പതിനേഴു വർഷത്തിനിപ്പുറം ഇന്ത്യയിലേക്ക് മറ്റൊരു സുന്ദരി കൂടി ലോകസുന്ദരിപ്പട്ടം സമ്മാനിച്ചിരിക്കുകയാണ്. ചൈനയിൽ നടന്ന മിസ് വേൾഡ് മൽസരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത് ഹരിയാന സ്വദേശിയായ മാനുഷി ഛില്ലറാണ്. സൗന്ദര്യവും അറിവും ഒപ്പത്തിനൊപ്പം മാറ്റുരച്ച വേദിയിൽ മാനുഷിക്കു വിജയം സമ്മാനിച്ച ആ ഉത്തരം ലോകമെമ്പാടുമുള്ള ഓരോ അമ്മമാർക്കുമുള്ള സമർപ്പണമാണ്.
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ എന്ന ചോദ്യത്തിനായിരുന്നു മാനുഷി തെല്ലും ആലോചിക്കാതെ സ്വന്തം ജീവിതത്തിൽ നിന്നുള്ള ഉത്തരം സമ്മാനിച്ചത്. ഏറ്റവും ലളിതവും അതിലുപരി അർഥവ്യാപ്തിയും ഉൾക്കൊണ്ട ആ ഉത്തരം ‘അമ്മ’ എന്നായിരുന്നു. ‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– ഇതായിരുന്നു മാനുഷിയുടെ മറുപടി.
മാനുഷിയുടെ ഉത്തരം കേട്ടതോടെ വിജയിയുടെ കാര്യത്തിൽ വിധികർത്താക്കൾ ഉറപ്പിലെത്തിയിരുന്നു. 1966ൽ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. അതിനു ശേഷം ഐശ്വര്യ റായ്(1994), ഡയാന ഹെയ്ഡൻ(1997), യുക്താമുഖി (1999), പ്രിയങ്ക ചോപ്ര(2000) എന്നിവർ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചു.
അറുപത്തിയേഴാമത് മിസ് വേൾഡ് കിരീടമാണ് മാനുഷി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. ഡോക്ടർമാരായ മാതാപിതാക്കളെക്കൂടി സാക്ഷിയാക്കിയാണ് ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയായ മാനുഷി ജീവിതത്തിലെ സുവർണ നേട്ടം സ്വന്തമാക്കിയത്.
മാനുഷി ഛില്ലറിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam