റാഞ്ചി∙ കാൽമുട്ടിൽ വലിച്ചുകെട്ടിയ ബാൻഡ് എയ്ഡ്, വേദന കടിച്ചമർത്തിയ മുഖം, അണ്ടർ 18 പെൺകുട്ടികളുടെ ലോങ്ജംപിനു തയാറെടുക്കുന്ന ആൻസി സോജനെ കണ്ട പരിശീലകൻ കണ്ണനു പോലും മെഡൽ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ ആദ്യ കുതിപ്പ് തന്നെ ടോപ്പ് ഗിയറിലായപ്പോൾ എല്ലാവരുടെയും മുഖം തെളിഞ്ഞു, ആൻസിയുടെയും. തുടർന്നുള്ള ചാട്ടങ്ങളിൽ പിന്നാക്കം പോയത് ഒരിക്കൽ മാത്രം. അവസാന അവസരം പിഴച്ചെങ്കിലും സ്വർണമെഡൽ പ്രകടനം അതിനു മുൻപേ തന്നെ ആൻസി പുറത്തെടുത്തിരുന്നു. കഴിഞ്ഞ വർഷം ഗുണ്ടൂരിൽ നടന്ന മേളയുടെ തനിയാവർത്തനം പോലെ 5.97 മീറ്റർ ചാടിക്കടന്ന് ആൻസി സ്വർണം സ്വന്തമാക്കി.
സംസ്ഥാന സ്കൂൾ കായിക മേളയിൽ പരുക്ക് മൂലം മുന്നാം സ്ഥാനത്തേക്കു പോയപ്പോൾ പരിശീലകൻ കണ്ണൻ പോലും പറഞ്ഞത് ദേശീയ മേളയിൽ മെഡൽ ലക്ഷ്യം വയ്ക്കണ്ട, മികച്ച പ്രകടനം നടത്താൻ ശ്രമിക്കൂ എന്നായിരുന്നു. എന്നാൽ, ഉപജീവന മാർഗമായ ഓട്ടോറിക്ഷ ഷെഡിൽ കയറ്റിയിട്ട് കൂടെ വന്ന അച്ഛൻ സോജനും മെഡൽ കൊയ്തു വരാൻ ആംശംസിച്ച് പണം പിരിച്ച് വിമാനത്തിൽ റാഞ്ചിയിലേക്കു പറഞ്ഞയച്ച നാട്ടുകാർക്കും സമ്മാനിക്കാൻ സ്വർണത്തിൽ കുറഞ്ഞൊന്നും ആൻസിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. അവർക്കെല്ലാം വേണ്ടി കളത്തിലിറങ്ങിയ ഈ നാട്ടികക്കാരിയുടെ കുതിപ്പിനു പരുക്കിന്റെ വേദനയോ തുടർച്ചയായ മൽസരങ്ങളുടെ തളർച്ചയോ തടസ്സമായില്ല.