ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്; ആദ്യ അഞ്ചു സ്ഥാനക്കാർ തമ്മിൽ ചെറിയ പോയിന്റ് വ്യത്യാസം മാത്രം

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സിറ്റിക്കായി ഗോൾനേടുന്ന സെർജിയോ അഗ്യൂറോ.

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇനി കിരീടപ്പോരാട്ടം കടുക്കും. നഗരപ്പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3–1നു നിസ്സാരരാക്കിയ സിറ്റിക്കു തന്നെ ഈ വാരാന്ത്യവും ഒന്നാം സ്ഥാനം. ഫുൾഹാമിനെ 2–0ന് തോൽപിച്ച് ലിവർപൂൾ 2–ാം സ്ഥാനത്തും കാലുറപ്പിച്ചു. ഇരുടീമും തമ്മിലുള്ള വ്യത്യാസം 2 പോയിന്റ് മാത്രം. അതേസമയം, പരിശീലകൻ മൗറീസിയോ സാറിയുടെ കീഴിൽ തോൽവിയറിയാതെ മുന്നേറുന്ന ചെൽസിക്ക് എവർട്ടന് എതിരെ ജയിക്കാനായില്ല; സ്റ്റാംഫഡ് ബ്രിജിൽ നടന്ന കളി ഗോൾരഹിത സമനിലയായി. ടോട്ടനത്തെ മറികടന്ന് നാലാംസ്ഥാനത്ത് എത്താമായിരുന്ന ആർസനൽ, വോൾവ്സ്നെതിരെ അവസാന മിനിറ്റിൽ വഴങ്ങിയ സമനിലയോടെ അവസരം നഷ്ടമാക്കി (1–1). 

ഡേവിഡ് സിൽവ (12’), സെർജിയോ അഗ്യൂറോ (48’), ഇൽകെ ഗുൻഡോഗൻ (86’) എന്നിവരുടെ ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ഉറപ്പാക്കിയത്. ആന്റണി മാർഷ്യൽ പെനൽറ്റി കിക്കിൽനിന്ന് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. തോൽവിക്കു ശേഷം സമചിത്തതയോടെ പ്രതികരിച്ച യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ, ആദ്യ നാലു ടീമുകളിൽ ഒന്നാകാനാണ് തങ്ങൾ ഇപ്പോൾ പരിശ്രമിക്കുന്നതെന്ന് തുറന്നു പറഞ്ഞു. 12 കളിയിൽ 20 പോയിന്റുമായി എട്ടാം സ്ഥാനത്താണു ക്ലബ് ഇപ്പോൾ.