ചൈനയിൽ നടന്ന മിസ് വേൾഡ് മൽസരത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഇന്ത്യക്കാരിയായ ഇരുപതുകാരി മാനുഷി ഛില്ലർ 2017ലെ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2000ത്തിൽ പ്രിയങ്ക ചോപ്രയ്ക്കു ശേഷം ഇന്ത്യയിലേക്ക് മിസ്‌വേൾഡ് പട്ടം എത്തിക്കുന്ന സുന്ദരിയാണ് മാനുഷി. 2016ലെ മിസ് വേൾഡ് ആയിരുന്ന പ്യൂട്ടോറിക്കോയുടെ സ്റ്റെഫാനി ഡെൽ വാലെയാണ് മാനുഷിയെ കിരീടം അണിയിച്ചത്. ഹെഡ് ടു ഹെഡ് ചാലഞ്ച്, ബ്യൂട്ടി വിത് എ പർപസ് എന്നീ ടൈറ്റിലുകളും മാനുഷി സ്വന്തമാക്കിയിരുന്നു. മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന 67ാമതു സുന്ദരിയാണ് മെഡിക്കൽ വിദ്യാർഥിയായ മാനുഷി.
1966ൽ ഇന്ത്യയിലേക്ക് ആദ്യമായി ലോകസുന്ദരിപ്പട്ടം സമ്മാനിച്ച റീത്ത ഫാരിയയും മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യയെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ച് മിസ് വേൾഡ് ടൈറ്റിൽ സ്വന്തമാക്കിയ മറ്റു സുന്ദരിമാർ ആരൊക്കെയെന്നു നോക്കാം.
1 റീത്ത ഫാരിയ( 1966)
1966ലാണ് ഇന്ത്യക്കാരിയായ റീത്ത ഫാരിയ പവൽ മിസ് വേള്‍ഡ് ടൈറ്റിൽ സ്വന്തമാക്കുന്നത്. അഭിമാനാർഹമായ ആ നേട്ടത്തിനുടമയാകുന്ന ആദ്യ ഏഷ്യൻ വനിതയുമായിരുന്നു റീത്ത. മുംബൈ സ്വദേശിയായിരുന്ന റീത്ത മെഡിക്കൽ വിദ്യാർഥിയായിരുന്നു. മിസ് വേൾഡ് സ്വന്തമാക്കിക്കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞപ്പോഴേക്കും റീത്ത മോഡലിങ്, അഭിനയ രംഗത്തു നിന്നു വിട്ടുനിൽക്കുകയും പൂർണമായും പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കുകയും ചെയ്തു. മെന്റർ കൂടിയായിരുന്ന േഡവിഡ് പവലിനെ വിവാഹം കഴിച്ച റീത്ത പിന്നീട് ഡബ്ളിനിലേക്കു ചേക്കേറുകയും അവിടെ മെഡിക്കൽ പ്രാക്റ്റീസ് ആരംഭിക്കുകയും ചെയ്തു.
2 ഐശ്വര്യ റായ് ബച്ചന്‍ (1994)
ഒട്ടേറെ സുന്ദരികൾ മിസ് വേൾഡ് പട്ടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഐശ്വര്യയോളം ആ പ്രശസ്തി ആസ്വദിച്ച മറ്റൊരു സുന്ദരിയുമുണ്ടാകില്ല. 1994ലാണ് ആഷ് ലോകസുന്ദരിയാകുന്നത്. തുടർന്ന് മോഡലിങ്– അഭിനയ മേഖലകളിൽ സജീവയായ ഐശ്വര്യ ഇന്ന് േബാളിവുഡിലെ മിന്നും താരമാണ്. ലോകം മുഴുവന്‍ ആരാധകരുള്ള ഐശ്വര്യ റായ് വിവാഹിതയായപ്പോഴും അഭിനയത്തോടു വിടപറഞ്ഞില്ല. നടന്‍ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭർത്താവ്, ആറുവയസ്സുകാരിയായ ആരാധ്യയാണ് മകൾ.
3 ഡയാന ഹെയ്ഡൻ (1997)
ഐശ്വര്യക്കു ശേഷം മൂന്നുവർഷം കഴിഞ്ഞാണ് മിസ് വേൾഡ് പട്ടം വീണ്ടും ഇന്ത്യയിൽ എത്തുന്നത് 1997ൽ ഡയാന ഹെയ്ഡൻ ആയിരുന്നു ആ നേട്ടത്തിന് അര്‍ഹയായത്. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയതിനു ശേഷം ഡയാന യുകെയിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിലേക്ക് അഭിനയം പഠിക്കാനായി ചേക്കേറി. മോഡലിങ്ങിനും അഭിനയത്തിനുമപ്പുറം എഴുത്തിലും ഡയാന കൈവച്ചിരുന്നു. 'എ ബ്യൂട്ടിഫുൾ ഗൈഡ്' എന്ന ഡയാനയുടെ പുസ്തകം വ്യക്തിത്വ വികസനത്തെയും ഗ്രൂമിങ്ങിനെയും പ്രതിപാദിക്കുന്നതായിരുന്നു.
4 യുക്താ മുഖി (1999)
വീണ്ടും രണ്ടുവർഷം കൂടി കഴിഞ്ഞപ്പോൾ ഒരിക്കൽക്കൂടി ഇന്ത്യ അഭിമാനത്തന്റെ കൊടുമുടിയേറി. 1999ൽ യുക്താ മുഖിയാണ് ഇന്ത്യക്കു വേണ്ടി മിസ്‌വേൾഡ് ടൈറ്റിൽ നേടിയത്. ലോകസുന്ദരിയാകുന്ന നാലാമത്തെ ഇന്ത്യക്കാരിയായിരുന്നു യുക്താ മുഖി. മോഡലിങ്ങിലും അഭിനയ രംഗത്തും സജീവമായി നിലനിന്ന യുക്താ മുഖി പിന്നീട് വിവാഹിതയാവുകയും രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു.
5 പ്രിയങ്ക ചോപ്ര (2000)
ബോളിവുഡിലും ഹോളിവുഡിലും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന നടി പ്രിയങ്ക ചോപ്രയുടെയും ഗ്ലാമർ ലോകത്തേക്കുള്ള പ്രവേശനം സൗന്ദര്യ മൽസര വേദികളിലൂടെയായിരുന്നു. 2000ത്തിലാണ് പ്രിയങ്ക മിസ് വൈൾഡ് ടൈറ്റിൽ സ്വന്തമാക്കിയത്. ഇപ്പോൾ ലോകസുന്ദരിയായ മാനുഷിക്കു തൊട്ടുമുമ്പായി ചരിത്രം ഇന്ത്യയെ രേഖപ്പെടുത്തിയത് പ്രിയങ്കയിലൂടെയായിരുന്നു. ഐശ്വര്യ റായിക്കു ശേഷം അഭിനയ ലോകത്ത് മിന്നിത്തിളങ്ങിയ മറ്റൊരു മിസ് വേൾഡ് കൂടിയാണ് പ്രിയങ്ക.
മാനുഷി ഛില്ലറിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam