കൊച്ചി ∙ ഇന്ത്യൻ ഫുട്ബോൾ ടീം പ്രതിരോധത്തിലെ മലയാളിക്കോട്ട അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നുവെന്ന ആഹ്ലാദത്തിനിടെ ആരാധകർക്കൊരു സങ്കട വാർത്ത; നായകനും പ്രതിരോധത്തിലെ പോരാളിയുമായ സന്ദേശ് ജിങ്കാൻ ടീം വിടുമെന്നു സൂചന.
എടികെ കൊൽക്കത്തയുമായി അദ്ദേഹം 1.5 കോടി രൂപയുടെ കരാറിലെത്തിയെന്നാണ് അഭ്യൂഹം. നിലവിൽ, സുനിൽ ഛേത്രിക്കു ലഭിച്ച 1.4 കോടി രൂപയാണ് ഐഎസ്എലിൽ ഇന്ത്യൻ താരത്തിനു ലഭിച്ച ഉയർന്ന പ്രതിഫലം. ഇന്ത്യൻ ടീമിലെ ജിങ്കാൻ – അനസ് പ്രതിരോധക്കൂട്ട് ബ്ലാസ്റ്റേഴ്സിലും ആവർത്തിക്കാനുള്ള സാധ്യത കൂടിയാണ് ഇതോടെ മങ്ങിയത്. ജിങ്കാൻ പോയാൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ഇംഗ്ലിഷ് താരം വെസ് ബ്രൗൺ – അനസ് ദ്വയം കളിക്കും. പ്രതിരോധ താരം പെസിച്ച് ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണു സൂചന. ഐഎസ്എൽ കഴിഞ്ഞ സീസണിൽ ജംഷദ്പുർ എഫ്സിയുടെ സെന്റർ ബാക്കായിരുന്നു അനസ്.