കൊൽക്കത്ത ∙ കൃത്യമായ ആസൂത്രണവും കളിസംവിധാനവും തന്ത്രങ്ങളുമുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടുന്നു. കഴിഞ്ഞ യൂറോ അണ്ടർ 17 ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടിയ സ്പെയിനും ഇംഗ്ലണ്ടും. അന്നു ഷൂട്ടൗട്ടിൽ സ്പെയിൻ ജയിച്ചു. അതു മറക്കാം, ഇതു പുതിയ പോരാട്ടം. സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് ആരു ജയിച്ചാലും അണ്ടർ 17 ലോകകപ്പ് ജേതാക്കളുടെ പട്ടികയിലേക്കു പുതിയ ഒരു പേരുകൂടി ചേർക്കാം. ആരു ജയിച്ചാലും അതു കന്നിക്കിരീടം.
യൂറോ ഫൈനൽ കഴിഞ്ഞ് അഞ്ചാംമാസം ഈ ടീമുകൾ ഫൈനലിൽ വീണ്ടും കണ്ടുമുട്ടുന്നു, അതും ലോകകപ്പിൽ. രണ്ടു ടീമിനും വൻമൽസരങ്ങളുടെ പരിചയം ആവശ്യത്തിനുണ്ട്. പരസ്പരം അറിയുകയും ചെയ്യാം. രണ്ടു ടീമും രണ്ടുവർഷമായി തീവ്രപരിശീലനത്തിലാണ്. അത് ഇന്ന്, ഈ കിരീടം നേടാൻവേണ്ടിത്തന്നെ. രണ്ടു ടീമിനും ഇന്ത്യയിലെ കാലാവസ്ഥയും പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. സോൾട്ട്‌ലേക്കിലെ പുൽത്തകിടിയിൽ ഇംഗ്ലണ്ടിനു കൂടുതൽ പരിചയം ഉണ്ടെന്നുമാത്രം. അണ്ടർ 17 ലോകകപ്പ് ഫൈനലിൽ രണ്ടു യൂറോപ്യൻ ടീമുകൾ ഏറ്റുമുട്ടുന്നത് ഇതാദ്യം.
തന്ത്രങ്ങളിൽ മാറ്റമില്ല
രണ്ടു ടീമും മുൻ മൽസരങ്ങളിൽ, നിർണായക നിമിഷങ്ങളിൽ മാനസികമായ കരുത്തും കാട്ടി. ഇന്നും മാനസികമായ കരുത്ത് നിർണായകമാകും. പതറുന്നവർ വീഴും. പിടിച്ചുനിൽക്കുന്നവർ കപ്പിൽ മുത്തമിടും. രണ്ടു ടീമിന്റെയും പരിശീലകർ പറയുന്നതു തന്ത്രങ്ങളിൽ മാറ്റമില്ല, ഇതുവരെ എങ്ങനെ കളിച്ചോ ഇന്നും അങ്ങനെതന്നെ ആയിരിക്കുമെന്ന്. പക്ഷേ യൂറോപ്പിലെ പ്രബലൻമാർ തമ്മിലുള്ള കളി മുൻ മൽസരങ്ങൾപോലെ ആയിരിക്കില്ല. ഇഞ്ചോടിഞ്ചു പോരാട്ടമാവും, ആരെങ്കിലും മാനസികമായി പതറുംവരെ.
താളം കണ്ടെത്തണം
വേഗത്തിൽ താളം കണ്ടെത്താനാവും ഇംഗ്ലണ്ട് ശ്രമിക്കുക. ഇംഗ്ലണ്ടിനെ താളംകണ്ടെത്താൻ അനുവദിക്കാതിരിക്കാൻ സ്പെയിൻ പരമാവധി തവണ പന്തു നിയന്ത്രിക്കും. പന്ത് കാലിൽ ഉണ്ടായിരുന്നിട്ടു കാര്യമില്ല, എങ്ങനെ അവസരം തുറന്നെടുക്കാമെന്നതാണു പ്രധാനമെന്നു കോച്ച് ഡെനിയതന്നെ പറയുന്നു. ചെറുപാസ്സുകളുമായി സ്വന്തം ബോക്സിൽനിന്ന് എതിർകോട്ടയിലേക്ക് എന്ന രീതി സ്പെയിൻ ഇന്നും പയറ്റും. വിങ്ങർമാർ വഴി മിന്നൽനീക്കങ്ങളും ബോക്സിലേക്കു ക്രോസും കിടിലൻ ഷോട്ടുകളുമാവും ഇംഗ്ലണ്ട് ശ്രമിക്കുക. രണ്ടു ടീമും അതതുരീതികളിൽ പരമാവധി തയാറെടുപ്പു നടത്തിക്കഴിഞ്ഞു. ഇംഗ്ലണ്ട് ‘ഫിസിക്കൽ ഗെയിം’ കളിക്കും. അതു നേരിടാൻ സ്പെയിൻ ഒരുങ്ങിയെന്നാണു കോച്ച് നൽകുന്ന സൂചന.
