റോം ∙ റയൽ മഡ്രിഡിൽനിന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ചെലവാക്കിയ തുകയിൽ നല്ലപങ്കും ജഴ്സി വിൽപനയിൽനിന്നു മാത്രം യുവെന്റസ് വീണ്ടെടുക്കുമെന്നു സൂചന. സൂപ്പർതാരം ടീമിലെത്തിയതിനു തൊട്ടുപിന്നാലെ ജഴ്സി വിറ്റുവരവിൽനിന്നു പണം വാരുകയാണു യുവെന്റസ്. ക്ലബ് അധികൃതർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ക്രിസ്റ്റ്യാനോയുടെ പേരിലുള്ള 5,20,000 യുവെന്റസ് ജഴ്സികളാണു ചൂടപ്പംപോലെ വിറ്റുപോയത്. ഇതിൽനിന്നു മാത്രം ലഭിച്ചതു 432 കോടി രൂപയാണ്! ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ യുവെന്റസ് മുടക്കിയ തുകയുടെ പകുതിയോളം വരും ഇത്.
2016 യുവെന്റസിന്റെ 8,50,000 ജഴ്സികൾ വിറ്റുതീർന്ന റെക്കോർഡ് ഉടൻ പഴങ്കഥയാകുമെന്നാണു ക്ലബ് അധികൃതരുടെ കണക്കുകൂട്ടൽ. 8300 രൂപയാണു യുവെന്റസ് ഔദ്യോഗിക ജഴ്സിയുടെ വില. ഇതിന്റെ പകർപ്പിനു 3200 രൂപയും നൽകണം. ടീമിന്റെ ഔദ്യോഗിക ജഴ്സി നിർമാതാക്കളായ അഡിഡാസിന്റെ ഷോറൂമുകളിൽനിന്നു മണിക്കൂറുകൾക്കകം വിറ്റുതീർന്നത് 20,000 ജഴ്സികൾ. ബാക്കിയുള്ള 5,00,000 ജഴ്സികൾ ക്രിസ്റ്റ്യാനോ ആരാധകർ ഓൺലൈൻ ബുക്കിങ്ങിലൂടെയാണു സ്വന്തമാക്കിയത്.
800 കോടി രൂപയാണു ക്രിസ്റ്റ്യാനോയെ വിട്ടുനൽകാൻ യുവെന്റസ് റയലിനു കൈമാറിയത്. ഇതിനു പുറമേ ക്രിസ്റ്റ്യാനോയ്ക്കു നാലുവർഷത്തിനിടെ 960 കോടിയോളം രൂപയും യുവെന്റസ് നൽകണം. 100 കോടിയോളം രൂപ അനുബന്ധ ചെലവുകൾക്കായി ക്ലബ് മുടക്കി. താരത്തിന്റെ കൂടുമാറ്റം പൂർത്തിയാക്കാൻ യുവെന്റസിന് ആകെ ചെലവാകുന്നത് 1860 കോടി രൂപയാണ്.
ഫുട്ബോൾ താരങ്ങളുടെ വരുമാനക്കണക്കുകളിൽ മൂന്നാം സ്ഥാനത്താണു ക്രിസ്റ്റ്യാനോ ഇപ്പോൾ. ബാർസിലോന താരം ലയണൽ മെസ്സിയും പിഎസ്ജിയുടെ നെയ്മറും മാത്രമാണു ക്രിസ്റ്റ്യാനോയെക്കാൾ വരുമാനമുള്ള താരങ്ങൾ.