കൊച്ചി∙ ഡ്രസിങ് റൂമിൽ അപമര്യാദയായി പെരുമാറുകയും കളിക്കിടെ മൈതാനം വിട്ടുപോവുകയും ചെയ്ത സംഭവത്തിൽ സഞ്ജു സാംസണെതിരായ നടപടി ശക്തമായ താക്കീതിൽ ഒതുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു.
ടീം ക്യാംപിലും കളിക്കളത്തിലും സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ അനാവശ്യമായി ഒരു ഇടപെടലും നടത്തരുതെന്നു സഞ്ജുവിന്റെ പിതാവ് വി.സാംസനേയും താക്കീത് ചെയ്യും. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെസിഎ സെൻട്രൽ കൗൺസിൽ യോഗത്തിലെ തീരുമാനം വ്യക്തമാക്കി സഞ്ജുവിന് കത്തയയ്ക്കും.
സഞ്ജുവും പിതാവും അന്വേഷണ കമ്മിഷനു മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ കടുത്ത നടപടി വേണ്ടെന്നു കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സഞ്ജു ടീമിലെ സീനിയർ താരമാണെങ്കിലും അച്ചടക്കം പ്രധാനമാണെന്ന സന്ദേശം പുതിയ തലമുറയ്ക്കു നൽകാനും മുന്നറിയിപ്പെന്ന നിലയിലും അച്ചടക്ക നടപടി പൂർണമായും ഒഴിവാക്കരുതെന്ന അഭിപ്രായമായിരുന്നു സെൻട്രൽ കൗൺസിലിൽ പൊതുവേ ഉയർന്നത്.
കെസിഎ മുൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി.മാത്യുവിനോട് സഞ്ജുവിന്റെ പിതാവ് ഫോണിൽ അപമര്യാദയായി സംസാരിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന അഭിപ്രായവുമുയർന്നു. തുടർന്നാണ് ഇരുവരേയും താക്കീതു ചെയ്തു പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
സഞ്ജു ഏറെ ഭാവിയുള്ള താരമാണെന്നതും ഇത്തരത്തിൽ ഒരു പെരുമാറ്റം താരത്തിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് ഉണ്ടാവുന്നതെന്നും കൂടി പരിഗണിച്ചാണു ചെറിയ നടപടിയിൽ ഒതുക്കിയതെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
നവംബർ 15ന് മുംബൈയിൽ ഗോവയ്ക്കെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മൽസരത്തിനിടെയായിരുന്നു വിവാദ സംഭവം. ഇന്ന് ദേശീയ ട്വന്റി20 ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിക്കും. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ പരിശീലന മൽസര ടീമിനൊപ്പമുള്ള സഞ്ജു ട്വന്റി20 ടീമിൽ ഇടം പിടിച്ചേക്കും. 29ന് ചെന്നൈയിലാണ് കേരളത്തിന്റെ ആദ്യ മൽസരം.
കഴിഞ്ഞ തവണ നോക്കൗട്ടിൽ കടന്ന കേരളം നിർഭാഗ്യം കൊണ്ടാണു ഫൈനൽ കാണാതെ പുറത്തായത്. രഞ്ജി ട്രോഫി ടീമിനെ നയിക്കുന്നതു രോഹൻ പ്രേം ആണെങ്കിലും ഏകദിന-ട്വന്റി20 ടീമിന്റെ നായകൻ കഴിഞ്ഞ തവണ സച്ചിൻ ബേബിയായിരുന്നു. ഇത്തവണയും സച്ചിൻ തന്നെയാവും ട്വന്റി20 ടീമിനെ നയിക്കുക എന്നാണു സൂചന.
കെസിഎ ഭരണ സമിതി പുനഃസംഘടിപ്പിച്ച ശേഷം നടന്ന ആദ്യ സെൻട്രൽ കൗൺസിലിൽ ടി.സി.മാത്യു ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞ ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിമാരും ഉൾപ്പെട്ടതാണു സെൻട്രൽ കൗൺസിൽ.
അതേസമയം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ടി.സി.മാത്യുവിനെ സെൻട്രൽ കൗൺസിലിൽ ഉൾപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കും. ഇടുക്കി ജില്ലാ സെക്രട്ടറി ബി.വിനോദ് ആണ് മാത്യുവിന് പകരമായി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്.