തിരുവനന്തപുരം∙ തുടർച്ചയായ രണ്ടു തോൽവികളിൽ തളരാതെ ഡൽഹിക്കെതിരെ ഇന്നിങ്സ് വിജയം നേടിയ കേരള ടീം രഞ്ജി ട്രോഫി ക്രിക്കറ്റിൽ നോക്കൗണ്ട് റൗണ്ട് സാധ്യതകൾ സജീവമാക്കി. ഡൽഹിയെ ഇന്നിങ്സിനും 27 റൺസിനും തോൽപ്പിച്ച കേരളത്തിന് 7 പോയിന്റ് ലഭിച്ചു. 6 കളികളിൽ നിന്ന് 20 പോയിന്റുമായി എലീറ്റ് എ, ബി ഗ്രൂപ്പിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
സ്കോർ: കേരളം 320. ഡൽഹി 139, 154.
മൽസരത്തിന്റെ മൂന്നാംദിവസം 5 വിക്കറ്റ് നഷ്ടത്തിൽ 41 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഡൽഹിയെ സ്പിന്നർമാരായ ജലജ് സക്സേനയും സിജോമോൻ ജോസഫും ചേർന്നു തകർത്തു. ജലജ് മൂന്നും സിജോമോൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇന്നിങ്സ് വിജയത്തിലൂടെ അധികം നേടാൻ കഴിയുന്ന ഒരു പോയിന്റ് ലക്ഷ്യമിട്ടു തന്നെയായിരുന്നു കേരളത്തിന്റെ ആക്രമണം. 28 ഓവറിൽ അവസാന 5 വിക്കറ്റുകളും കേരളം വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 68 റൺസും രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റും നേടിയ ജലജ് സക്സേനയാണു മാൻ ഓഫ് ദ് മാച്ച്.
എളുപ്പമല്ല, മുന്നോട്ടുള്ള വഴി
കരുത്തന്മാർ മാത്രമുള്ള എലൈറ്റ് എ,ബി ഗ്രൂപ്പിൽ തുടക്കത്തിൽ മുന്നിലായിരുന്ന കേരളം മധ്യപ്രദേശ്, തമിഴ്നാട് എന്നിവയ്ക്കെതിരെ അപ്രതീക്ഷിതമായി തോറ്റതോടെ നാലാംസ്ഥാനത്തായി. ഇപ്പോൾ ഒന്നാം സ്ഥാനത്താണെങ്കിലും മുൻനിരയിലുള്ള ഒട്ടേറെ ടീമുകളുടെ അഞ്ചാമത്തെയും ആറാമത്തെയും മൽസരം പൂർത്തിയായിട്ടില്ല.
പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവർക്കെതിരെയാണ് കേരളത്തിന്റെ ബാക്കിയുള്ള കളികൾ. രണ്ടും എതിരാളികളുടെ തട്ടകത്തിൽ. രണ്ടു കളികളും ജയിച്ചാൽ മാത്രമേ നോക്കൗണ്ട് പ്രവേശനം ഉറപ്പിക്കാനാകൂ. 18ൽ അഞ്ചു ടീമുകൾക്കാണ് നോക്കൗട്ടിലേയ്ക്കു പ്രവേശനം ലഭിക്കുക.