ഈ തോൽവിയിൽ നിന്നു കേരളത്തിന് പഠിക്കാനേറെ; സൂചന കണ്ടു പഠിച്ചില്ലെങ്കില്‍...!

വെളിച്ചം മങ്ങി; നിഴൽ മാത്രം: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പ്രതാപം മങ്ങി കേരളത്തിന്റെ പ്രകടനം. പലയിനങ്ങളിലും താരങ്ങളുടെ പ്രകടനം നിഴൽ മാത്രമായപ്പോൾ കേരളം കിരീടവും കൈവിട്ടു. ജൂനിയർ മീറ്റിൽ അവസാന ദിവസം നടന്ന സ്റ്റീപ്പിൾ ചേസ് മൽസരത്തിൽ നിന്ന്. ചിത്രം: നിഖിൽരാജ്

ഗുണ്ടൂർ∙ കഴിഞ്ഞദിവസം ആന്ധ്രക്കാരെ ഭയപ്പെടുത്തി ഒരു വാർത്ത രണ്ടു കാലിൽ നടന്നു ! തലസ്ഥാനമായ അമരാവതിയിൽ അദ്ഭുതസിദ്ധികളുള്ള അന്യഗ്രഹജീവികളെ കണ്ടെത്തിയത്രേ. രണ്ടുകാലിൽ നിവർന്നുനിൽക്കുന്ന ജീവികളുടെ വിഡിയോ വൈറലായി. ഒടുവിൽ സത്യം ചിറകടിച്ചു, അതു രണ്ടു കാലിൽ നിവർന്നുനിൽക്കുന്ന പത്തായ മൂങ്ങയാണ് ! ഗുണ്ടൂരിലെ ദേശീയ ജൂനിയർ മീറ്റിലും നടന്നത് ഇതൊക്കെത്തന്നെ.

അത്‌ലറ്റിക്സിലെ അതികായരെന്ന് ഇന്ത്യൻ കായികം വിശ്വസിച്ചിരുന്ന കേരളം, ഹരിയാനയ്ക്കു മുന്നിൽ പത്തായ മൂങ്ങകളായി. കിരീടം ഹരിയാനയുടെ കാൽക്കൽ വച്ചു മടങ്ങുന്ന കേരളത്തിനു പഴമയുടെ പെരുമയിൽ ഇനി രണ്ടുകാലിൽ നിൽക്കാനാവില്ല. വേണ്ടതു തിരി‍ഞ്ഞു നോട്ടം, തെറ്റുതിരുത്തലുകൾ. ഇപ്പോൾത്തന്നെ വൈകിക്കഴിഞ്ഞു.

നന്നായി ഓടി

എന്തുകൊണ്ടു കേരളം രണ്ടാമതായി എന്ന ചോദ്യത്തിന്, ഒന്നാമതെത്തിയ ഹരിയാന നന്നായി ഓടി എന്നാണ് ഏറ്റവും ലളിതമായ ഉത്തരം. ഇനി ഇത്തിരി ആഴത്തിൽ ചിന്തിച്ചാലും അതുതന്നെയാണുത്തരം; ‘ഹരിയാന നന്നായി ഓടി’. ത്രോ ഇനങ്ങളിലെ മേധാവിത്വം നിലനിർത്തുകയും തട്ടകമല്ലാത്ത ഓട്ടമത്സരങ്ങളിൽക്കൂടി മെഡൽ വാരുകയും ചെയ്തപ്പോൾ ഹരിയാന ഒന്നാമതായി. നമ്മൾക്കാണെങ്കിൽ ത്രോ ഇനങ്ങളിൽ മത്സരിക്കാനാളുമില്ല, ഓട്ടമത്സരങ്ങളിൽ പിന്നിലായിപ്പോവുകയും ചെയ്തു.

അവസാനം നടന്ന 4–400 മീറ്റർ റിലേയിൽ ഉൾപ്പെടെ പല സ്പ്രിന്റ് ഇനങ്ങളിലും ഹരിയാനയ്ക്കു മെഡൽ വന്നു. 100 മുതൽ 400 മീറ്റർവരെയുള്ള സ്പ്രിന്റ് ഇനങ്ങളിൽ കേരളം പിന്നോട്ടുപോകുന്നതാണ് കഴിഞ്ഞ രണ്ടുവർഷത്തെ അവസ്ഥ. 100 മീറ്ററിൽ കേരളത്തിന് ഒരു വേഗതാരമില്ല, 400 മീറ്റർ വരെയുള്ള ഇനങ്ങളിൽ ഒരു റെക്കോർഡ് പോലും ഇത്തവണ കേരളം സൃഷ്ടിച്ചില്ല.

