ലണ്ടൻ∙ കളിച്ചതു കൂടുതലും മാഞ്ചസ്റ്റർ സിറ്റി. ഗോളടിച്ചത് ചെൽസിയും. ഫലം, അപരാജിത കുതിപ്പിലൂടെ പ്രീമിയർ ലീഗിൽ പുതുചരിത്രമെഴുതിയ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. എംഗോള കാന്റെ (45), ഡേവിഡ് ലൂയിസ് (78) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.
സീസണിലെ ആദ്യ തോൽവിയോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള സിറ്റിയുടെ ശ്രമവും പരാജയപ്പെട്ടു. ബോൺമതിനെതിരെ 4–0ന് ജയിച്ച ലിവർപൂളാണ് ലീഗിൽ ഒന്നാമത്. 16 മൽസരങ്ങളിൽ 42 പോയിന്റോടെയാണ് ലിവർപൂൾ ഒന്നാമതെത്തിയത്.
ഇത്രതന്നെ മൽസരങ്ങളിൽനിന്ന് 41 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്. സീസണിലെ 10–ാം ജയം കുറിച്ച ചെൽസി 34 പോയിന്റുമായി നാലാം സ്ഥാനത്താണ്. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ ടോട്ടനം ഹോട്സ്പർ 12–ാം ജയത്തോടെ 36 പോയിന്റുമായി മൂന്നാമതുണ്ട്.
സൂപ്പർ താരം മുഹമ്മദ് സലായുടെ ഹാട്രിക് മികവിലാണ് ലിവർപൂൾ ബോൺമതിനെ 4–0നു തകർത്തത്. ബോൺമത് താരം സ്റ്റീവ് കുക്ക് സെൽഫ് ഗോളും സമ്മാനിച്ചു. സീസണിലെ പത്താം ഗോളോടെ സലാ ടോപ് സ്കോറർ പട്ടികയിൽ ആർസനൽ താരം പിയെറി എമെറിക് ഔബെമെയാങ്ങിനൊപ്പം ഒന്നാമതെത്തി. ലിവർപൂൾ താരം ജയിംസ് മിൽനർ 500 പ്രീമിയർ ലീഗ് മൽസരങ്ങൾ പൂർത്തിയാക്കി. ഈ നേട്ടം പിന്നിടുന്ന 13–മത്തെ താരമാണ് മിൽനർ.
അതേസമയം, ഫുൾഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് 26 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു. 34 പോയിന്റുമായി ആർസനലാണ് അഞ്ചാമത്.