Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

80 മില്യൻ യൂറോ + ബെൻസേമ; ഹസാഡിനായി ചെൽസിക്ക് റയലിന്റെ ‘ഓഫർ’

sp-hazard

വിൽക്കാൻ താൽപര്യമില്ലെന്ന് ചെൽസി ആവർത്തിച്ചു പറഞ്ഞിട്ടും റയൽ മഡ്രിഡ് ബൽജിയം താരം ഏദൻ ഹസാഡിനെ വിടുന്ന മട്ടില്ല. ഹസാഡിനായി 170 ദശലക്ഷം പൗണ്ട് (1534 കോടി രൂപ) മുടക്കാമെന്ന് പറഞ്ഞിട്ടു പോലും അയവു കാണിക്കാത്ത ചെൽസിയെ വീഴ്ത്താൻ, റയൽ പ്രസിഡന്റിന്റെ പുതിയ ഓഫർ. 80 മില്യൻ യൂറോയും ഫ്രഞ്ച് താരം കരിം ബെൻസേമയും. നല്ലൊരു സ്ട്രൈക്കറില്ലാതെ വിഷമിക്കുന്ന ചെൽസിയെ ബെൻസേമയെ കാട്ടി വീഴ്ത്താമെന്നാണ് റയലിന്റെ പ്രതീക്ഷയെന്ന് വ്യക്തം. 

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവെന്റസിലേക്കു കൂടുമാറിയതോടെയാണ് റയൽ മഡ്രിഡിന്റെ പ്രധാന നോട്ടപ്പുള്ളിയായി ഹസാഡ് മാറിയത്. ക്രിസ്റ്റ്യാനോയുടെ പകരക്കാരനെ കണ്ടെത്താനായി 200 ദശലക്ഷം പൗണ്ടാണ് റയൽ ഉടമ ഫ്ലോറന്റീനോ പെരേസ് നീക്കിവച്ചിരിക്കുന്നത്. എന്നാൽ മൗറീസിയോ സാറി ചെൽസിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റതോടെ കാര്യങ്ങൾ മാറി. ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മുൻ ഇറ്റാലിയൻ സ്ട്രൈക്കർ ജിയാൻഫ്രാങ്കോ സോളയും ടീമിന്റെ സഹ പരിശീലകനായി അടുത്തിടെ ചുമതലയേറ്റിരുന്നു.

മനസ്സുകൊണ്ട് റയലിലേക്കു മാറാനാണ് ഹസാഡ് താൽപര്യപ്പെടുന്നതെങ്കിലും ചെൽസിയുമായി 2020 വരെ കരാറുണ്ട്. ടീമിലെ ഏറ്റവും മികച്ച കളിക്കാരനായി ഹസാഡിനെ വിശേഷിപ്പിച്ച സഹതാരം സെസ്ക് ഫ്രാബ്രിഗസ്, ടീമിൽ തുടരണമെന്ന് ഹസാഡിനോട് അഭ്യർഥിച്ചിരുന്നു. അതേസമയം, റയലിന്റെ പുതിയ ഓഫറിനോടുള്ള ചെൽസിയുടെ പ്രതികരണം അറിവായിട്ടില്ല. 

എങ്കിലും മികച്ച ഓഫർ ലഭിച്ചാൽ സാറി ഹസാഡിനെ വിട്ടു നൽകിയേക്കുമെന്നാണ് വിവരം. ഹസാഡിനെ കൈമാറുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് യുവെന്റസ് താരങ്ങളായ ഗോൺസാലോ ഹിഗ്വയിനെയും ഡാനിയൽ റുഗാനിയെയും ടീമിലെടുക്കാനും ചെൽസിക്ക് പദ്ധതിയുണ്ട്.  എംഗോളോ കാന്റെയ്ക്കായി പിഎസ്ജിയും വില്ലിയനായി ബാർസിലോനയും രംഗത്തുണ്ട്.  ഗോൾകീപ്പർ  തിബോ കോർട്ടോയും റയലിലേക്കു ചേക്കേറാനുള്ള തയാറെടുപ്പിലാണ്.

എന്നാൽ, ടീമിലെ സുപ്രധാന താരങ്ങളെയെല്ലാം സാറി വിട്ടു നൽകിയേക്കില്ല. ഫസ്റ്റ് ഇലവനിൽ സ്ഥാനം ഉറപ്പുള്ള വില്ലിയനെ പ്രത്യേകിച്ചും. 2020 വരെയാണ് വില്ലിയനുമായി ചെൽസിക്കു കരാർ.