രണ്ടു സീറ്റുകൾ, അതിനിടയിൽ അട്ടിയിട്ടു വച്ചിരിക്കുന്ന കുറേ ബാഗുകൾ, ഇവയ്ക്കു മുകളിൽ ഇരുന്നും കിടന്നും ഉറങ്ങുന്ന 10 കുട്ടികൾ. ഒന്നു തലചായ്ക്കാൻ അവസരത്തിനായി കാത്തുനിൽക്കുന്നവർ അതിലുമേറെ. ട്രെയിനിന്റെ ജനാലകൾ തുറന്നിട്ടാൽപ്പോലും കാറ്റ് അകത്തു കടക്കുന്നില്ല. കെട്ടിനിൽക്കുന്ന വായുവിന്റെ മനംമടുപ്പിക്കുന്ന ഗന്ധം ഓരോ ശ്വാസത്തിലും തുളഞ്ഞുകയറുന്നു. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിനായി പോകുന്ന കേരളത്തിന്റെ താരങ്ങളുടെ ദുരിതയാത്ര തുടരുകയാണ്. 24 പേർക്കു റിസർവേഷനുമായി ട്രെയിനിലുള്ളതു 136 പേർ.
അടുത്ത സീറ്റുകളിൽ ഉള്ള യാത്രക്കാരുടെ ബഹളം പലപ്പോഴും വഴക്കുകളിലേക്ക് വഴിമാറുന്നു. ഉറക്കക്ഷീണത്തോടൊപ്പം ഭയവും കുട്ടികളുടെ മുഖങ്ങളിൽ തെളിഞ്ഞുകാണാം.
‘ശങ്ക’ തീർക്കുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ. ശുചിമുറി വരെ എത്താൻ പോയിട്ട് ചവിട്ടിയിരിക്കുന്ന കാലൊന്നു ചലിപ്പിക്കാൻ പോലും ഇടമില്ല. ഇരിക്കുന്നിടത്തു നിന്ന് ഒന്ന് എഴുന്നേറ്റാൽ തിരികെയിരിക്കുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ.
പകൽ മുഴുവൻ തിങ്ങിനിറഞ്ഞു യാത്ര ചെയ്ത കേരളത്തിന്റെ യുവ താരങ്ങൾക്ക് കഴിഞ്ഞ രാത്രി നേരിടേണ്ടി വന്ന ദുരവസ്ഥയുടെ നേർചിത്രമാണിത്. ഒരു പോള കണ്ണടയ്ക്കാതെയാണ് പലരും രാത്രി കഴിച്ചുകൂട്ടിയത്. ഇതിന്റെ ക്ഷീണം ഉറങ്ങിത്തീർത്തത് ഇന്നലെ പകലും.
‘‘ സംസ്ഥാന സ്കൂൾ കായികമേള കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് നിന്നു പാലക്കാട്ടെ പരിശീലന ക്യാംപിൽ എത്തിയത്. അന്ന് ഉച്ചയോടെ റാഞ്ചിയിലേക്കുള്ള യാത്രയും തുടങ്ങി. ദിവസങ്ങളായി തുടരുന്ന വിശ്രമമില്ലാത്ത ഓട്ടത്തിനിടയിലുള്ള ഈ ട്രെയിൻ യാത്രയ്ക്കിടെ അൽപം വിശ്രമിക്കാമെന്നാണു കരുതിയത്. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, ഈ യാത്ര ഞങ്ങളെ കൂടുതൽ തളർത്തുകയും ചെയ്തു.’’– ടീമിലെ ഒരു താരത്തിന്റെ ഈ വാക്കുകളിൽ തന്നെയുണ്ട് ദുരിതയാത്രയുടെ മുഴുവൻ ചിത്രവും.
ശരിയായ ഉറക്കവും വിശ്രമവും ഇല്ലാതെ ട്രാക്കിലിറങ്ങേണ്ടി വരുമ്പോൾ പരുക്കു സംഭവിക്കാം, പ്രകടനം മോശമാകാം. 2 ദിവസത്തെ ദുരിതയാത്രയ്ക്ക് ശേഷം ഇന്നു രാവിലെ 9ന് കേരള സംഘം റാഞ്ചിയിലെത്തും. കൈമോശം വന്ന ദേശീയ ജൂനിയർ നാഷനൽ അത്‌ലറ്റിക് കിരീടം തിരികെപ്പിടിക്കണമെന്ന വാശിയുമായി. ഹരിയാനയാണു നിലവിലെ ചാംപ്യന്മാർ.
ദുരിതത്തിനു കാരണം വേദി അനിശ്ചിതത്വം: കേരള അധികൃതർ
കൊച്ചി ∙ ദേശീയ ജൂനിയർ മീറ്റ് വേദി സംബന്ധിച്ച അനിശ്ചിതത്വമാണ് ദുരിതയാത്രയ്ക്കു കാരണമെന്ന് കേരള അത്‌ലറ്റിക് അസോസിയേഷൻ. റാഞ്ചിയിൽനിന്നു ഗുണ്ടൂരിലേക്കു മാറ്റുമെന്നു സൂചനയുണ്ടായിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാൻ വൈകി.
സെപ്റ്റംബർ 19ന് ആണ് 160 ടിക്കറ്റു ബുക്ക് ചെയ്തത്. അതിനു മുൻപേ വെയിറ്റിങ് ലിസ്റ്റായിരുന്നു. ട്രെയിനിൽ അധിക കോച്ച് ഘടിപ്പിക്കാൻ പണം മുടക്കാനും സ്പോർട്സ് കൗൺസിൽ തയാറായിരുന്നു. ഇതു സാധിക്കില്ലെന്നു റയിൽവേ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകളെല്ലാം ഇതേ അവസ്ഥയിൽ ഈ ട്രെയിനിലുണ്ട്. - അസോസിയേഷൻ സെക്രട്ടറി പി. ഐ. ബാബു പറഞ്ഞു.
മടക്ക യാത്രയിലും എല്ലാവർക്കും റിസർവേഷൻ ഉറപ്പായിട്ടില്ല. പ്രതിവാര എസി ട്രെയിനിൽ ബാക്കിയുള്ളവർക്കും ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്പോൺസർഷിപ്പിലൂടെ ടിക്കറ്റ് തുക കണ്ടെത്താനാണ് ശ്രമം. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കൂടിയായ ഒളിംപ്യൻ മേഴ്സി കുട്ടനാണ് ഇതിനു മുൻകൈയെടുക്കുന്നത്.