മെക്സിക്കോ ∙ മെഴ്സിഡീസിന്റെ ബ്രിട്ടിഷ് താരം ലൂയിസ് ഹാമിൽട്ടനു നാലാം ഫോർമുല വൺ കാറോട്ടക്കിരീടം. ഞായറാഴ്ച നടന്ന അതിനാടകീയമായ മെക്സിക്കൻ ഗ്രാൻപ്രിയിൽ ഒൻപതാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂവെങ്കിലും തൊട്ടടുത്ത എതിരാളി ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ 56 പോയിന്റിന്റെ അഭേദ്യമായ മേൽക്കയ്യോടെ കിരീടമുറപ്പിക്കുകയായിരുന്നു ഹാമിൽട്ടൻ.
മെക്സിക്കോയിൽ വെറ്റൽ ജയിച്ചാലും അഞ്ചാം സ്ഥാനംകൊണ്ടു ചാംപ്യൻഷിപ് നേടാമായിരുന്നു ഹാമിൽട്ടന്. എന്നാൽ ആദ്യലാപ്പിൽത്തന്നെ ഇരുവരും കൂട്ടിയിടിച്ചു പിന്തള്ളപ്പെട്ടതോടെ കാര്യങ്ങൾ പ്രവചനാതീതമായി. അതിമനോഹരമായി തിരിച്ചുവന്ന വെറ്റൽ കിരീട മൽസരം ബ്രസീലിലേക്കു നീണ്ടേക്കുമെന്ന സൂചന നൽകി. എന്നാൽ, അവസാന നിമിഷങ്ങളിൽ പഴയ എതിരാളി ഫെർണാണ്ടോ അലൊൻസോയെ പിന്തള്ളി ഒൻപതാമനായി ചെക്കേഡ് ഫ്ലാഗ് കടന്ന ഹാമിൽട്ടൻ അമൂല്യമായ രണ്ടു പോയിന്റും നാലാം എഫ് വൺ കിരീടവും വെട്ടിപ്പിടിച്ചു.
വെറ്റലിനെക്കാൾ 56 പോയിന്റ് ലീഡ് നേടിയതോടെ ശേഷിക്കുന്ന രണ്ടു മൽസരങ്ങൾ അപ്രസക്തമായി. വെറ്റൽ രണ്ടാം സ്ഥാനത്തെങ്കിലും എത്തിയിരുന്നെങ്കിൽ കിരീടത്തിനായി ഹാമിൽട്ടനു വീണ്ടും കാത്തിരിക്കേണ്ടി വന്നേനെ. കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ് തുടർച്ചയായി നാലാം വർഷവും മെഴ്സിഡീസ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
നാലാം വട്ടം ചാംപ്യൻ
ഏറ്റവും കൂടുതൽ പോൾ പൊസിഷനുകൾ എന്ന റെക്കോർഡ് ഇപ്പോൾത്തന്നെ സ്വന്തമായുള്ള ഹാമിൽട്ടനെ കാത്ത് ഇനിയും നേട്ടങ്ങളേറെ. 2017 സീസൺ വിജയിച്ചതോടെ ഏറ്റവും കൂടുതൽ എഫ് വൺ കിരീടം നേടുന്ന ബ്രിട്ടിഷ് ഡ്രൈവറായി ലൂയിസ്. ഏറ്റവും കൂടുതൽ ഗ്രാൻപ്രി വിജയങ്ങളുടെ ബ്രിട്ടിഷ് റെക്കോർഡും ഹാമിൽട്ടനു സ്വന്തമായി. 62 വിജയങ്ങൾ നേടിയ നൈജൽ മാൻസലിനെയാണു പിന്തള്ളിയത്. എഫ് വൺ ചരിത്രത്തിൽ 160 ബ്രിട്ടിഷ് താരങ്ങളാണു മൽസരിച്ചിട്ടുള്ളത്. അതിൽ 10 പേർ ചാംപ്യന്മാരുമായി.
