അബുദാബി∙ ഹാട്രിക് ക്ലബ് ലോകകപ്പ് കീരിടം ഇനി റയൽ മഡ്രിഡിന്റെ ലോക്കറിൽ. ഭൂരിഭാഗം സമയവും കാഴ്ചക്കാരുടെ റോളിലേക്കു ചുരുങ്ങിയ അൽ ഐൻ എഫ്സിയെ 4–1നു കീഴടക്കിയാണു റയൽ മഡ്രിഡ് തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായത്. ലൂക്കാ മോഡ്രിച്ച് (14’), മാർക്കോസ് ലൊറന്റെ (60’), സെർജിയോ റാമോസ് (78’) എന്നിവരാണു റയലിനായി സ്കോർ ചെയ്തത്. യാഹിയ നാദെറിന്റെ സെൽഫ് ഗോൾ (90+1) റയൽ പട്ടിക പൂർത്തിയാക്കി. 86–ാം മിനിറ്റിൽ ഷിയോതാനിയുടെ വകയാണ് അൽഐനിന്റെ ആശ്വാസ ഗോൾ.
ലൂക്കാ മോഡ്രിച്ചിന്റെ ഉജ്വല ഗോളിൽ14–ാം മിനിറ്റിൽ റയൽ മഡ്രിഡ് മുന്നിലെത്തി. കരിം ബെൻസിമ നീട്ടിയ പന്തിൽ ബോക്സിനു പുറത്തുനിന്നുള്ള ഇടം കാലൻ ഷോട്ടിലൂടെയാണു മോഡ്രിച്ച് വലകുലുക്കിയത്. തൊട്ടുപിന്നാലെ അൽ ഐനിന്റെ ബ്രസീൽ താരം കായിയോയും ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചത് നിരാശയായി.
രണ്ടാം പകുതിയിൽ റയലിനു ലഭിച്ച കോർണർ ക്ലിയർ ചെയ്യുന്നതിൽ അൽ ഐൻ പ്രിതിരോധനിര വരുത്തിയ പിഴവാണു രണ്ടാം ഗോളായി പരിണമിച്ചത്. പ്രതിരോധ നിര താരം ക്ലിയർ ചെയ്ത പന്തു പിടിച്ചെടുത്ത ലൊറന്റെ അനായാസം ലക്ഷ്യം കണ്ടു (2–0).
പിന്നീടു മോഡ്രിച്ചിന്റെ കോർണറിൽ തലവച്ച റാമോസ് റയലിനായി മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ അധിക സമയത്തെ സെൽഫ് ഗോൾ ആതിഥേയ ടീമിന്റെ തോൽവി പൂർത്തിയാക്കി.