ഇന്ത്യയ്ക്കു വീണ്ടും തിരിച്ചടി; ഷോട്ട്പുട്ട് താരം ഇന്ദർജീത് സിങ്ങും ഉത്തേജകക്കുരുക്കില്‍

ഇന്ദർജീത് സിങ് (ഫയൽ ചിത്രം)

ന്യൂഡൽഹി∙ റിയോ ഒളിംപിക്സിനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് വീണ്ടും തിരിച്ചടി. ഗുസ്തി താരം നർസിങ് യാദവിനു പിന്നാലെ റിയോ ഒളിംപിക്സിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഷോട്ട്പുട്ട് താരം ഇന്ദർജീത് സിങ്ങും ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഇരുപത്തിയെട്ടുകാരനായ ഇന്ദർജീത് സിങ്, നിരോധിത മരുന്നുകളിൽപ്പെടുന്ന സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) കണ്ടെത്തി. ഇതോടെ, ഇന്ദർജീത് സിങ്ങിന്റെ ഒളിംപിക്സ് പങ്കാളിത്തം സംശയത്തിലായി.

ജൂണ്‍ 22ന് നടത്തിയ പരിശോധനയിലാണ് ഹരിയാനക്കാരനായ ഇന്ദർജീത് സിങ്ങിന്റെ ശരീരത്തിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) പുതിയ നിയമമനുസരിച്ച് ഇന്ദർജീത് സിങ്ങിന് നാലു വർഷത്തെ വിലക്ക് ലഭിക്കാനും സാധ്യതയുണ്ട്. 2014 ഏഷ്യൻ ഗെയിംസിലെ ഷോട്ട്പുട്ട് വിഭാഗം വെള്ളിമെഡൽ ജേതാവാണ് ഇന്ദർജീത് സിങ്.

ബ്രസീലിലെ റിയോ ഡീ ജനീറോയിൽ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഒളിംപിക്സിലേക്ക് ആദ്യം യോഗ്യത നേടിയ ഇന്ത്യൻ താരങ്ങളിലൊരാളാണ് ഈ ഹരിയാനക്കാരൻ. 2015 മേയിൽ ഫെഡറേഷൻ കപ്പിൽ 20.65 മീറ്റർ കണ്ടെത്തിയതോടെയാണ് ഇന്ദർജീത് സിങ് യോഗ്യത നേടിയത്. രണ്ടുതവണ ഒളിംപിക്സിൽ പങ്കെടുത്ത ഷോട്പുട്ട് താരം ശക്തി സിങ്ങിന്റെ സഹോദരൻ പ്രീതം സിങ്ങാണു പരിശീലകൻ.