ഷൂമാക്കറുടെ ഏഴു കിരീട നേട്ടത്തിലേക്കാണ് ഇനി അദ്ദേഹത്തിന്റെ കണ്ണ്. അഞ്ചു കിരീടങ്ങൾ നേടിയ ജുവാൻ മാനുവൽ ഫാൻജിയോയാണ് ഹാമിൽട്ടന് അതിനു മുൻപു മറികടക്കാനുള്ള എതിരാളി. അതിന്റെ സൂചനയും കഴിഞ്ഞ ദിവസം ലൂയിസ് നൽകി. നിക്കോ റോസ്ബർഗിനെപ്പോലെ ഈ നേട്ടത്തോടെ കളംവിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതൽ നേട്ടങ്ങളും മൽസരങ്ങളും വെല്ലുവിളികളും കടുപ്പമേറിയ മൽസരങ്ങളും തന്നെക്കാത്ത് എഫ് വൺ സർക്യൂട്ടിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മൽസര രംഗത്തുള്ള വെറ്റലിനു പുറമെ അലൈൻ പ്രോസ്റ്റും നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.
അരങ്ങേറ്റത്തിൽ വിസ്മയം തീർത്ത്
2007ൽ ഫോർമുല വൺ സർക്യൂട്ടിൽ ഇറങ്ങുമ്പോഴേ എതിരാളികളെ അമ്പരപ്പിച്ചിരുന്നു ഹാമിൽട്ടൻ. കനേഡിയൻ ഗ്രാൻപ്രിയിൽ ആദ്യജയം. ആ വർഷം ഒരു പോയിന്റിനു കിരീടം നഷ്ടപ്പെട്ടപ്പോൾ വൻ നിരാശ. എന്നാൽ, അതിനു കണക്കു തീർത്ത് 2008ൽ ഒരു പോയിന്റ് വ്യത്യാസത്തിൽ കിരീടം പിടിച്ചെടുത്തത് ചരിത്രം.
2012 വരെ മക്‌ലാരനിൽ തുടർന്ന ഹാമിൽട്ടന് അടുത്ത മൂന്നു കിരീടങ്ങൾ സമ്മാനിച്ചത് മെഴ്സിഡീസാണ്. 2014ലും 2015ലും മെഴ്സിഡീസിനു വേണ്ടി കിരീടം നേടിയപ്പോൾ 2016ൽ മെഴ്സിഡീസ് താരം നിക്കോ റോസ്ബർഗിനു മുന്നിൽ പരാജയപ്പെട്ടു. 1985 ജനുവരി ഏഴിനു ബ്രിട്ടനിലെ സ്റ്റീവനേജിലാണു ഹാമിൽട്ടന്റെ ജനനം.
മെക്സിക്കോയിൽ വെസ്തപ്പൻ
ലൂയിസ്‍ ഹാമിൽട്ടന്റെ കിരീടനേട്ടത്തിൽ മുങ്ങിപ്പോയെങ്കിലും മെക്സിക്കൻ ഗാൻപ്രി ജേതാവ് റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പന്റെ പ്രകടനം ഗംഭീരമായി. സീസണിൽ മൂന്നാം വിജയം നേടിയ വെസ്തപ്പൻ നാളെയുടെ താരമെന്ന വിശേഷണത്തിന് അർഹനായിക്കഴിഞ്ഞു. ആദ്യലാപ്പിൽ ഹാമിൽട്ടനും വെറ്റലും കൂട്ടിയിടിച്ചു പിന്തള്ളപ്പെട്ടതോടെ അതിമനോഹരമായി കാറോടിച്ചു പോഡിയം കയറുകയായിരുന്നു വെസ്തപ്പൻ. മെഴ്സിഡീസ് താരം വൾട്ടേരി ബൊത്താസ് രണ്ടാമനായും ഫെറാറിയുടെ മുൻ ചാംപ്യൻ കിമി റെയ്ക്കോണൻ മൂന്നാമനായും മൽസരം അവസാനിപ്പിച്ചു.