∙ കിരീടസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്നില്ല. പുകഴ്ത്തലുകളിൽ വീഴാനില്ല. എതിരാളികളോട് ആദരം. എന്നാൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഷൂട്ടൗട്ടിലേക്കു നീണ്ടാൽ അതിനും തയാർ - സ്റ്റീവ് കൂപ്പർ (ഇംഗ്ലണ്ട് കോച്ച്)
∙ സെമി കളിച്ചതിനേക്കാൾ മെച്ചപ്പെടാനുണ്ട്. പ്രതിരോധത്തിലും ആക്രമണത്തിലും മികവു കാട്ടണം. ബ്രൂസ്റ്ററെ തടയണം. പക്ഷേ അതൊരാളുടെ മാത്രം ചുമതലയാവില്ല. ടീമിന്റെ കൂട്ടായ ചുമതലയാണത് – സാന്റി ഡെനിയ, (സ്പെയിൻ കോച്ച്)
അതിഥികളായി വാൻ ബാസ്റ്റനും സോൾ കാംപെലും
കൊൽക്കത്ത ∙ അണ്ടർ–17 ലോകകപ്പ് ഫൈനലിന്റെ ആവേശത്തിമിർപ്പിലാർന്ന കൊൽക്കത്ത നഗരത്തിന് അതിഥികളായി രണ്ടു ലോകോത്തര താരങ്ങൾ. മുൻ ഹോളണ്ട് താരം മാർക്കോ വാൻ ബാസ്റ്റൻ, ഇംഗ്ലണ്ട് താരം സോൾ കാംപെൽ എന്നിവരാണ് കൊൽക്കത്തയിലുള്ളത്. 1980–90കളിൽ ഹോളണ്ടിന്റെ ഇതിഹാസ താരമായിരുന്ന വാൻ ബാസ്റ്റൻ ഇപ്പോൾ ഫിഫയുടെ ടെക്നിക്കൽ ഡവലപ്മെന്റ് വിഭാഗം മേധാവിയാണ്. കൊൽക്കത്തയിൽ ആദ്യമായിട്ടാണെങ്കിലും ഹോളണ്ട് ടീമിലെ സഹതാരമായിരുന്ന റൂഡ് ഗുള്ളിറ്റിൽ നിന്ന് താൻ ഈ നഗരത്തിന്റെ ഫുട്ബോൾ പ്രണയത്തെപ്പറ്റി കേട്ടിട്ടുണ്ടെന്ന് വാൻ ബാസ്റ്റൻ പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോഴുള്ള ഫുട്ബോൾ സൗകര്യങ്ങൾ വലിയ രാജ്യാന്തര ടൂർണമെന്റുകൾക്ക് പ്രാപ്തമാണെന്നും വാൻ ബാസ്റ്റൻ പറഞ്ഞു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിനും ടോട്ടനമിനുമായി നാനൂറിലേറെ മൽസരങ്ങൾ കളിച്ചിട്ടുള്ള സോൾ കാംപെൽ ഫിഫ ടെക്‌നിക്കൽ സ്റ്റഡി ഗ്രൂപ്പ് അംഗമായാണെത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഫുട്ബോളുമായി കാത്തുസൂക്ഷിക്കുന്ന ബന്ധം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കാംപെൽ പറഞ്ഞു.
പന്തയക്കാരുടെ പക്ഷം
ഇംഗ്ലണ്ടിലെ പന്തയ പ്രവചനം: ഇംഗ്ലണ്ട് ജയസാധ്യത 13/8
സ്കോർ: ഇംഗ്ലണ്ട് 2–1 സ്പെയിൻ
സാഞ്ചോ ഇല്ല
ജെയ്ഡൻ സാഞ്ചോ ഇംഗ്ലണ്ടിനുവേണ്ടി ഫൈനൽ കളിക്കാൻ എത്തുമെന്ന പ്രചാരണത്തിൽ കാര്യമില്ല. സാഞ്ചോ വരുന്നില്ലെന്നു ടീം മാനേജ്മെന്റ്.
സുരക്ഷ
സുരക്ഷാഭടൻമാർ 3000, ട്രാഫിക് മാർഷൽമാർ 250, ഗ്രൗണ്ടിൽ സുരക്ഷാഭടൻമാർ 500, ഐപിഎസ് ഓഫിസർമാർ 35, വൊളന്റിയർമാർ 400, സിസിടിവി ക്യാമറ 260
കളി കാണാൻ ഇവരും
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി.