ഗംഭീർ ഒഴിഞ്ഞു; ഡൽഹിക്ക് ‘ശ്രേയസ്’ വരുമോ?

ഗൗതം ഗംഭീർ, ശ്രേയസ് അയ്യർ

ന്യൂഡൽഹി∙ ഗൗതം ഗംഭീർ ഐപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസിന്റെ നായകസ്ഥാനം രാജിവച്ചു. നടപ്പു സീസണിൽ ടീമിന്റെ മോശം പ്രകടനമാണ് രാജിക്കു കാരണമെന്നാണ് സൂചന. പാതി മലയാളി കൂടിയായ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ പുതിയ നായകൻ. പരിശീലകൻ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഡൽഹി ഡെയർഡെവിൾസ് സിഇഒ ഹേമന്ത് ദുവ എന്നിവർക്കൊപ്പം ഡൽഹി ഫിറോസ് ഷാ കോട്‌ലയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീർ പ്രഖ്യാപിച്ചത്.

ഐപിഎൽ 11–ാം സീസണിൽ തീർത്തും മോശം ഫോമിൽ കളിക്കുന്ന ഡൽഹിക്ക് ആറു മൽസരങ്ങളിൽനിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. അഞ്ചു മൽസരങ്ങളിൽ തോൽവി രുചിച്ച അവർ രണ്ടു പോയിന്റുമായി പോയിന്റു പട്ടികയിൽ അവസാന സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഗംഭീർ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നത്.

സീസണിൽ ടീം നടത്തിയ മോശം പ്രകടനത്തിന്റെ സമ്പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി ഗംഭീർ അറിയിച്ചു. ഈ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ നായകസ്ഥാനം രാജിവയ്ക്കുകയാണ്. ശ്രേയസ് അയ്യരാകും ഇനി ടീമിനെ നയിക്കുക. ഈ സീസണിൽ ഇനിയും തിരിച്ചുവരാനുള്ള സമയവും കഴിവും ഞങ്ങളുടെ ടീമിനുണ്ടെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം – ഗംഭീർ പറഞ്ഞു.

നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം തന്റേതു മാത്രമാണെന്നും ഗംഭീർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ടീം മാനേജ്മെന്റ് ഒരുതരത്തിലുമുള്ള സമ്മർദ്ദം എനിക്കുമേൽ ചെലുത്തിയിട്ടില്ല. ഇതാണ് നായകസ്ഥാനം ഒഴിയാൻ ശരിയായ സമയമെന്ന് ഞാൻ കരുതുന്നു – ഗംഭീർ വ്യക്തമാക്കി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരിക്കെ രണ്ടു തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ള ഗംഭീർ, ഇത്തവണത്തെ താരലേലത്തിലാണ് ഡൽഹി ടീമിന്റെ ഭാഗമായത്. ആദ്യ മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ അർധസെഞ്ചുറി (55) നേടി തിളങ്ങിയെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്താൻ ഗംഭീറിന് സാധിച്ചിരുന്നില്ല. 15, എട്ട്, മൂന്ന്, നാല് എന്നിങ്ങനെയായിരുന്നു തുടർന്നുള്ള മൽസരങ്ങളിൽ ഗംഭീറിന്റെ പ്രകടനം. രാജസ്ഥാനെതിരായ രണ്ടാം മൽസരത്തിൽ ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല.

സീസണിലെ ആദ്യ മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനോടു തോറ്റ ഡൽഹിക്ക് ആദ്യ ജയം നേടാൻ നാലാം മൽസരം വരെ കാത്തിരിക്കേണ്ടി വന്നു. പോയിന്റ് പട്ടികയിൽ തങ്ങൾക്കു തൊട്ടു മുന്നിലുള്ള മുംബൈ ഇന്ത്യൻസിനെ ഈ മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ഇതിനു പിന്നാലെ അടുത്ത രണ്ടു മൽസരങ്ങളും ഡൽഹി തോൽക്കുകയും െചയ്തു.

സീസണിൽ ഡൽഹിയുടെ പ്രകടനം ഇതുവരെ:

∙ കിങ്സ് ഇലവൻ പഞ്ചാബിനോട് നാലു റൺസിന് തോറ്റു
∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ആറു വിക്കറ്റിന് തോറ്റു.
∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 71 റൺസിന് തോറ്റു
∙ മുംബൈ ഇന്ത്യൻസിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു
∙ രാജസ്ഥാൻ റോയൽസിനോട് 10 റൺസിന് തോറ്റു (ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം)
∙ കിങ്സ് ഇലവൻ പഞ്ചാബുമായി മുഖാമുഖമെത്തിയ രണ്ടാം മൽസരത്തിലും ആറു വിക്കറ്റിന് തോറ്റു.