പ്രളയത്തിന്റെ പേരിൽ സംസ്ഥാന സ്കൂൾ കായിക മേളയുടെ മെഡലുകൾ നിഷേധിച്ചു. രണ്ടു ദിവസത്തെ ദുരിതയാത്ര സമ്മാനിച്ച് റെയിൽവേ ചതിച്ചു. യാത്രാ സൗകര്യവും താമസ സൗകര്യവും സമയത്ത് ഒരുക്കാതെ ദേശീയ മേളയുടെ സംഘാടകരും വലച്ചു. ദുരിതങ്ങളുടെ മേൽ ദുരിതങ്ങളുമായി റാഞ്ചിയിലെത്തിയ കേരള ടീം ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിന് ഇന്നു കളത്തിലിറങ്ങുന്നു. കിരീടത്തിൽ കുറഞ്ഞൊന്നും കേരളത്തിനു ലക്ഷ്യമില്ല.
കേരള ടീം തയാർ
20 ഫൈനലുകൾ നടക്കുന്ന ആദ്യ ദിനത്തിൽ എല്ലാ ഇനത്തിലും മെഡൽ പ്രതീക്ഷയോടെയാണ് കേരള ടീം തയാറെടുപ്പ് നടത്തുന്നത്. 136 പേരാണു കേരള ടീമിലുള്ളത്. 139 അംഗ ടീമിനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും മൂന്നു പേർ സർവകലാശാല മേളയ്ക്കായി മാറി. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും പെൺകരുത്തിലാണ് കേരളത്തിന്റെ പ്രധാന പ്രതീക്ഷ. അംഗബലത്തിലും അവർ തന്നെയാണ് മുന്നിൽ. തിരുവനന്തപുരം സായിയിലെ താരങ്ങളായ മുഹമ്മദ് ഫൈസും മേഘാ മറിയം മാത്യുവുമാണ് കേരളാ ടീമിനെ നയിക്കുന്നത്.
രാജ്യാന്തര താരങ്ങൾ
കേരളത്തിന്റെ കുപ്പായത്തിൽ 5 രാജ്യാന്തര താരങ്ങളും ഇത്തവണ മൽസര രംഗത്തുണ്ട്. അപർണ റോയ് (100 മീറ്റർ ഹഡിൽസ്), സാന്ദ്ര ബാബു (ട്രിപ്പിൾ ജംപ്), ജെ. വിഷ്ണുപ്രിയ (400 മീറ്റർ ഹർഡിൽസ്), ആർ. ഗോകുൽ (ഡെക്കാത്തലിൻ), മുഹമ്മദ് ഫൈസ് (110 മീറ്റർ ഹർഡിൽസ്) എന്നിവരാണ് ആ മിന്നും താരങ്ങൾ.
ഇവരെ സൂക്ഷിക്കണം
കഴിഞ്ഞ തവണ കേരളത്തിൽ നിന്നു കിരീടം കവർന്ന ഹരിയാന ഇക്കുറിയും ശക്തമായ ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്. 168 താരങ്ങളാണ് അവർക്കുവേണ്ടി കളത്തിലിറങ്ങുന്നത്. തമിഴ്നാടും പൊരുതാനുറച്ചു തന്നെയാണ് എത്തിയിരിക്കുന്നത്. 153 പേരാണ് ടീമിലുള്ളത്. കേരള താരങ്ങളുടെ തളർച്ച മുതലെടുക്കാനാവും ഹരിയാന ശ്രമിക്കുക.
ഭാഗ്യ സ്റ്റേഡിയം
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അത്‌ലറ്റിക് സ്റ്റേഡിയങ്ങളിൽ ഒന്നായ റാഞ്ചി ബർസാ മുണ്ട കേരളത്തിന് ഭാഗ്യ നിർഭാഗ്യങ്ങൾ ഒരുപോലെ സമ്മാനിച്ചിട്ടുള്ള മൈതാനമാണ്.
2011ൽ ഇവിടെ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ കേരളത്തിൽ നിന്ന് ഹരിയാന കിടീടം തട്ടിയെടുത്തിരുന്നു. എന്നാൽ 2015ൽ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിന് ബർസാ മുണ്ട വീണ്ടും വേദിയായപ്പോൾ കിരീട നേട്ടത്തോടെയാണ് കേരളം മൈതാനം വിട്ടത്.
ട്രെയിനിറങ്ങി, പിന്നാലെ വഴിയിൽ കുടുങ്ങി
റാഞ്ചി ∙ 2 ദിവസത്തെ ദുരിതയാത്രയ്ക്കു ശേഷം കേരളപ്പിറവി ദിനം രാവിലെ റാഞ്ചിയിൽ എത്തിയ കേരള ടീമിനു പെരുവഴിയിൽ കാത്തുകെട്ടിക്കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം. 9 മണിയോടെറെയിൽവേ സ്റ്റേഷനിൽ എത്തിയ 136 അംഗ ടീമിനെ ബിർസ മുണ്ട സ്റ്റേഡിയത്തിന് സമീപമുള്ള താമസ സ്ഥലത്ത് എത്തിക്കാൻ ആകെ ഉണ്ടായത് ഒരു മിനി ബസ് മാത്രം. അതും എത്തിയത് മണിക്കൂറുകൾക്ക് ശേഷം. താമസം ഒരുക്കുന്നതിലും കാലതാമസമുണ്ടായി. എങ്കിലും ലഭിച്ചത് മികച്ച സൗകര്യങ്ങളാണെന്ന് ടീം അധികൃതർ അറിയിച്ചു.