ലണ്ടൻ∙ ലോകകപ്പ് സന്നാഹ മൽസരത്തിൽ കരുത്തരായ ക്രൊയേഷ്യയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർതാരം നെയ്മർ (69), ഫിർമീഞ്ഞോ (90+) എന്നിവരുടെ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 69–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയുടെ പാസിൽനിന്നായിരുന്നു നെയ്മറിന്റെ ഗോൾ. ഇൻജുറി സമയത്ത് ഫിർമീഞ്ഞോ ഗോൾപട്ടിക പൂർത്തിയാക്കി.
റഷ്യൻ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീലിന്റെ ആത്മവിശ്വാസമേറ്റുന്ന വിജയമാണിത്. പരുക്കുമൂലം മൂന്നുമാസം പുറത്തിരുന്ന സൂപ്പർതാരം നെയ്മർ ഗോളടിച്ച് തിരിച്ചുവരവ് ആഘോഷിച്ചതും ആരാധകർക്ക് ആവേശം പകരും. ലോകകപ്പിനു മുൻപ് ഓസ്ട്രിയയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സന്നാഹ മൽസരം. ക്രൊയേഷ്യയാകട്ടെ, ആഫ്രിക്കൻ കരുത്തൻമാരായ സെനഗലിനെ നേരിടും.
ലോകകപ്പ് ഒരുക്കം അവസാന ഘട്ടത്തിലേക്കു കടന്ന സാഹചര്യത്തിൽ ശക്തമായ ലൈനപ്പുമായാണ് ക്രൊയേഷ്യയും ബ്രസീലും മൽസരത്തിനിറങ്ങിയത്. ബ്രസീൽ നിരയിൽ നെയ്മറൊഴികെയുള്ള പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചപ്പോൾ ഇവാൻ റാക്കിട്ടിച്ച്, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ പ്രധാന താരങ്ങളെ ക്രൊയേഷ്യയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. നെയ്മറിന്റെ അഭാവത്തിൽ മങ്ങിയ തുടക്കമായിരുന്നു ബ്രസീലിന്റേത്. കരുത്തുറ്റ മധ്യനിരയുടെ കരുത്തിൽ ക്രൊയേഷ്യ കളം നിറഞ്ഞപ്പോൾ, സ്വാഭാവികമായ ഫോമിലേക്ക് ഉയരാൻ ബ്രസീൽ നിര പാടുപെട്ടു. ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ബ്രസീൽ പരിശീലകൻ ടിറ്റെ നെയ്മറിനെ കളത്തിലിറക്കി. ആദ്യപകുതിയിൽ മഞ്ഞക്കാർഡ് കണ്ട ഫെർണാണ്ടീഞ്ഞോയ്ക്കു പകരമായിരുന്നു നെയ്മറിന്റെ വരവ്. നെയ്മർ വന്നതോടെ ബ്രസീൽ ഉണർന്നു. 69–ാം മിനിറ്റിൽ ബ്രസീൽ ലീഡ് നേടി. വില്യൻ–കുടീഞ്ഞോ–നെയ്മർ ത്രയത്തിന്റെ വകയായിരുന്നു ആദ്യ ഗോൾ.
വില്യനിൽനിന്ന് കുടീഞ്ഞോയിലേക്കെത്തു പന്തെത്തുമ്പോൾ തടയാനായി ക്രൊയേഷ്യൻ താരങ്ങൾ കയറിയെത്തി. അവസരം മുതലെടുത്ത് ആളൊഴിഞ്ഞുനിന്ന നെയ്മറിനെ ലക്ഷ്യമാക്കി കുടീഞ്ഞോയുടെ പാസ്. മൂന്നു മാസത്തെ ഇടവേള കളിയെ ബാധിച്ചിട്ടില്ലേയെന്നു തെളിയിച്ച് ക്രൊയേഷ്യൻ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് നെയ്മറിന്റെ തകർപ്പൻ ഫിനിഷിങ്. ബ്രസീൽ മുന്നിൽ (1–0).
ലീഡ് വഴങ്ങിയതോടെ ക്രൊയേഷ്യ ഉണർന്നു. ബ്രസീലിനെ വട്ടംചുറ്റിച്ച നീക്കങ്ങളുമായി അവർ കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ക്രൊയേഷ്യ ആക്രമണത്തിലേക്കു കടന്നതോടെ ബ്രസീൽ പ്രതിരോധത്തിലേക്കു വലിഞ്ഞു. നെയ്മറിന്റെ ഗോളിൽ ബ്രസീൽ വിജയത്തിലേക്കു നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെ, ഇൻജുറി ടൈമിൽ ഫിർമീഞ്ഞോയുടെ ഗോളെത്തി.
ഇക്കുറി ഗോളിന് വഴിയൊരുക്കിയത് മധ്യനിരയിലെ കരുത്തൻ കാസമീറോ. ബോക്സിനു പുറത്തുനിന്നും കാസമീറോ ഉയർത്തി നൽകിയ പന്ത് ബോക്സിൽ ഫിർമീഞ്ഞോയിലേക്കെത്തുമ്പോൾ തടയാൻ ക്രോയോഷ്യൻ നിരയിലെ ജെഡ്‌വാജുണ്ടായിരുന്നു. എന്നാൽ, വിദഗ്ധമായി പന്തു നിയന്ത്രിച്ചു നിർത്തിയ ഫിർമീഞ്ഞോ കയറിയെത്തിയ ക്രൊയേഷ്യൻ ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലാക്കി. സ്കോർ 2–0.