Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്സ് അല്ല, ക്ലാസ്സ്; തോൽവിയിലും തലയുയർത്തി സെർജിയോ ഗോമസ്

Spain England

കൊൽക്കത്ത ∙ ഗോൾ നേടിയാൽ പോരാ; അതു ക്ലാസ് ആയിരിക്കണം! ഫൈനലി‍ൽ രണ്ടു ഗോളുകൾ നേടി ആദ്യപകുതിയിൽ സ്പെയിനു ലീഡ് നേടിക്കൊടുത്തിട്ടും കിരീടം നേടാൻ കഴിയാതെ മടങ്ങുന്ന സെർജിയോ ഗോമസിനു നിരാശ വേണ്ട. ഈ ലോകകപ്പിൽ നഷ്ടപ്പെട്ടത് വരും ലോകകപ്പുകളിൽ നേടിയെടുക്കാനുള്ള ഊർജം ഗോമസിലുണ്ട്.

ക്വാർട്ടർ ഫൈനലിൽ ഇറാനെതിരെ ഉജ്വലമായൊരു ഗോളോടെ ഗോമസ് അതു തെളിയിച്ചതാണ്. ഫൈനലിൽ റൂയിസിനെ മാത്രം മാർക്ക് ചെയ്ത് തന്നെ സ്വതന്ത്രനാക്കി വിട്ട ഇംഗ്ലണ്ടിനും ഗോമസ് രണ്ടു ഗോളുകൾ കൊടുത്തു. ആദ്യ ഗോൾ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയായിരുന്നെങ്കിൽ രണ്ടാം ഗോൾ കിടിലൻ.  പന്തു കിട്ടിയാൽ പായുന്നതാണു ഗോമസിന്റെ സ്റ്റൈൽ.  ഇറാനെതിരെ തുടക്കത്തിൽ ഇടതു വിങ്ങിൽ കളിച്ച ഗോമസ് പിന്നീടു മധ്യഭാഗത്തേക്കു മാറുകയായിരുന്നു. ഒരു മഞ്ഞക്കാർഡുമായി  വിലക്കിന്റെ പേടിയിലായെങ്കിലും കോച്ച്  മാലിക്കെതിരെ ഗോമസിനെ സെമി ഫൈനലിൽ കളിപ്പിച്ചു. കോച്ചിന്റെ വിശ്വാസം കാത്ത ഗോമസ് പിന്നീടൊരു മഞ്ഞക്കാർഡ് വാങ്ങിയില്ല.

എഫ്സി ബാർസിലോനയുടെ അക്കാദമി താരമാണു സെർജിയോ ഗോമസ്. ഗോമസിന്റെ ഏറ്റവും വലിയ ആഗ്രഹം ബാർസിലോന സീനിയർ ടീമിനു വേണ്ടി കളിക്കുക എന്നതു തന്നെ. ഫോർവേഡ് ആണെങ്കിലും ഗോമസിന്റെ ഇഷ്ടതാരം ബാർസയുടെ മിഡ്ഫീൽഡ് ജനറൽ ആന്ദ്രേ ഇനിയേസ്റ്റയാണ്. 

സെർജിയോ എന്ന പേരു ഫുട്ബോളിൽ ഭാഗ്യമുള്ളതാണല്ലോ എന്ന ചോദ്യത്തിനു ഗോമസ് ഒരിക്കൽ മറുപടി പറഞ്ഞതിങ്ങനെ: ‘പേരു കൊണ്ടല്ല. എന്റെ മുത്തച്ഛന്റെയും അങ്കിളിന്റെയും ഫുട്ബോളിനോടുള്ള ഇഷ്ടം കൊണ്ടാണു ഞാൻ ഫുട്ബോൾ താരമായത്. മുത്തച്ഛനാണ് എന്റെ കയ്യിൽ ആദ്യമായി ഒരു ഫുട്ബോൾ വച്ചുതന്നത്.’