ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്; ജയിച്ചാൽ റയലിനെക്കാത്ത് 4 റെക്കോർഡുകൾ

അബുദാബി∙ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ചാംപ്യന്മാരായ സ്പെയിൻ ക്ലബ് റയൽ മഡ്രിഡ് യുഎഇ ചാംപ്യന്മാരായ അൽ ഐൻ എഫ്സിയെ നേരിടും. സെമിയിൽ ലാറ്റിനമേരിക്കൻ ക്ലബ് റിവർപ്ലേറ്റിനെ അട്ടിമറിച്ച അൽഐൻ മികച്ച ഫോമിലാണ്. എന്നാൽ, വൻ മൽസരപരിചയവും താരനിരയുമുള്ള റയലിന് കിരീടനേട്ടം ഏറെക്കുറെ എളുപ്പമാകുമെന്ന വിലയിരുത്തലാണെങ്ങും. 

ഇന്നു ഫിഫ ക്ലബ് ലോകകപ്പ് ചാംപ്യന്മാരായാൽ റയൽ മഡ്രിഡിനെ കാത്തിരിക്കുന്നതു തുടർച്ചയായ മൂന്നാം കിരീടം. എന്നാൽ, അതു മാത്രവുമല്ല.  റയൽ മഡ്രിഡ് ജേതാക്കളായാൽ അവർക്ക് അതിനൊപ്പം സ്വന്തമാകുന്ന 4 റെക്കോർഡുകൾ ഇതാ. 

1. കൂടുതൽ കിരീടം നേടിയ താരം 

ഇതുവരെ 4 ക്ലബ്ബ് ലോകകപ്പ് നേടിയ 2 കളിക്കാർ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടോണി ക്രൂസുമാണ്. കഴിഞ്ഞ സീസണിൽ റയലിൽനിന്നു യുവെന്റസിലേക്കു പോയ ക്രിസ്റ്റ്യാനോ റയലിന്റെ ഹാട്രിക് നേട്ടത്തിന് ഒപ്പം ടീമിലുണ്ടായിരുന്നു. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും കിരീടം നേടി. റയലിനൊപ്പം മൂന്നും 2013ൽ ബയൺ മ്യൂനിക്കിനൊപ്പം ഒന്നും കിരീടം നേടിയ ടോണി ക്രൂസിന് ഇന്നു റയൽ ജയിച്ചാൽ ആകെ കിരീടനേട്ടം അഞ്ചാകും. ഏറ്റവുമധികം ക്ലബ് ലോകകപ്പ് കിരീടം നേടിയ കളിക്കാരനെന്ന റെക്കോർഡും ക്രൂസിനു സ്വന്തമാകും. 

2. എക്കാലത്തെയും ടോപ് സ്കോറർ 

ഇന്നു 2 ഗോളടിച്ചാൽ റയൽ സൂപ്പർ സ്റ്റാർ ഗരെത് ബെയ്ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി റെക്കോർഡിന് ഉടമയാകും. 8 കളികളിലായി 7 ഗോളടിച്ചിട്ടുള്ള ക്രിസ്റ്റ്യാനോയാണ് ഇപ്പോൾ റെക്കോർഡിന് ഉടമ. കഴിഞ്ഞ ദിവസം ഹാട്രിക് നേടിയ ബെയ്‌ലിന് നിലവിൽ 5 കളിയിലായി 6 ഗോളുകൾ പേരിലുണ്ട്. 

3. ഹാട്രിക് കിരീടം 

ക്ലബ് ലോകകപ്പിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് റയലിനു സ്വന്തമാകും. നിലവിൽ യുവേഫ ചാംപ്യൻസ് ലീഗിൽ ഹാട്രിക് കിരീടം നേടിയ ടീം അതേ മികവ് ആവർത്തിക്കാനാണു ശ്രമിക്കുന്നത്. ഭൂഖണ്ഡങ്ങളിലെ ചാംപ്യന്മാർ മാത്രമാണ് ക്ലബ് ലോകകപ്പിനു യോഗ്യത നേടുകയെന്നിരിക്കെ, തുടർച്ചയായി 3 ഫൈനലുകൾ കളിക്കുന്നതു പോലും റെക്കോർഡിനൊപ്പം മഹത്തരം. 

4. കൂടുതൽ കിരീടങ്ങൾ 

ഇന്നു ജയിച്ചാൽ റയൽ മഡ്രിഡ് ബദ്ധവൈരികളായ സ്പാനിഷ് ക്ലബ് ബാർസിലോനയെ പിന്തള്ളും. നിലവിൽ 2 ക്ലബ്ബുകൾക്കും 3 ക്ലബ് ലോകകപ്പ് കിരീടം വീതം. 2 ട്രോഫികളുമായി ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസാണു പിന്നിൽ.