Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിന് ഒരു നാൾ; മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി

Julen-Lopetegui

മഡ്രിഡ്∙ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ഒരു ദിവസം മാത്രം ശേഷിക്കെ മുഖ്യ പരിശീലകനെ സ്പെയിൻ പുറത്താക്കി. ജൂലെൻ ലോപെടെഗുയിയെയാണ് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയത്. ദേശീയ ടീം സേവനത്തിനിടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണ് നടപടി. ലോകകപ്പിനു ശേഷം റയലിന്റെ പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപെടെഗുയിയുടെ തീരുമാനം.

ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ. പരിശീലകനെ തിരക്കിട്ട് നീക്കിയത് സ്പെയിനിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. നേരത്തെ, ചാംപ്യൻ‌സ് ലീഗിൽ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുൻപ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീൻ സിദാന്റെ പകരക്കാരനായാണ് ജൂലെൻ റയല്‍ മഡ്രിഡുമായി കരാറിലെത്തിയത്. ജൂലെൻ പരിശീലകനായെത്തുന്ന വിവരം റയൽ അധികൃതർ സ്ഥിരീകരിച്ചിരുന്നു.

മൂന്നു വർഷത്തേക്കാണ് റയലും ലോപെടെഗുയിയും തമ്മിലുള്ള കരാർ. രണ്ടു വർഷത്തോളം സ്പെയിൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ലോപെടെഗുയി സ്പാനിഷ് വമ്പൻമാരായ റയലിന്റെ തലപ്പേത്തേക്കെത്തുന്നത്.

സിദാൻ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ ആർസനലിന്റെ വിഖ്യാത പരിശീലകൻ ആർസീൻ വെംഗർ റയൽ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് സ്പാനിഷ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ജൂലെന്‍ റയലിലേക്കെത്തുന്നത്.