Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൽവികൾക്കു കാരണം ജിങ്കാൻ; ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനെതിരെ റെനെ മ്യൂലൻസ്റ്റീൻ

rene-jhingan ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ, ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റൻ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ. ഗ്രൗണ്ടിനും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടർതോൽവികളിലേക്കു നയിച്ചതെന്നാണു മ്യൂലൻസ്റ്റീന്റെ ആരോപണം. ഫുട്ബോൾ താരമെന്ന രീതിയില്‍ പ്രഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലൻസ്റ്റീൻ പറഞ്ഞു.

‘തന്നെ ഒഴിവാക്കുന്നതിനായി ഏറ്റവും വലിയ കാരണം എഫ്സി ഗോവയ്ക്കെതിരെയുണ്ടായ തോൽവിയാണ്. 5–2നു ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലർച്ചെ നാലു മണിവരെ സന്ദേശ് ജിങ്കാൻ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്നു വിളിക്കാനാകുമോ? ജിങ്കാനെ എല്ലാവരും മികച്ച ക്യാപ്റ്റനായാണു കരുതുന്നത്. എന്നാൽ ഇതെല്ലാം വളരെ മോശമാണ്. ബെംഗളുരുവിനെതിരായ മൽസരം ജയിക്കണമെന്നു ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾക്കു താൽപര്യമില്ലായിരുന്നു. മൽസരത്തിൽ ടീം വഴങ്ങിയ ഗോളുകൾ നോക്കുക. പെനൽറ്റി വഴങ്ങുന്നതിനു ഒരിക്കലും അംഗീകരിക്കാനാകാത്ത സാഹചര്യങ്ങളാണു ജിങ്കാൻ ഒരുക്കിയത്. മൂന്നാം ഗോളിനായി മുന്നേറിയ ബെംഗളുരു താരം മികുവിനെ തടയാതെ തുറന്നുവിടുകയും ചെയ്തു’– റെനെ ആരോപിച്ചു.

‘ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ തന്നെ ജിങ്കാനോടു സംസാരിച്ചു. പക്ഷെ അപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബിനെയും പ്രതിനിധീകരിക്കുന്ന ഒരു ക്യാപ്റ്റന്റെ രീതി. ഇന്ത്യയിലെ മികച്ച പ്രഫഷണൽ കളിക്കാരിലൊരാളായാണ് അദ്ദേഹം സ്വയം കരുതുന്നത്. എന്നാൽ എന്റെ അഭിപ്രായം മറിച്ചാണ്. ജിങ്കാനോടോ ടീമിലെ മറ്റാരോടുമോ വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. ഇക്കാര്യങ്ങളെല്ലാം ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരാനേനിയുമായും ചർച്ച ചെയ്തിരുന്നു’– റെനെ പറഞ്ഞു.

ടീമിലെ ആരോടു ചോദിച്ചാലും തന്നെക്കുറിച്ച് ഒരു മോശം വാക്കുപോലും കേൾക്കാനാകില്ല. കളിക്കാരെ കുറിച്ചോ അവരുടെ പരിശീലന രീതികളെക്കുറിച്ചോ പരാതികളൊന്നുമില്ല. എന്നാൽ ഗോവയ്ക്കെതിരായ മൽസരത്തോടെ ചിലതെല്ലാം ശരിയായ രീതിയിലല്ല പോകുന്നതെന്നു തോന്നിയിട്ടുണ്ടെന്നും റെനെ വ്യക്തമാക്കി. ഡിസംബർ 31നു കൊച്ചിയില്‍ നടന്ന മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളുരുവിനോട് 3–1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ റെനെ മ്യൂലൻസ്റ്റീൻ പരിശീലകസ്ഥാനം രാജിവച്ചു. ഡേവിഡ് ജെയിംസാണു ബ്ലാസ്റ്റേഴ്സിനെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്. 11 കളികളില്‍നിന്നു മൂന്നു ജയവുമായി ആറാം സ്ഥാനത്താണു പോയിന്റുപട്ടികയിൽ ബ്ലാസ്റ്റേഴ്സ്.