ബോളിവുഡിലെയും കോളിവുഡിലെയും താരരാജാക്കന്മാർ മുന്നിൽ വന്നു നിൽക്കുകയാണ്, ബിടൗണിലെ എവർഗ്രീൻ സ്റ്റാർ കജോൾ പിന്നൊന്നും നോക്കാൻ നിന്നില്ല അസ്സലൊരു ഫോട്ടോ തന്നെ അങ്ങെടുത്തു. ഉലകനായകൻ കമൽ ഹാസ്സനും ബിഗ്ബി അമിതാഭ് ബച്ചനുമൊപ്പമായിരുന്നു കജോളിന്റെ ആ അവിസ്മരണീയ ക്ലിക്ക്. സംഗതി എന്തായാലും ഇത്രയും കിടിലനായൊരു ഫോട്ടോ കയ്യിലിരിക്കുമ്പോൾ അത് ആരാധകർക്കായി പങ്കുവെക്കാതിരിക്കുന്നതെങ്ങനെ..? കജോൾ നിറഞ്ഞ സന്തോഷത്തോടെ പങ്കുവെക്കുക തന്നെ ചെയ്തു, പക്ഷേ ചിത്രത്തിനു കൊടുത്ത കാപ്ഷന്റെ പേരിൽ താരത്തെ ട്രോളിക്കൊല്ലുകയാണ് ആരാധകർ.
രണ്ടുപേർക്കും നടുവിൽ ആഹ്ലാദത്തോടെ നില്‍ക്കുന്ന ചിത്രത്തിന് 'രണ്ട് അതികായർക്കൊപ്പമുള്ള സെൽഫി ൈടം' എന്നായിരുന്നു താരം കാപ്ഷൻ നൽകിയത്. അതിലെന്താണിത്ര പ്രശ്നം എന്നാകും കരുതുന്നതല്ലേ? മറ്റൊന്നുമല്ല, അതൊരു സെൽഫിയായിരുന്നില്ല, മറിച്ച് തികച്ചും ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. പിന്നീടങ്ങോട്ട് കജോളിന്റെ ട്വീറ്റിനു താഴെ റീട്വീറ്റുകളുടെ പൂരമായിരുന്നു. സെൽഫി എന്താണെന്ന് കജോളിന് അറിയില്ലേയെന്നും ഇതൊരു സെൽഫിയല്ല ഗ്രൂപ്പ് ഫോട്ടോയാണെന്നും ചിലർ പറഞ്ഞു. സെൽഫിയാണെങ്കിൽ സെൽഫി സ്റ്റിക്ക് കാണുന്നില്ലല്ലോയെന്നു ചിലർ ചോദിക്കുകയും ചെയ്തു.
എന്തായാലും ആ ഒരൊറ്റ ഫോട്ടോയോടെ സെൽഫി എന്താണെന്നും ഗ്രൂപ്പ് ഫോട്ടോ എന്താണെന്നും കജോളിനെ വ്യക്തമാക്കി പഠിപ്പിച്ചിരിക്കുകയാണ് ട്രോളന്മാർ. സിനിമാ ലോകത്തെ രണ്ട് അത്ഭുത പ്രതിഭാസങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെക്കാനുള്ള ആകാംക്ഷയിൽ താരത്തിന് അബദ്ധം പറ്റിയതാകുമെന്നു പറയുന്നവരുമുണ്ട്. ഇനിയിപ്പോൾ മിനിമം രണ്ടുവട്ടമെങ്കിലും കാപ്ഷൻ വായിച്ചു പിശകൊന്നും ഇല്ലെന്നു േബാധ്യം വന്നാലേ കജോൾ ചിത്രങ്ങൾ പങ്കുവെക്കൂയെന്നു രസകരമായി പറയുന്നവരും ഉണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam