ഇന്ത്യൻ സൗന്ദര്യ സങ്കൽപങ്ങൾ വിദേശ റാംപുകളിൽ പ്രദർശിപ്പിക്കാൻ ഷിയാസ് കരിം ബൾഗേറിയയിലേക്കു പറന്നു. ബൾഗേറിയയിൽ നടക്കുന്ന ലോക ബ്യൂട്ടി പേജന്റ് മൽസരത്തിൽ ആദ്യമായാണ് ഒരു മലയാളി മൽസരിക്കുന്നത്. വല്ലം ചിറ്റാട്ടുകുന്നേൽ കുടുംബാംഗമായ ഷിയാസ് കരിം (27) മോഡലിങ് കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് മൽസരത്തിനു പോകുന്നത്.
എട്ടു വർഷമായി മോഡലിങ് രംഗത്തുള്ള ഷിയാസ് ബെംഗളൂരുവിൽ നടന്ന ക്യാംപിലാണു തിരഞ്ഞെടുക്കപ്പെട്ടത്. ശരീര സൗന്ദര്യ മൽസരത്തിനു പുറമേ, നൃത്തം അടക്കമുള്ള കഴിവുകൾ തെളിയിക്കേണ്ട മൽസരമാണിത്. കായികാഭിരുചി, ക്യാമറയ്ക്ക് അനുയോജ്യമായ മുഖ സൗന്ദര്യം, അഭിമുഖം, ഫാഷൻ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ, ദേശീയ വസ്ത്രധാരണം, പ്രതിഭ പ്രകടനം തുടങ്ങിയവ വിലയിരുത്തും.
ഓൺലൈൻ വോട്ടും മൽസരത്തിൽ പങ്കെടുക്കുന്ന മറ്റു രാജ്യക്കാരുടെ വോട്ടും കണക്കിലെടുക്കും. പത്തു വിഭാഗങ്ങളിലെ മൽസരത്തിൽ ലഭിക്കുന്ന മാർക്ക്, മൽസരത്തിൽ പങ്കെടുക്കുന്നതിന് ഓരോ രാജ്യങ്ങൾ നൽകുന്ന മാർക്ക്, വിധികർത്താക്കൾ നൽകുന്ന മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാവും വിജയിയെ തിരഞ്ഞെടുക്കുന്നത്.
പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക മൽസരങ്ങളുണ്ട്. ജൂലൈ ഒന്നു വരെയാണു മൽസരം. ക്യാപ്റ്റൻ, വീരം എന്നീ സിനിമകളിൽ ഷിയാസ് അഭിനയിച്ചിട്ടുണ്ട്.