മാത്രമല്ല. ജിസ്ന‌ മാത്യു മാത്രമാണ് മികച്ച അത്‌ലിറ്റുകളുടെ പട്ടികയിൽ ഇടം നേടിയ ഏക മലയാളി. പക്ഷേ, എഎഫ്ഐയ്ക്കു വേണ്ടിയാണ് ജിസ്ന ഇത്തവണ ഇറങ്ങിയത്. അതേസമയം ഹരിയാനയിൽ നിന്ന് രണ്ടുപേരും തമിഴ്നാട്ടിൽ നിന്ന് രണ്ടുപേരും മികച്ച അത്‌ലിറ്റുകളായി. 

മുൻഗണന മാറണം

സ്കൂൾ, യൂണിവേഴ്സിറ്റി മീറ്റുകൾക്കു നൽകുന്ന അമിത പ്രാധാന്യം ദേശീയ തലത്തിൽ കേരളത്തിനു മെഡൽ വരുന്നതിനു തടസ്സമാകുന്നുണ്ട്. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ദേശീയ ജൂനിയർ മീറ്റിനുവേണ്ടിയാണു താരങ്ങളെ തയാറാക്കുന്നത്. നമ്മളാകട്ടെ സംസ്ഥാന സ്കൂൾ മീറ്റിനു വേണ്ടിയും. ജോലി സാധ്യതയുള്ള കോഴ്സ് തിരഞ്ഞെടുക്കാൻ മിടുക്കു കാണിക്കുന്ന മലയാളി കരിയർ സാധ്യതയുള്ള മീറ്റ് തിരഞ്ഞെടുക്കുന്നതിൽ പിന്നാക്കമാകുന്നു. സ്കൂൾ മീറ്റിൽ കിട്ടുന്ന സർട്ടിഫിക്കറ്റിനേക്കാൾ പല മടങ്ങ് പ്രാധാന്യമുള്ളതാണ് അത്‌ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദേശീയ ജൂനിയർ മീറ്റിലെ സർട്ടിഫിക്കറ്റ്.

കേരളത്തിന്റെ മുൻഗണനാക്രമം മാറണമെന്നു സാരം. കൂടാതെ ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റും ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളും ദേശീയ ജൂനിയർ മീറ്റും ഉൾപ്പെടെ മേളകൾ കൂട്ടിമുട്ടിയപ്പോൾ കേരളത്തിനു മികച്ച ടീമിനെ ഇറക്കാനായില്ലെന്നും വാദമുണ്ട്. മെഡൽ പ്രതീക്ഷയായിരുന്ന ആറുപേരില്ലാതെയാണു കേരളം ഗുണ്ടൂരിൽ മത്സരത്തിനിറങ്ങിയത്.

വേഗമിതു പോരാ

പണമൊഴുക്കി അടിസ്ഥാന സൗകര്യമുണ്ടാക്കുകയാണ് ഹരിയാന. ഓരോ ജില്ലയിലും സ്പോർട്സ് കോപ്ലക്സുകളും സംസ്ഥാനത്തെ മൂന്നായി തിരിച്ച് ഓരോയിടത്തും ഓരോ സെൻട്രലൈസ്‍ഡ് സ്പോർട്സ് അക്കാദമികളും ഇവർ നിർമിച്ചു വരുന്നു. ഇവിടങ്ങളിൽ പരിശീലനം സൗജന്യം. ഒരു ദിവസം ഒരു കായികതാരത്തിന് 2000 രൂപ നിരക്കിൽ ചെലവഴിച്ചാണ് പരിശീലനം നൽകുന്നത്.

സെൻട്രലൈസ്ഡ് അക്കാദമികളിൽ‌ ഏറ്റവും നൂതനമായ ഉപകരണങ്ങളും ടെക്നോളജിയും ലഭ്യം. മാത്രമല്ല, ദേശീയ തലത്തിലെ സ്വർണത്തിന് മൂന്നുലക്ഷവും വെള്ളിക്കു രണ്ടും വെങ്കലത്തിന് ഒരുലക്ഷവും വീതമാണു കായികതാരങ്ങൾക്കു ലഭിക്കുന്നത്. കേരളത്തിൽ ഇത് യഥാക്രമം 15000, 10000, 7000 എന്നിങ്ങനെയാണ്. 

ശ്രദ്ധിക്കേണ്ടത്

ഉറക്കം നടിച്ചാൽ ആമയും മുയലും കഥയിലെ മുയലിന്റെ ഗതിയാകും കേരളത്തിന്. ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണ് മറ്റു സംസ്ഥാനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഇനിയും നമ്മൾ അത്തരം പദ്ധതികൾക്കു തുടക്കമിട്ടില്ലെങ്കിൽ ഗുണ്ടൂർ പരാജയം ആവർത്തിക്കും. സായി പരിശീലന കേന്ദ്രങ്ങളിലേതുപോലെ ചിട്ടയായ ശാസ്ത്രീയ പരിശീലനം നൽകി താരങ്ങളെ വളർത്തിയെടുക്കാൻ നമുക്കും കഴിയേണ്ടതുണ്ട്.