Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണക്കുതീർത്ത്, ചരിത്രം തിരുത്തി കേരളം; ബംഗാളിനെ ഷൂട്ടൗട്ടിൽ തകർത്തു (4–2)

പ്രതീഷ് ജി. നായർ
Santhosh-trophy-kerala-winners വിജയാഘോഷം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമംഗങ്ങളുടെ ആഹ്ലാദം ചിത്രം: സലിൽ ബേറ ∙ മനോരമ

ഗോൾ പോസ്റ്റിലെ ഏകാന്തതയിൽ വി.മിഥുനെന്ന കണ്ണൂരുകാരന്റെ കൈ ചോർന്നില്ല. കേരളത്തിന്റെ സന്തോഷവും. സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യന്മാരായി വംഗനാട്ടിൽ ചരിത്രം സൃഷ്ടിച്ചു കേരളം. പെനൽറ്റി ഷൂട്ടൗട്ടിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വിജയം കുറിച്ച് 1994ലെ തോൽവിക്കു കേരളം പകരം വീട്ടി.

santhosh-trophy-winners

എം.എസ്.ജിതിൻ (19), വിബിൻ തോമസ് (117) എന്നിവർ കേരളത്തിനു വേണ്ടി ഗോൾ നേടിയപ്പോൾ ക്യാപ്ടൻ ജിതൻ മുർമു (69), തീർഥങ്കർസർക്കാർ (120+5) എന്നിവരാണു ബംഗാളിന്റെ സ്കോറർമാർ. പെനൽറ്റി ഷൂട്ടൗട്ടിൽ എല്ലാ കിക്കുകളും കേരളം വലയിലെത്തിച്ചപ്പോൾ രണ്ട് കിക്കുകൾ മാത്രമാണു ബംഗാളിനു സ്കോർ ചെയ്യാനായത്. കളിയിലുട നീളം മികച്ച സേവുകളുമായി കളം നിറഞ്ഞ കേരള ഗോൾ കീപ്പർ മിഥുൻ പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടു ഷോട്ടുകൾ തടുത്തു വിജയശിൽപ്പിയായി. 

Santhosh-trophy-Kerala-Team മിഥുനസൂര്യൻ... പെനൽറ്റി ഷൂട്ടൗട്ടിലെ ഉജ്വല പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിച്ച ഗോൾ കീപ്പർ മിഥുനുമൊത്ത്(23) ടീമംഗങ്ങളുടെ ആഹ്ലാദപ്രകടനം ചിത്രം: സലിൽ ബേറ ∙ മനോരമ

∙ നാടകീയം വിജയം 

19–ാം  മിനിറ്റിൽ ഗോൾ നേടുക. ഗോൾ വഴങ്ങാതെ 49 മിനിറ്റ് മുന്നോട്ടു പോവുക. കേരളം സന്തോഷിച്ച നിമിഷങ്ങളായിരുന്നു. എന്നാൽ 68–ാം മിനിറ്റിൽ കേരള സന്തോഷം അവസാനിച്ചു. ജിതൻ മുർമുവിന്റെ ഗോൾ ബംഗാളിന്റെ പ്രതീക്ഷകൾ ഉയർന്നു. കളി എക്സ്ട്രാ ടൈമിന്റെ അവസാനത്തിലേക്കു നീളുമ്പോഴാണു വീണ്ടും ട്വിസ്റ്റ്. പകരക്കാനായിറങ്ങിയ ജസ്റ്റിൻ ജോർജിന്റെ വലതുമൂലയിൽനിന്നുള്ള ക്രോസിൽ വിബിൻ തോമസിന്റെ ഹെഡർ ഗോളിലേക്ക്. സമയം 117മിനിറ്റ്. കേരളം വീണ്ടുംവിജയം ഉറപ്പിച്ച നിമിഷം.

kerala-midhun

എന്നാൽ ആശങ്കയുടെ നിമിഷങ്ങൾ അവസാനത്തിലേക്കു തുടർന്നു. എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ കേരള പോസ്റ്റിലേക്കു നീണ്ടെത്തിയ ബോൾ ക്ലിയർ ചെയ്യാൻ എസ്.സീസനു സാധിക്കാതെ പോയി. ബോളുമായി മുന്നേറിയ ജിതൻ മുർമുവിനെ കേരള പ്രതിരോധം വലിച്ചിട്ടു. ബംഗാളിന് ഫ്രീകിക്ക്. വീണ്ടും പ്രതീക്ഷ. സ്പോട്ട് കിക്ക് സ്പെഷലിസ്റ്റ് തീർഥങ്കർ സർക്കാർ ലക്ഷ്യം തെറ്റാതെ കേരള പോസ്റ്റിലേക്ക് ബോൾ വളച്ചു കയറ്റി. വീണ്ടും സമനില. കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക്. ബംഗാൾ താരങ്ങൾക്കായിരുന്നു ആഹ്ലാദം. എന്നാൽ കേരള ഗോൾ കീപ്പർ മിഥുന്റെ മുഖത്തു പിടിച്ചടക്കാമെന്ന ആത്മവിശ്വാസം. ആദ്യ രണ്ടു ഷോട്ടുകൾ പിടിച്ചെടുത്ത് മിഥുൻ കേരള വിജയം ഉറപ്പിച്ചു. 

jithin-scoring കേരളം–ബംഗാൾ മത്സരത്തിനിടെ .ചിത്രം: പ്രതീഷ്.ജി. നായർ

കേരളത്തിന്റെ അവസാന കിക്ക് തടുക്കാൻ നിൽക്കാൻ ആത്മവിശ്വാസമില്ലാതെ ഗോൾ കീപ്പർ രഞ്ജിത് മജുംദാർ പിന്മാറിയതു വീണ്ടും നാടകീയ നിമിഷങ്ങൾക്ക് വഴി നൽകി. ഗോൾ കീപ്പറുടെ വേഷത്തിലെത്തിയതു ക്യാപ്റ്റൻ  ജിതൻ മുർമു തന്നെ. വൈസ് ക്യാപ്ടൻ എസ്.സീസന്റെ ഷോട്ട് മുർമുവിനെ നിശബ്ദനാക്കിയപ്പോൾ കേരളം പൊട്ടിത്തെറിച്ചു.

ഏപ്രിൽ ആറിന് വിജയദിനം

തിരുവനന്തപുരം ∙ കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറിനു വിജയദിനമായി ആഘോഷിക്കും. ആറിനു വൈകിട്ട് നാലിനു സംസ്ഥാന സർക്കാര്‍ കേരളാ ടീമിനു സെൻട്രൽ സ്റ്റേഡിയത്തിൽ സ്വീകരണം നൽകും.  മുഖ്യമന്ത്രി പിണറായി വിജയൻ ടീം ക്യാപ്റ്റൻ രാഹുൽ.വി.രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.