ഗുണ്ടൂരിൽ മീറ്റ് റെക്കോർഡെങ്കിൽ റാഞ്ചിയിൽ ദേശീയ റെക്കോർഡ്. വർഷാവർഷം റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന കോഴിക്കോട് പുല്ലരാംപാറ സ്വദേശി അപർണാ റോയ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണയുടെ കുതിപ്പ് ഇത്തവണയും പുതിയ റെക്കോർഡോടെ. ബാങ്കോക്കിൽ നടന്ന യൂത്ത് ഒളിംപിക്സ് ക്വാളിഫയിങ് മൽസരത്തിൽ കുറിച്ച 13:98 സെക്കന്റ് എന്ന സ്വന്തം സമയമാണ് റാഞ്ചിയിൽ 13:76 സെക്കന്റാക്കി പുതുക്കിയത്. പരുക്കിനെത്തുടർന്നു യൂത്ത് ഒളിംപിക്സിൽ പങ്കെടുക്കാനാകാഞ്ഞതിന്റെ കുറവ് ഇവിടെ തീർത്താണ് അപർണ കളം വിട്ടത്.
അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ കോഴിക്കോട് കല്ലാനോട് സ്വദേശി അബിത മേരി മാനുവലും, അപർണയും സ്വന്തമാക്കിയ സ്വർണം ഉൾപ്പടെ 14 മെഡലുകളാണ് മേളയുടെ രണ്ടാം ദിനം കേരളം അക്കൗണ്ടിൽ ചേർത്തത്. ഇതിൽ 5 വെള്ളിയും 7 വെങ്കലവും ഉൾപ്പെടും. പെൺകുട്ടികളുടെ ഹർഡിൽസിൽ (അണ്ടർ 16) കോട്ടയം ഭരണങ്ങാനം സ്വദേശി അലീനാ വർഗീസ്, പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ (അണ്ടർ 16) വയനാട് മാനന്തവാടി സ്വദേശി എൽഗാ തോമസ്, പെൺകുട്ടികളുടെ ഹൈജംപിൽ (അണ്ടർ 18) എറണാകുളം രവിപുരം സ്വദേശി ഗായത്രി ശിവകുമാർ, ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ (അണ്ടർ 20) അഭിനന്ദ് സുന്ദരേശൻ, ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ (അണ്ടർ 18) ആദർശ് ഗോപി എന്നിവരാണ് കേരളത്തിന് വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയത്.
ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ (അണ്ടർ 20) കേരള ടീം ക്യാപ്റ്റനും തിരുവനന്തപുരം സായിയുടെ താരവുമായ മുഹമ്മദ് ഫയ്സ്, പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ കൊല്ലം കൊട്ടാരക്കര സ്വദേശി എ.എസ് സാന്ദ്ര, ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ (അണ്ടർ 18) തിരുവനന്തപുരം സായിയിലെ സി. അഭിനവ്, ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ (അണ്ടർ 20) നെവിൻ ഫെർണാണ്ടസ്, പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ(അണ്ടർ 14) കണ്ണൂർ പയ്യന്നൂർ സ്വദേശി സി. അനുഗ്രഹ, പെൺകുട്ടികളുടെ 1500 മറ്റർ ഓട്ടത്തിൽ(അണ്ടർ 18) മിന്നു പി. റോയി, ആൺകുട്ടികളുടെ സെക്കാത്തലിനിൽ (അണ്ടർ 20) കെ.ആർ ഗോകുലുമാണ് വെങ്കലം നേടിയത്
മെഡൽപട്ടികയിൽ രണ്ടാം ദിവസവും ഹരിയാന തന്നെയാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് എത്താനായങ്കിലും സ്ഥിരം കുത്തകയായ ഹർഡിൽസിലും 400 മീറ്റർ ഓട്ടതതിലും കേരളത്തിന് കനത്ത തിരിച്ചടിയുടെ ദിവസമായിരുന്നു ഇന്നലെ. ഹർഡിൽസിൽ മഹാരാഷ്ട്ര താരങ്ങൾ കുതിച്ചു കയറിയപ്പോൾ 400 മീറ്ററിൽ വിജയം പലർക്കായി പങ്കിട്ട് പോകുന്ന കാഴ്ചയ്ക്കാണ് ബിർസാമുണ്ടാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
താരങ്ങളെ വലച്ച് സമയക്രമം
ഇന്നലത്തെ മൽസരങ്ങൾ തുടങ്ങിയത് പുലർച്ചെ 6 മണിക്ക്. അവസാനിച്ചത് രാത്രി 10 മണിയോടെയും. പല താരങ്ങൾക്കും രാവിലത്തെ തണുപ്പിനെ അതിജീവിച്ച് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല, രാത്രി വൈകിയും മൽസരങ്ങൾ തുടർന്നതോടെ താരങ്ങൾ നന്നായി വലഞ്ഞു.
മറ്റ് ദേശീയ റെക്കോർഡുകൾ
അണ്ടർ 14 ആൺകുട്ടികളുടെ ലോങ്ജംപിൽ 6.84 മീറ്റർ ചാടി അത്‌ലറ്റിക്സ് ഫെഡറേഷനു വേണ്ടി മൽസരിക്കുന്ന മധ്യപ്രദേശിന്റെ അഭിനാഷ് കുമാർ, അണ്ടർ 14 പെൺകുട്ടികളുടെ ഹൈജംപിൽ കർണാടകയുടെ പവന നാഗരാജ് (1.63 മീറ്റർ), അണ്ടർ 20 ആൺകുട്ടികളുടെ 10 കിലോ മീറ്റർ നടത്തത്തിൽ പഞ്ചാബിന്റെ അക്ഷ്ദീപ് സിങ് (40.47.78 മിനിറ്റ്), അണ്ടർ 18 ആൺകുട്ടികളുടെ ഡെക്കാത്തലനിൽ ഉത്തർ പ്രദേശിന്റെ സൗരഭ് രതി (6549 പോയിന്റ്), അണ്ടർ 16 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മഹാരാഷ്ട്രയടെ പ്രാഞ്ജലി (14.36 സെക്കൻഡ്) എന്നിവരാണ് ഇന്നലെ ദേശീയ റെക്കോർഡുകൾ തിരുത്തിക്കുറിച്ച മറ്റു താരങ്ങൾ.