കാറ്റുനിറച്ചൊരു പന്തുപോലെ തൃക്കരിപ്പൂർ

തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ പരിശീലിക്കുന്ന കുട്ടികൾ

തൃക്കരിപ്പൂർ (കാസർകോട്)∙ കാറ്റുനിറച്ച ഫുട്ബോളാണു തൃക്കരിപ്പൂർ. ഈസ്റ്റ് ബംഗാളിനെ നയിച്ച എം. സുരേഷ് മുതൽ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി താരമായ എം. മുഹമ്മദ് റാഫി വരെയുള്ളവരുടെ പാരമ്പര്യ വഴയിൽ കുതിച്ചു മുന്നേറുകയാണ് ഈ നാട്. ഫുട്ബോളിൽ മാത്രമല്ല കബഡി, ക്രിക്കറ്റ്, തായ്ക്വാണ്ടോ, നീന്തൽ, ടെന്നിക്കോയ്, ,െസപക്താക്രോ തുടങ്ങിയ ഇനങ്ങളിലും മുന്നേറ്റത്തിനു പിന്തുണയുമായി പഞ്ചായത്ത് രംഗത്തുണ്ട്. 

ഫുട്ബോളിലെ മുന്നേറ്റത്തിന്റെ ഫലമായി കേന്ദ്രപദ്ധതിയിൽപ്പെടുത്തി രണ്ടു കോടി രൂപ ചെലവിൽ ആധുനിക സ്റ്റേഡിയം നടക്കാവിൽ സ്ഥാപിച്ചു. 30 കോടി രൂപ ചെലവിൽ ഇൻഡോർ സ്റ്റേഡിയവും ഇതിനു സമീപം സ്ഥാപിക്കുന്നു. ഏക്കർ കണക്കിനു ഭൂമി വിട്ടുനൽകിയാണു പഞ്ചായത്ത് ഈ പദ്ധതികൾക്കു വഴിയൊരുക്കിയത്. രണ്ടു വർഷം മുൻപ് പൈക പദ്ധതിയിൽ നവീകരിച്ച ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയം പ്രവൃത്തിയിലും പഞ്ചായത്തിന്റെ ഫണ്ടുണ്ട്. 

ഒട്ടേറെ ഫുട്ബോൾ പരിശീലനക്കളരികൾ തൃക്കരിപ്പൂരിലുണ്ട്. നൂറുകണക്കിനു കുട്ടികൾ ഈ അക്കാദമികളിൽ പരിശീലിക്കുന്നു. ഫുട്ബോൾ, കബഡി, ക്രിക്കറ്റ് എന്നിവയിൽ സ്വന്തം ടീമുകളെ ഉണ്ടാക്കി മൽസരത്തിനയക്കുന്നതിനു പഞ്ചായത്ത് പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിനു കീഴിൽ നീന്തൽ പരിശീലനവും നടത്തുന്നു.