹുൽ (2) സ്ലിപ്പിൽ ആരൻ ഫിഞ്ചിനു ക്യാച് നൽകി മടങ്ങി. പിന്നീട് മികച്ച രീതിയിൽ പന്തു സ്വിങ് ചെയ്യിച്ച് ഓസീസ് ബോളർമാർ കത്തിക്കയറിയതോടെ സ്കോറിങ് നിരക്ക് നന്നേ കുറഞ്ഞു. സ്റ്റാർക്കിന്റെ പന്തിൽ വിജയും (11) വീണതോടെ 15 റൺസിനിടെ ഇന്ത്യയ്ക്കു 2 ഓപ്പണർമാരെയും നഷ്ടം.  കമ്മിൻസിന്റെ ഔട്ട് സ്വിങ്ങറിൽ ബാറ്റുവച്ച കോഹ്‌ലിയെ (3) ഗള്ളിയിൽ തകർപ്പൻ ഇടംകൈയൻ ക്യാച്ചിലൂടെ ഉസ്മാൻ ഖവാജ മടക്കിയതോടെ ഇന്ത്യയുടെ ചങ്കിടിപ്പു കൂടി. പിന്നീടെത്തിയ രഹാനെയും (13) പെട്ടെന്നു പുറത്തായതോടെ ഇന്ത്യ 4 വിക്കറ്റിന് 41 എന്ന നിലയിൽ.

അഡ്‌ലെയ്ഡിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിവസം ബാറ്റു ചെയ്യുന്ന ഇന്ത്യൻ താരം ചേതേശ്വർ പൂജാര.

പൂജാര എന്ന രക്ഷകൻ

39 ഡിഗ്രി ചൂടിൽ  അഡ്‌ലെയ്‍ഡ് സ്റ്റേഡിയത്തിൽ‌ ചേതേശ്വർ പൂജാര ഉദിച്ചുയരുന്നതാണു പിന്നീടു കണ്ടത്.  ഹനുമാ വിഹാരിക്കു പകരം ടീമിലെത്തിയ രോഹിതിനെ (37) കൂട്ടുപിടിച്ച് പുജാര തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ പിന്നീടിറങ്ങിയ പന്തും (25), അശ്വിനും (25)  സംഭാവനകൾ നൽകി. ഏഴാം വിക്കറ്റിൽ അശ്വിനൊപ്പം പൂജാര ചേർത്ത 62 റൺസാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഹെയ്സൽവുഡിന്റെ അടുത്തടുത്ത പന്തുകളിൽ സിക്സും ഫോറുമടിച്ചാണ് പൂജാര 99 റൺസിലെത്തിയത്. തൊട്ടടുത്ത ഓവറിൽ‍ സ്റ്റാർക്കിനെതിരെ നേടിയ ഡബിളിലൂടെ ഓസ്ട്രേലിയയിലെ ആദ്യ സെഞ്ചുറി നേടിയ പൂജാര പിന്നീടു നിർഭാഗ്യംകൊണ്ട് റണ്ണൗട്ടാകുകയായിരുന്നു.

∙ പൂജാര സ്വന്തമാക്കിയത് 16–ാം ടെസ്റ്റ് സെഞ്ചുറി. ഇതിൽ പത്തെണ്ണം നേടിയത് ഇന്ത്യയിൽ. 246 പന്തിൽ 123 (7 ബൗണ്ടറി, 2 സിക്സ്)

∙ 5000 റൺസ് നേടുന്ന 12–ാം ഇന്ത്യൻ താരമെന്ന റെക്കോർഡും ഇനി പൂജാരയ്ക്കു സ്വന്തം. വേണ്ടിവന്നത് 108 ഇന്നിങ്സുകൾ. റൺവേട്ടയിൽ രാഹുൽ ദ്രാവിഡുമായി ഒരു അപൂർവ സമാനതകൂടിയുണ്ട് പൂജാരയ്ക്ക്. രണ്ടു താരങ്ങളും 5000 റൺസ് നേട്ടത്തിലെത്തിയത് 108 ഇന്നിങ്സിൽ, 4000 റൺസ് നേടിയത് 84 ഇന്നിങ്സിലും 3000 റൺസ് തികച്ചത് 67 ഇന്നിങ്സിലും. ഇരുവരുടെയും ബാറ്റിങ് പൊസിഷൻ‌ മൂന്നാം സ്ഥാനത്താണെന്നതു മറ്റൊരു യാദൃച്ഛികത!

∙ ഓസ്ട്രേലിയൻ മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിവസം തന്നെ സെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം പൂജാരയ്ക്ക്

∙ ഏഷ്യയ്ക്കു പുറത്തു നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറിനേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരം. വിജയ് മഞ്ജരേക്കർ, സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, വിരാട് കോഹ്‌ലി എന്നിവരാണു മറ്റുള്ളവർ.

∙ ഓസീസ് മണ്ണിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ഇന്നിങ്സിൽതന്നെ ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് പൂജാര. 1985–86ൽ സുനിൽ ഗാവസ്കറും (166 റൺസ്) 2003–04ൽ സൗരവ് ഗാംഗുലിയും (144)  2014–15ൽ വിരാട് കോഹ്‍ലിയും (പുറത്താവാതെ 115) സെഞ്ചുറി തികച്ചിരുന്നു. 

സ്കോർബോർഡ്

ഇന്ത്യ: 

രാഹുൽ സി ഫിഞ്ച് ബി ഹെയ്സൽവുഡ്– 2, വിജയ് സി പെയ്ൻ ബി സ്റ്റാർക്– 11, പൂജാര റണ്ണൗട്ട്– 123, കോഹ്‌ലി സി ഖവാജ ബി കമ്മിൻസ്– 3, രഹാനെ സി ഹാൻഡ്സ്കോംബ് ബി ഹേസൽവുഡ്– 13, രോഹിത് സി ഹാരിസ് ബി ലയൺ– 37, പന്ത് സി പെയ്ൻ ബി ലയൺ– 25, അശ്വിൻ സി ഹാൻഡ്സ്കോംബ് ബി കമ്മിൻസ്– 25, ഇഷാന്ത് ബി സ്റ്റാർക്– 4, ഷമി നോട്ടൗട്ട്– 6

ബുമ്ര നോട്ടൗട്ട്– 0. എക്സ്ട്രാസ്–1. ആകെ 87.5 ഓവറിൽ 9 വിക്കറ്റിന് 250.

വിക്കറ്റുവീഴ്ച: 3-1, 15-2, 19-3, 41-4, 86-5, 127-6, 189-7, 210-8, 250-9.

ബോളിങ്: സ്റ്റാർക് 19-4-63-2, ഹെയ്സൽവുഡ് 19.5-3-52-2, കമ്മിൻസ് 19-3-49-2, ലയൺ 28-2-83-2, ഹെഡ് 2-1-2-0.