കേരളത്തിലെ ഫുട്ബോൾ ആരാധകരോടു ഫിഫയുടെ അഭ്യർഥന. അണ്ടർ 17 ലോകകപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിൽപന ഇന്നും നാളെയും കൂടി. ടിക്കറ്റ് റിസർവ് ചെയ്യൂ. കൊച്ചിയിലെ ഫുട്ബോൾ ആവേശത്തിൽ പങ്കാളികളാകൂ. ഓരോ പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവ ഉൾപ്പെടെ കൊച്ചിയിലെ എട്ടു മൽസരങ്ങൾക്കും കൂടിയുള്ള ടിക്കറ്റുകളാണ് ഇന്നും നാളെയും വിൽപനയ്ക്കുള്ളത്. എട്ടു മാച്ചിനുംകൂടി 800 രൂപയുടെ ടിക്കറ്റും 400 രൂപയുടെ ടിക്കറ്റുമുണ്ട്.
കലൂർ സ്റ്റേഡിയത്തിലെ വിവിഐപി എൻട്രിയുടെ നേരേ എതിർവശത്ത്, കിഴക്കേ ഗാലറിയിൽ കളിക്കളത്തിനു സമാന്തരമായുള്ള ‘ലെവൽ വൺ’ കസേരകൾക്കുള്ള നിരക്കാണ് 800 രൂപ. ഗോൾ പോസ്റ്റുകൾക്കു പിന്നിലെ ‘ലെവൽ വൺ’ കസേരകൾക്ക് 400 രൂപ മതിയാകും. തെക്കും വടക്കും കസേരകൾക്ക് ഒരേ നിരക്കാണ്. ഗോവയിലും ഇതേ നിരക്കിൽ ടിക്കറ്റുകൾ റിസർവ് ചെയ്യാം.
ഒക്ടോബർ ഏഴു മുതൽ 22 വരെയാണു കൊച്ചിയിലെ മൽസരങ്ങൾ. ഏഴ്, 10, 13 ദിവസങ്ങളിൽ രണ്ടു മാച്ചുകൾ വീതമുണ്ടാകും. വൈകിട്ട് അഞ്ചിനും എട്ടിനും. ഒരേ സീറ്റ് നമ്പരാകും ഓരോ ദിവസത്തെയും ടിക്കറ്റിന് എന്നതിനാൽ ആദ്യമാച്ച് കഴിഞ്ഞു പുറത്തിറങ്ങേണ്ടതില്ല, സീറ്റ് മാറ്റവും ആവശ്യമില്ല. പ്രീക്വാർട്ടർ ഒക്ടോബർ 18നു രാത്രി എട്ടിനാണ്. ക്വാർട്ടർ ഫൈനൽ 22ന് വൈകിട്ട് അഞ്ചിനും.
ഫിഫയോ സംഘാടക സമിതിയോ എടുത്തുപറയാത്തൊരു കാര്യംകൂടിയുണ്ട്. മറ്റു ഫുട്ബോൾ ടൂർണമെന്റുകളിലെപ്പോലെ ‘ഓസ് പാസ്’ ഫിഫ മൽസരങ്ങൾക്ക് ഉണ്ടാവില്ല. സ്പോൺസർമാർക്കും പ്രമുഖ വ്യക്തികൾക്കും നൽകുന്ന ക്ഷണക്കത്ത് മാത്രമാവും ടിക്കറ്റ് വഴിയല്ലാതുള്ള പ്രവേശനോപാധി. ‘ഓസ് പാസ്’ കിട്ടുമെന്നു കരുതി കാത്തിരുന്നാൽ കളി ടിവിയിൽ കാണേണ്ടിവരും.