കാന്‍ബറ∙ കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ പന്തു ചുരണ്ടൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു നാണക്കേടിന്റെ ചുരണ്ടൽ നടന്നത്. ടിവി ദൃശ്യങ്ങൾ പുറത്തായതോടെ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും രാജി വച്ചിരുന്നു.
ഇവർക്കെതിരെ ഒരു വർഷത്തേക്കു വിലക്കേർപ്പെടുത്തുകയും ചെയ്തു. കാമറൂണ്‍ ബാൻക്രോഫ്റ്റിനെ ഒൻപതു മാസമാണു വിലക്കിയത്. സംഭവിച്ചതിനെല്ലാം മാപ്പ് പറഞ്ഞ് സ്റ്റീവ് സ്മിത്ത് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ സംഭവത്തിൽ നിർണായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണു നടപടി നേരിട്ട ബാൻക്രോഫ്റ്റ്.
വിവാദമായ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിക്കാൻ തന്നെ പ്രേരിപ്പിച്ചത് ഡേവിഡ് വാർണറാണെന്ന് വിലക്കിലായ ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റ് പറഞ്ഞു. ടീമിൽ ഇടം നിലനിർത്താനും പ്രാധാന്യം കിട്ടാനും വേണ്ടി താൻ അത് അനുസരിക്കുകയായിരുന്നെന്നും ബാൻക്രോഫ്റ്റ് പറഞ്ഞു.
ഫോക്സ് ക്രിക്കറ്റ് ചാനലിനു വേണ്ടി മുൻ താരം ആദം ഗിൽക്രിസ്റ്റ് നടത്തിയ അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാർച്ചിൽ നടന്ന ടെസ്റ്റിലെ വിവാദ സംഭവത്തിലെ ഉള്ളുകളികളെക്കുറിച്ച് ബാൻക്രോഫ്റ്റ് മനസ്സു തുറന്നത്. സംഭവത്തിൽ ബാൻക്രോഫ്റ്റിന് ഒൻപതു മാസവും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷവും വിലക്ക് ലഭിച്ചിരുന്നു.
താൻ ഇരയാക്കപ്പെട്ടതായി തോന്നുന്നില്ല. അതു ചെയ്യാതിരിക്കാനുള്ള അവകാശം തനിക്കുണ്ടായിരുന്നു. ചെയ്തതു വലിയ തെറ്റു തന്നെയാണ്. അതിനു വലിയ വില നൽകേണ്ടി വന്നു– അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് പറഞ്ഞു.