ലിവർപൂൾ–സിറ്റി സമനിലയിൽ

ലണ്ടൻ∙ വിജയം ഗോൾപോസ്റ്റിനു മുകളിലൂടെ പറത്തിക്കളഞ്ഞ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തിരിച്ചടി. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യന്മാരായ സിറ്റി ലിവർപൂളുമായി ഗോൾരഹിത സമനില വഴങ്ങിയതോടെ, സതാംപ്ടനെ 3–0ന് കീഴടക്കിയ ചെൽസി പോയിന്റ് നിലയിൽ ഒപ്പമെത്തി. എങ്കിലും ഗോൾവ്യത്യാസക്കണക്കിൽ സിറ്റി ഒന്നാം സ്ഥാനത്ത് തുടരും. 

ലിവർപൂളിന്റെ മൈതാനത്തു ഞായർ രാത്രി നടന്ന കളിയിൽ, സിറ്റിയുടെ അൽജീരിയൻ വിങ്ങർ റിയാദ് മഹ്റേസ് പെനൽറ്റി നഷ്ടപ്പെടുത്തിയതാണു ചാംപ്യൻ ക്ലബ്ബിനു തിരിച്ചടിയായത്. പകരക്കാരൻ ലെറോയ് സനെയെ ബോക്സിൽ ലിവർപൂളിന്റെ വിർജിൽ വാൻ ഡിക് വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി മഹ്റേസ് പുറത്തേക്ക് അടിച്ചു കളഞ്ഞു. എട്ടു കളിയിൽനിന്ന്  സിറ്റിക്കും ചെൽസിക്കും 20 പോയിന്റ് വീതം. 

ഏദൻ ഹസാഡ്, റോസ് ബാർക്‌ലി, അൽവാരോ മൊറാട്ട എന്നിവരുടെ ഗോളുകളിലാണു ചെൽസി ജയിച്ചത്.   ഫുൾഹാമിനെ 5–1 ന് നിഷ്പ്രഭരാക്കി ആർസനലും കുതിക്കുന്നു. ഫ്രഞ്ച് താരം അലക്സാന്ദ്രെ ലകാസറ്റെ, ഗാബോൺ താരം പിയറി എമറിക് ഔബമയാങ് എന്നിവരുടെ  ഇരട്ടഗോളുകളും ആരോൺ റാംസെയുടെ ബാക്ക്ഹീൽ പാസും കളിയുടെ സൗന്ദര്യചിത്രം പൂർത്തിയാക്കി.