പ്രതാപമുള്ള രണ്ടു ടീമുകൾ, താരത്തിളക്കമുള്ള കളിക്കാർ– അണ്ടർ 17 ലോകകപ്പ് ഫൈനൽ വ്യക്തിഗത പോരാട്ടം കൂടിയാണ്. ഫൈനലിൽ ശ്രദ്ധിക്കേണ്ട അഞ്ചു താരപ്പോരാട്ടങ്ങൾ..
ബ്രൂസ്റ്റർ Vs ചസ്റ്റ്
ബ്രൂസ്റ്റർക്കാരു മണി കെട്ടും എന്നതാണു സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. സെന്റർ ബായ്ക്കുകളായി വിക്ടർ ചസ്റ്റും ഹ്യൂഗോ ഗില്ലമോനും ഉണ്ടെങ്കിലും ശാരീരികമായി മികച്ച ചസ്റ്റിനുതന്നെയാകും പ്രധാന ഉത്തരവാദിത്തം. ബ്രൂസ്റ്ററുടെ ഫിനിഷിങ് മികവും ചസ്റ്റിന്റെ ഡിഫൻസ് മികവും തമ്മിലൊരു പോരാട്ടം കാണാം.
ഫോഡൻ Vs മിറാൻഡ
രണ്ടു ടീമിലെയും പ്രതിഭാശാലികളായ താരങ്ങൾ. മികച്ച ഡ്രിബ്ലിങ്ങും വിഷനുമുള്ള ഫോഡനെ പ്രതിരോധിക്കുകയാണെങ്കിൽ മിറാൻഡ തന്റെ ആക്രമണ ത്വര തൽക്കാലം മറക്കേണ്ടിവരും. മിറാൻഡ മുന്നോട്ടു കയറിക്കളിക്കുകയാണെങ്കിൽ ഫോഡനെ നോക്കേണ്ട ചുമതല സ്പെയിനിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർക്ക്.
മക്കാക്‌റൻ Vs മൊഹ
പ്രതിരോധ മനസ്സുള്ള ഡിഫൻഡറാണ് മക്കാക്‌റൻ. ആക്രമണത്തിനു താൽപര്യപ്പെടുന്നയാളാണു മൊഹ എന്ന മുഹമ്മദ് മുഖ്‌ലിസ്. രണ്ടു ടീമിന്റെയും കളി നിർണയിക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകം. ഏഞ്ചൽ ഗോമസ് ആദ്യ ഇലവനിൽ ഇല്ലെങ്കിൽ മക്കാക്‌റന് ആക്രമണ ഉത്തരവാദിത്തം കൂടും. ഒരു ഗോളും ഒരു അസിസ്റ്റും മൊഹയുടെ പേരിലുണ്ട്.
റൂയിസ് Vs ലാറ്റിബെഡ്യൂ
ക്യാപ്റ്റൻമാർ തമ്മിലുള്ള പോരാട്ടം. ആരുജയിക്കുമെന്നതു കളിയുടെ ഫലം തന്നെ നിർണയിച്ചേക്കാം. റൂയിസിന്റെ സ്കോറിങ് മികവിലാണു സ്പെയിൻ മുന്നേറിയത്. പക്ഷേ മുൻമൽസരങ്ങളിലുണ്ടായിരുന്ന ഉയരത്തിന്റെ ആനുകൂല്യം റൂയിസിന് ഇവിടെയില്ല. 1.82 മീറ്റർ ഉയരമുള്ള റൂയിസിനൊപ്പംതന്നെയുണ്ട് ലാറ്റിബെഡ്യൂയും.
ടോറസ് Vs പാൻസോ
ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച റൈറ്റ് വിങ്ങർ എന്നു ഫെറാൻ ടോറസിനെ വിശേഷിപ്പിക്കാം. സ്പെയിൻ ടീമിന്റെ വലംകൈ. പന്തു മുന്നോട്ടടിച്ചു കുതിച്ചോടുന്ന ടോറസിനെ പിടിക്കാൻ പാൻസോ അധ്വാനിക്കേണ്ടിവരും. പന്തു നഷ്ടപ്പെട്ടാൽ ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള മനസ്സുതന്നെയാണു പാൻസോയുടെ പോസിറ്റീവ്.