ചെന്നൈ∙ ഇടം കൈ പേസും സ്പിന്നും കൊണ്ടു തമിഴ്നാട്, കേരള ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കി. രഞ്ജി ട്രോഫി ക്രിക്കറ്റ് എലീറ്റ് ഗ്രൂപ്പ് ബി മൽസരത്തിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ തമിഴ്നാടിനു 117 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഇടംകൈ പേസർ ടി. നടരാജനും സ്പിന്നർ രാഹിൽ ഷായുമാണു കേരള ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. സിജിമോൻ ജോസഫും (28) സന്ദീപ് വാരിയരുമാണ്(0) ക്രീസിൽ. പി. രാഹുൽ(59) മാത്രമാണു കേരള നിരയിൽ പിടിച്ചു നിന്നത്.
6ന് 249 റൺസിൽ ബാറ്റിങ് തുടർന്ന തമിഴ്നാട് 19 റൺസ് കൂട്ടിച്ചേർത്ത് 268 റൺസിന് ഓൾഔട്ടായി. സന്ദീപും ബേസിലും 2 വിക്കറ്റു വീതം വീഴ്ത്തി. ഇതോടെ, ആദ്യ ഇന്നിങ്സിൽ സന്ദീപിന് അഞ്ചും ബേസിലിനു നാലും വിക്കറ്റായി. 92 റൺസോടെ പുറത്താകാതെ നിന്ന ഷാരൂഖ് ഖാൻ അരങ്ങേറ്റം അവിസ്മരണീയമാക്കി.