മുംബൈ∙ വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ മിടുക്കനാണ് ഇന്ത്യയുടെ മുൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി. 35 വയസ് പിന്നിട്ടെങ്കിലും ഇക്കാര്യത്തിൽ ധോണിയെ വെല്ലാൻ യുവതാരങ്ങൾക്കു പോലും സാധിക്കുമോയെന്നു സംശയം. ഇന്ത്യൻ ടീമിലെ യങ് ഹീറോ ഹാർദിക് പാണ്ഡ്യയെ ഓടിത്തോൽപ്പിച്ച ധോണിയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും സ്പ്രിന്റർ ധോണിയുടെ മികവു തെളിയിച്ച് ഒരു മൽസരം നടന്നു. ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് കിരീടം ചൂടിയതിനു ശേഷമായിരുന്നു ആരാധകരിൽ കൗതുകമുണർത്തിയ മൽസരം.
വിക്കറ്റുകൾക്കിടയിലൂടെ ഓടി മൂന്നു റൺസ് പൂർത്തിയാക്കുക എന്നതായിരുന്നു മൽസരം. മൽസരിക്കുന്നത് ധോണിയും ചെന്നൈയുടെ വിൻഡീസ് താരം ഡ്വെയിൻ ബ്രാവോയും. ആദ്യം ഓടിപ്പൂർത്തിയാക്കുന്നയാൾ വിജയി.
എന്തായാലും മൽസരിച്ചോടിയ ധോണിയും ബ്രാവോയും ഏതാണ്ട് ഒപ്പമാണ് മൽസരം പൂർത്തിയാക്കിയത്. വിജയിയെ കണ്ടെത്താൻ ഫോട്ടോ ഫിനിഷ് വേണ്ടിവന്നുവെന്ന് ചുരുക്കം. ഒടുവിൽ സെന്റിമീറ്ററുകളുടെ വ്യത്യാസത്തിൽ ധോണി തന്നെ ജയിച്ചുകയറുകയും ചെയ്തു.