Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനച്ചിലാറിനെ നോക്കി പറന്നവർക്ക് പോൾവോൾട്ട് മെഡലുകൾ

arsha-pole-vault സീനിയർ പോൾവോൾട്ട് മത്സരത്തിനിടെ പരുക്കേറ്റുവീണ കല്ലടി എച്ച്എസ്എസിലെ ആർഷ ബാബുവിനരികിൽ പരിശീലകൻ സതീഷ്കുമാറും സഹതാരം നിവ്യ ആന്റണിയും.

പാലാ∙ ‘മീനച്ചിലാർ കണ്ടിരിക്കണം’. പാലാ പോണാടിലെ കാപ്പൻമാരുടെ റബർതോട്ടത്തിൽ പരിശീലനത്തിനിറങ്ങുന്ന ജംപ്സ് അക്കാദമി താരങ്ങൾക്കു മുൻപിൽ പരിശീലകൻ സതീഷ്കുമാർ ഉയർത്തുന്ന ആദ്യലക്ഷ്യമിതാണ്. റബർതോട്ടത്തിലെ പോൾവോൾട്ട് പിറ്റിൽ  നിന്നു മൂന്നുമീറ്റർ ഉയർന്നു പൊങ്ങിയാൽ മീനച്ചിലാറിന്റെ കൈവഴി കാണാം.

മീനച്ചിലാറിനെ  സ്വപ്നം കണ്ട് പോൾവോൾട്ടിൽ ഉയർന്നുപൊങ്ങിയ ജംപ്സിലെ നിവ്യയ്ക്കും ആർഷയ്ക്കും മീനച്ചിലാറിന്റെ തീരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായികോൽസവത്തിൽ സ്വർണവും വെള്ളിയും. സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ ഇരുവരും പിന്നിട്ടത് 3.40 മീറ്ററാണ്. ഏറ്റവും കുറഞ്ഞ അവസരത്തിൽ ഈ ദൂരം കീഴടങ്ങിയ നി്വ്യ ഒന്നാമതായി. ഇരുവരും പാലക്കാട് കല്ലടി സ്കൂളിലെ വിദ്യർഥികൾ.

സ്കൂൾ മീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പോൾവാൾട്ട് മൽസരങ്ങളിലൊന്നെന്ന് പരിശീലകർ  വിധിയെഴുതിയ  സീനിയർ വിഭാഗം പോൾവോൾട്ടിൽ  നിവ്യ ആന്റണി, ആർഷ ബാബു, കോതമംഗലം മാർ ബേസിലിലെ ദിവ്യ മോഹൻ എന്നിവർ തമ്മിലായിരുന്നു മൽസരം. മൂന്നു മീറ്ററിൽ തുടങ്ങിയ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടർന്ന് ഏഴു തവണ ക്രോസ് ബാർ ഉയർത്തിയശേഷം 3.40ൽ അവസാനിച്ചത്. 3.35 മീറ്റർ പിന്നിട്ട ദിവ്യ വെങ്കലം നേടി. പാഴായ ഒരുശ്രമത്തിനിടെ  ക്രോസ് ബാർ മുഖത്ത് വീണ് ആർഷയ്ക്ക് പരുക്കേറ്റിരുന്നു. മൂക്കിലൂടെ രക്തം വാർന്നൊഴുകിയിട്ടും  വകവയ്ക്കാതെ മൽസരത്തിലേക്ക് തിരിച്ചെത്തിയ ആർഷ ഗാലറിയുടെ കയ്യടിയും നേടി.