Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൺസിന്റെ കൗമാര കേരളം

vatsal-govind-and-varun-nayanar വത്സൽ ഗോവിന്ദ്, വരുൺ നായനാർ

6 ഇന്നിങ്സുകളിൽ ഒരു ട്രിപ്പിൾ സെഞ്ചുറിയും ഒരു സെഞ്ചുറിയും 4 അർധ സെ‍ഞ്ചുറിയുമായി 703 റൺസ്; ശരാശരി 117! അണ്ടർ 19 കുച്ച് ബിഹാർ ട്രോഫിയിൽ ബാറ്റ് കൊണ്ടും നായക സ്ഥാനത്തും കേരളത്തെ വിജയ വഴിയിലൂടെ  നയിക്കുന്ന വത്സൽ ഗോവിന്ദ് എന്ന കൗമാരക്കാരൻ  സീസണിടെ തന്നെ രഞ്ജി ട്രോഫി ടീമിലേക്ക് സ്ഥാനകയറ്റം നേടിയെത്തുന്നത്  പുതു താരോദയമായാണ്. അടിച്ചു കളി പ്രിയരായ പുതു തലമുറ ബാറ്റ്സ്മാൻമാർക്കിടയിൽ  ക്ഷമയും സാങ്കേതിക മികവും കൊണ്ട് നീണ്ട ഇന്നിങ്സുകൾ ശീലമാക്കിയ വത്സൽ അർഹിക്കുന്ന നേട്ടം. രണ്ടു തുടർ പരാജയങ്ങളുമായി പ്രതിസന്ധിയിലായ കേരള രഞ്ജി ടീമിന് വത്സൽ അനിവാര്യമായിരിക്കുന്നു.

കഴിഞ്ഞ വർഷവും കുച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിനായി കളിച്ച വത്സൽ  6 മൽസരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 3 അർദ്ധ സെഞ്ചുറിയുമായി 456 റൺസ് നേടിയിരുന്നു. വിനു മങ്കാദ് ഏകദിന ടൂർണമെന്റിലും  ഏഴ് മൽസരങ്ങളിൽ 270 റൺസടിച്ചു. കഴിഞ്ഞ വർഷത്തെ സംസ്ഥാന ഇന്റർസോൺ മൽസരത്തിലും സെൻട്രൽ സോണിനു വേണ്ടി നോർത്ത് സോണിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയിരുന്നു. ലെഗ് സ്പിന്നറുമാണ്.

വത്സൽ ഗോവിന്ദ് ടീമിൽ; രഞ്ജി പോരാട്ടം നാളെ

Vatsal-Govind

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ ഡൽഹി – കേരളം മൽസരം നാളെ  സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആരംഭിക്കും. അഞ്ച് മൽസരങ്ങളിൽ രണ്ട് ജയവും രണ്ട് തോൽവിയുമടക്കം 13 പോയിന്റുമായി കേരളം നാലാം സ്ഥാനത്താണ്. തുടർച്ചയായ രണ്ടു പരാജയങ്ങളുടെ ക്ഷീണം മറക്കാനിറങ്ങുന്ന കേരള ടീമിൽ യുവ ഓൾ റൗണ്ടർ വത്സൽ ഗോവിന്ദിനെ ഉൾപ്പെടുത്തി. ടീം– സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്സേന, അരുൺ കാർത്തിക്, മുഹമ്മദ് അസറുദ്ദീൻ, സഞ്ജു സാംസൺ, വത്സൽ ഗോവിന്ദ്, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, സിജോമോൻ ജോസഫ്, സന്ദീപ്.എസ്.വാര്യർ, എം.‍ഡി.നിധീഷ്, ബേസിൽ തമ്പി, പി.രാഹുൽ, വിനൂപ്.എസ്.മനോഹരൻ.

വരുൺ നായനാർക്ക് ഡബിൾ സെഞ്ചുറി

varun-nayanar

ആലപ്പുഴ ∙ കുച്ച് ബിഹാർ ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ കേരളത്തിനായി പതിനഞ്ചുകാരന്റെ മിന്നും ഡബിൾ സെഞ്ചുറി. കണ്ണൂർ സ്വദേശി വരുൺ നായനാരാണു സൗരാഷ്ട്രയ്ക്ക് എതിരെ കേരളത്തിനായി 370 പന്തിൽ 209 റൺസ് നേടിയത്. ചതുർദിന മത്സരത്തിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം നാലു വിക്കറ്റിനു 352 റൺസ് എടുത്തിട്ടുണ്ട്. ഇതോടെ കേരളത്തിന് ആദ്യ ഇന്നിങ്സിൽ 66 റൺസിന്റെ ലീഡായി. സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 286 റൺസിന് ഓൾ ഓട്ടായിരുന്നു. ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് 68 റൺ‍സുമായി വരുണിനു മികച്ച പിന്തുണ നൽകി. മൂന്നാം ദിവസം അവസാനിക്കുമ്പോൾ 11 റൺസുമായി അശ്വിൻ ആനന്ദും 7 റൺസുമായി അക്ഷയ് മനോഹറുമാണു ക്രീസിൽ.

വരുന്നൂ, നായനാർ

16-ാം വയസിൽ അണ്ടർ 19 ടീമിലെത്തി അരങ്ങേറ്റ മൽസരത്തിൽ തന്നെ ഇരട്ട സെഞ്ചുറി; പ്രായത്തെ വെല്ലുന്ന പ്രതിഭയുടെ കൊടിയേറ്റമായിരുന്നു കുച്ച് ബിഹാർ ട്രോഫിയിൽ ഇന്നലെ സൗരാഷ്ട്രക്കെതിരെ  കേരളത്തിനായി 209 റൺസടിച്ച വരുൺ നായനാരുടെ പ്രകടനം. 370 പന്തുകൾ നീണ്ട ആ ഇന്നിങ്സിന് അകമ്പടിയായി 25 ബൗണ്ടറികളും പിറന്നു. ഈ സീസണിൽ തന്നെ കേരളത്തിന്റെ അണ്ടർ 16 ടീമിനു വേണ്ടിയും കളിച്ചു. വിജയ് മെർച്ചന്റ് ട്രോഫിയിൽ ആറ് മൽസരങ്ങളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റൺസ്. പ്രായത്തെ മറികടന്ന് അണ്ടർ 19 ടീമിലേക്ക് വാതിൽ തുറന്നതും ഈ പ്രകടനമാണ്. 14 വയസു മുതൽ കേരള ടീമിനു വേണ്ടി കളിച്ചു തുടങ്ങിയതാണ് വരുൺ.

ദുബായിൽ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും  മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്. അവിടെ പ്ലസ് വൺ വിദ്യാർഥിയാണെങ്കിലും ക്രിക്കറ്റ് സീസൺ ആരംഭിക്കുന്നതോടെ  കേരളത്തിലേക്കു  ചേക്കേറും.